ആ അപകടം ആസൂത്രിതം; കൊലപാതകത്തിന് കാരണം മുസ്‍ലിം വിദ്വേഷം
അപകടമുണ്ടാകുമ്പോള്‍ ഇയാള്‍ സംരക്ഷണ കവചം ധരിച്ചിരുന്നു എന്നതാണ് സംശയത്തിന് ഇടയാക്കിയത്.
കാനഡയില്‍ മുസ്‍ലിം കുടുംബത്തിലെ നാലുപേരെ ട്രക്ക് ഇടിച്ച് കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന് പോലീസ്. കാനഡയിലെ ഒന്‍റാരിയോ പ്രവിശ്യയുടെ തെക്ക് ഭാഗത്താണ് ഒരു കുടുംബത്തിലെ നാലു പേര്‍ കഴിഞ്ഞ ദിവസം പിക്ക് അപ് ട്രക്ക് ഇടിച്ച് മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം നടന്നത്.
20 വയസ്സുള്ള ഒരു യുവാവാണ് വാഹനം ഓടിച്ചിരുന്നത്. അപകടമുണ്ടാകുമ്പോള്‍ ഇയാള്‍ സംരക്ഷണ കവചം ധരിച്ചിരുന്നു എന്നതാണ് സംശയത്തിന് ഇടയാക്കിയത്. ഇടിയുടെ ആഘാതം ഏല്‍ക്കാതിരിക്കാനായിരുന്നു ഇത്. അക്രമിയെ പിന്നീട് അപകടമുണ്ടായതിന് ഏഴ് കിലോമീറ്റര്‍ അകലെയുള്ള ഒരു മാളില്‍വെച്ച് പോലീസ് പിടികൂടിയെന്നും ഡിറ്റക്ടീവ് സൂപ്രണ്ട് പോള്‍ വൈറ്റ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 20കാരനായ നഥാനിയേല്‍ വെല്‍റ്റ്മാനാണ് പ്രതി.
അപകടം ആസൂത്രിതവും മുന്‍കൂട്ടി തീരുമാനിച്ചതുമായിരുന്നു എന്നതിന് തെളിവുകളുണ്ട്. വെറുപ്പും വിദ്വേഷവുമാണ് അക്രമത്തിന് കാരണവും പ്രേരണയും. മുസ്‍ലിം കുടുംബം ആയതുകൊണ്ടാണ് അവര്‍ക്കെതിരെ അക്രമമുണ്ടായത് എന്നാണ് വ്യക്തമാകുന്നതെന്നും ഡിറ്റക്ടീവ് സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു. ഇത് മുസ്‍ലിംകള്‍ക്കെതിരെ മാത്രമല്ല ലണ്ടനുകാര്‍ക്കെതിരെയും നടന്ന കൂട്ടക്കൊലയാണ്. പറഞ്ഞറിയിക്കാനാവാത്ത വിദ്വേഷം മാത്രമാണ് അതിന് കാരണമെന്നും ലണ്ടന്‍ മേയര്‍ അറിയിച്ചു.
കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങള്‍ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. 74ഉം 44 വയസ്സുള്ള രണ്ട് സ്ത്രീകളും 46 വയസ്സുള്ള ഒരു പുരുഷനും ഒരു 15കാരിയുമാണ് കൊല്ലപ്പെട്ടിട്ടുള്ളത്. ഒരു കൂടുംബത്തിലെ അംഗമാണ് കൊല്ലപ്പെട്ട 4 പേരും. ആക്രമണത്തില്‍ പരിക്കേറ്റ ഒമ്പത് വയസ്സുള്ള കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ റോഡരികിലൂടെ നടന്ന് പോകുമ്പോഴായിരുന്നു കറുപ്പ് നിറത്തിലുള്ള പിക്ക് അപ് ട്രക്ക് പാഞ്ഞെത്തിയത്.