47 വർഷമായി ഒരേ സ്ഥലത്ത് പാര്‍ക്കിംഗ്; അവസാനം സ്മാരകമായി മാറിയ കാറിന് പിന്നില്‍...

ഇറ്റലിയിലെ ഒരു തെരുവിലെ വീടിനു മുന്നിലാണ് കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത്

Update: 2021-11-04 07:09 GMT
Editor : Jaisy Thomas | By : Web Desk
Advertising

വീട്ടില്‍ ഒരു കാര്‍ ഷെഡ് ഉണ്ടെങ്കില്‍ പോലും പലപ്പോഴും അവിടെ പാര്‍ക്ക് ചെയ്യണമെന്നില്ല. ചിലപ്പോള്‍ ഒന്ന് അങ്ങോട്ടൊ, ഇങ്ങോട്ടോ മാറ്റിയിട്ടേക്കാം. എന്നാല്‍ കഴിഞ്ഞ 47 വര്‍ഷമായി ഒരേ സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്താലോ? അതിശയം തോന്നുന്നുവല്ലേ? പ്രദേശവാസികളുടെയും ടൂറിസ്റ്റുകളുടെയും ശ്രദ്ധ കവര്‍ന്ന ആ കവര്‍  ഇപ്പോള്‍ ഒരു സ്മാരകമാക്കാനൊരുങ്ങുകയാണ് അധികൃതര്‍.



ഇറ്റലിയിലെ ഒരു തെരുവിലെ വീടിനു മുന്നിലാണ് കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത്. ന്യൂസ് ഏജന്‍റായി ജോലി ചെയ്തിരുന്ന ആഞ്ചലോ ഫ്രിഗോലെന്‍റ് എന്ന 94കാരന്‍റെതാണ് ഈ വാഹനം. 1962 മോഡലായ ലാൻസിയ ഫുൾവിയ എന്ന കാര്‍ വർഷങ്ങളോളം ആഞ്ചലോയും ഭാര്യ ബെർട്ടില്ല മൊഡോളോയും തങ്ങളുടെ പത്രക്കെട്ടുകൾ സൂക്ഷിക്കുന്നതിനായാണ് ഉപയോഗിച്ചിരുന്നത്. ന്യൂസ് ഏജന്‍റായി ജോലി ചെയ്തിരുന്നതിനാൽ അതിരാവിലെ എത്തുന്ന പത്രക്കെട്ടുകൾ കാറിന്‍റെ ഡിക്കിയിലാണ് ഇവർ സൂക്ഷിച്ചിരുന്നത്. പിന്നീട് ഇവ എടുത്ത് ഇരുവരും ചേർന്ന് വിതരണം ചെയ്യും. എന്നാൽ ജോലിയിൽ നിന്ന് വിരമിച്ച് വിശ്രമജീവിതം ആരംഭിച്ചപ്പോഴും ദമ്പതികള്‍ കാര്‍ അവിടെ നിന്നും എടുത്ത് മാറ്റാൻ തയ്യാറായില്ല. അവസാനം കാര്‍ കാഴ്ചക്കാര്‍ക്ക് ഒരു കൌതുകമായി മാറുകയായിരുന്നു. കാര്‍ കാണാനും ഫോട്ടോ എടുക്കാനുമായി നിരവധി വിനോദസഞ്ചാരികളാണ് ഇവിടെയെത്തുന്നത്. ''ഞാൻ സ്കൂളിൽ പോകുന്നതു മുതൽ കാർ അവിടെ പാർക്ക് ചെയ്തിട്ടുണ്ട്'' 42കാരനായ ലൂസ സായ പറയുന്നു.



കാര്‍ പോപ്പുലറായപ്പോള്‍ അധികൃതരുടെ സഹായത്തോടെ വാഹനം അവിടെ നിന്നും എടുത്ത് ക്ലാസിക് കാറുകൾ പ്രദർശിപ്പിക്കുന്ന ഒരു മോട്ടോർ ഷോയിലേക്ക് മാറ്റിയിരിക്കുകയാണ്. കേടുപാടുകൾ പരിശോധിച്ച് നന്നാക്കി കാർ ആഞ്ചലോയുടെയും ബെർട്ടില്ലയുടെയും വീടിന് അടുത്തുള്ള ഒരു പ്രാദേശിക സ്കൂളിന് പുറത്ത് സ്മാരകമായി സ്ഥാപിക്കാനാണ് അധികൃതരുടെ തീരുമാനം.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News