'പരിശീലനത്തിനു പോലും പോകാൻ സാധിക്കുന്നില്ല'; ശ്രീലങ്കയിലെ ഇന്ധനക്ഷാമത്തിൽ ക്രിക്കറ്റ് താരം ചാമിക കരുണരത്‌നെ

''പതിനായിരം രൂപക്ക് പെട്രോളടിച്ചാൽ രണ്ടോ മൂന്നോ ദിവസം മാത്രമേ സഞ്ചരിക്കാനാവൂ''

Update: 2022-07-16 07:58 GMT
Advertising

കൊളംബോ: ശ്രീലങ്കയിൽ ഇന്ധന പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. ദിവസങ്ങളോളം ക്യൂവിൽ നിന്നാണ് പലർക്കും ഇന്ധനം ലഭിക്കുന്നത്. ശ്രീലങ്കയിൽ നേരിടുന്ന ഇന്ധന പ്രതിസന്ധിയിൽ പ്രതികരണവുമായി രംഗത്തു വന്നിരിക്കുകയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് താരം ചാമിക കരുണരത്‌നെ. രണ്ടു ദിവസം ക്യൂവിൽ നിന്ന ശേഷമാണ് കരുണരത്‌നെക്ക് ഇന്ധനം ലഭിച്ചത്.

''രണ്ടു ദിവസമായി ക്യൂവിൽ നിൽക്കുകയാണ്. ഇന്ന് ഭാഗ്യത്തിന് ലഭിച്ചു. പതിനായിരം രൂപക്ക് പെട്രോളടിച്ചാൽ രണ്ടോ മൂന്നോ ദിവസം മാത്രമേ സഞ്ചരിക്കാനാവൂ... പരിശീലനത്തിനു പോലും ഇറങ്ങാൻ സാധിക്കുന്നില്ല''- എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

ഏഷ്യാകപ്പിന് പുറമെ ശ്രീലങ്കൻ പ്രീമിയർ ലീഗും ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. അതിനാൽ കൊളംബോയിലും വിവിധയിടങ്ങളിലും പരിശീലനത്തിനായി പോകേണ്ടതും ക്ലബ്ബ് സീസണുകളിൽ പങ്കെടുക്കേണ്ടതുമുണ്ട്. എന്നാൽ ഇവിടെ നേരിടുന്ന ഇന്ധനക്ഷാമത്തിൽ മുന്നോട്ടുള്ള കാര്യങ്ങൾ എങ്ങനെ നടക്കുമെന്ന് തനിക്കറിയില്ലെന്ന് കരുണരത്‌നെ പ്രതികരിച്ചു.

ഈ വർഷത്തെ ഏഷ്യ കപ്പിന് ശ്രീലങ്ക ആതിഥേയത്വം വഹിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും ഇന്ധനക്ഷാമവും വലിയ വെല്ലുവിളിയുയർത്തുമെന്നതിൽ സംശയമില്ല. ഇക്കാര്യത്തിൽ എന്ത് സംഭവിക്കുമെന്നതിനെകുറിച്ച് തനിക്ക് തന്നെ നിശ്ചയമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഏഷ്യാ കപ്പിന് താനും തന്റെ ടീമും പൂർണമായും തയ്യാറെടുത്തെന്നും എങ്കിലും ഇന്ധന പ്രതിസന്ധിയിൽ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ രാജ്യത്ത് തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിയെ കുറിച്ചും കരുണരത്‌നെ പ്രതികരിച്ചു. അനിയോജ്യരായ ആളുകൾ വരുമ്പോൾ രാജ്യത്തിന് അത് ഗുണം ചെയ്യും. ശരിയായ വ്യക്തിയെ തെരഞ്ഞെടുക്കണം. അതിനായി അന്താരാഷ്ട്ര പിന്തുണ തേടാമെന്നും കരുണരത്‌നെ കൂട്ടിച്ചേർത്തു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News