ഇസ്രായേലിനെ കാത്തിരിക്കുന്നത് വെല്ലുവിളി നിറഞ്ഞ ദിനങ്ങൾ; ഹിസ്ബുല്ലക്ക് മുന്നിൽ ഇനിയെന്ത്?
ലോകത്തിലെ ഏറ്റവും വലിയ സർക്കാരിതര സായുധ ശക്തികളിലൊന്നാണ് ഹിസ്ബുല്ല
ഹസൻ നസ്റുല്ല കൊല്ലപ്പെട്ടതോടെ ആരാകും ഹിസ്ബുല്ലയുടെ അടുത്ത സെക്രട്ടറി ജനറൽ എന്ന ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞു. 32 വർഷമാണ് നസ്റുല്ല പ്രസ്ഥാനത്തെ നയിച്ചത്. ഈ കാലയളവിൽ രാഷ്ട്രീയമായും സൈനികമായും ഹിസ്ബുല്ല ഏറെ വളർന്നു. അതിനാൽ തന്നെ നസ്റുല്ലയുടെ വിയോഗം വലിയ വിടവാണ് തീർക്കുന്നത്.
നസ്റുല്ലയുടെ ബന്ധുവായ ഹാഷിം സഫീദ്ദീൻ അദ്ദേഹത്തിന്റെ പിൻഗാമിയാകുമെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്. നിലവിൽ എക്സിക്യൂട്ടിവ് കൗൺസിൽ തലവനായ ഇദ്ദേഹം ഹിസ്ബുല്ലയുടെ രാഷ്ട്രീയ കാര്യങ്ങളുടെ മേൽനോട്ടം വഹിക്കുന്നുണ്ട്. ഗ്രൂപ്പിന്റെ സൈനിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ജിഹാദ് കൗൺസിൽ അംഗം കൂടിയാണ്.
ഒക്ടോബർ ഏഴിന് ശേഷം നിരവധി ഹിസ്ബുല്ല കമാൻഡർമാരാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നസ്റുല്ലയെ വധിക്കുമെന്ന് ഇസ്രായേൽ ഭീഷണി മുഴക്കാറുണ്ടെങ്കിലും അത് ഇത്ര പെട്ടെന്ന് സംഭവിക്കുമെന്ന് ഭൂരിഭാഗം പേരും ചിന്തിച്ചിട്ടുണ്ടാകില്ലെന്ന് അൽ ജസീറയുടെ ബെയ്റൂത്തിലെ റിപ്പോർട്ടർ അലി ഹാഷിം പറയുന്നു. നസ്റുല്ലക്ക് ഒരു പ്രഭാവലയവും വലിയ സ്വാധീനവുമുണ്ടായിരുന്നു. അദ്ദേഹം തെരുവിലിറങ്ങാൻ പറഞ്ഞാൽ ജനം അക്ഷരംപ്രതി അനുസരിക്കും. ഇതിനെല്ലാം ഇനി വലിയ മാറ്റമുണ്ടാകാൻ പോവുകയാണ്. പുതിയ നേതൃത്വം ഉയർന്നുവരുമെങ്കിലും പുതിയ കമാൻഡർമാരെ പ്രഖ്യാപിക്കാൻ സാധ്യതയില്ല. ഇത് സംഘടനയെ സംബന്ധിച്ച് ബുദ്ധിമുട്ടാണെങ്കിലും ആരാണ് നയിക്കുന്നതെന്ന് ഇസ്രായേലിന് മനസ്സിലാക്കാൻ സാധിക്കില്ലെന്നും അലിം ഹാഷിം പറയുന്നു.
ഹസൻ നസ്റുല്ലയുടെ മരണവിവരമറിഞ്ഞ് സ്ത്രീകളടക്കമുള്ളവർ റോഡിൽ കിടന്ന് വിലപിക്കുന്നതിന്റെ വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ജനങ്ങൾക്കിടയിൽ അദ്ദേഹത്തിന് എത്രത്തോളം സ്വാധീനമുണ്ടായിരുന്നുവെന്ന് ഈ ദൃശ്യങ്ങൾ പറയും.
നസ്റുല്ലയുടെ കൊലപാതകത്തെ വലിയ നേട്ടമായിട്ടാണ് ഇസ്രായേൽ വിലയിരുത്തുന്നത്. ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിവിധിയാണെന്നാണ് ഹസൻ നസ്റുല്ലയുടെ മരണത്തെ ഇസ്രായേലി പ്രതിരോധ മന്ത്രി യോവ് ഗാലന്റ് വിശേഷിപ്പിച്ചത്. ഇസ്രായേലിനെതിരെ യുദ്ധം തുടങ്ങുകയും അവിടത്തെ ജനങ്ങളെ ഉപദ്രവിക്കുകയും ചെയ്യുന്നവർ വലിയ വില നൽകേണ്ടി വരും. ഇന്നും ഞങ്ങൾ അത് അവസാനിപ്പിക്കുന്നില്ലെന്നും ഗാലന്റ് വ്യക്തമാക്കി.
ഹസൻ നസ്റുല്ല ഇസ്രായേലിന്റെ എക്കാലത്തെയും വലിയ ശത്രുവായിരുന്നുവെന്ന് ഇസ്രായേലി സൈനിക വക്താവ് ഡാനിയൽ ഹഗേരി പറഞ്ഞു. നസ്റുല്ലയുടെ മരണത്തോടെ ലോകം കൂടുതൽ സുരക്ഷിതമായി. ഹിസ്ബുല്ലയുടെ മറ്റു നേതാക്കളെ ആക്രമിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വെല്ലുവിളി നിറഞ്ഞ ദിവസങ്ങളാണ് കാത്തിരിക്കുന്നതെന്ന് ഇസ്രായേലി സൈനിക മേധാവി ഹെർസി ഹലേവി പറഞ്ഞു. ഹിസ്ബുല്ലയെയും മറ്റു പോരാളി സംഘങ്ങളെയും തകർക്കുന്നത് വരെ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, ഹിസ്ബുല്ലയെ സൈനികമായി പരാജയപ്പെടുത്താനുള്ള ശക്തി ഇസ്രായേലിനില്ലെന്ന് തെഹ്റാൻ സർവകലാശാലയിലെ മുഹമ്മദ് മറാന്തി അൽ ജസീറയോട് പറഞ്ഞു. ഹിസ്ബുല്ലക്ക് രാജ്യത്തുടനീളമായി ആയിരത്തോളം കിലോമീറ്റർ നീളമുള്ള ടണലുകളുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അവരുടെ അടിസ്ഥാന സൗകര്യങ്ങൾ സുരക്ഷിതമാണ്, സൈന്യവും സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നസ്റുല്ലയുടെ മരണത്തോടെ വലിയ പ്രത്യാക്രമണം ഇസ്രായേൽ പ്രതീക്ഷിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സർക്കാരിതര സായുധ ശക്തിയായിട്ടാണ് ഹിസ്ബുല്ല അറിയപ്പെടുന്നത്. ഒരു ലക്ഷത്തോളം സായുധ പോരാളികൾ ഇവർക്കുണ്ട്. അതിനൂതനമായ ആയുധങ്ങൾ ഹിസ്ബുല്ലയുടെ കൈവശമുണ്ട്. കൂടാതെ ഇറാന്റെ പിന്തുണയും ഹിസ്ബുല്ലക്ക് കരുത്ത് പകരുന്നു.
ഒക്ടോബർ ഏഴിന് ശേഷം ഡ്രോണുകൾ ഉപയോഗിച്ച് നിരവധി തവണ വടക്കൻ ഇസ്രായേലിൽ ഹിസ്ബുല്ല ആക്രമണം നടത്തിയിരുന്നു. 1.30 ലക്ഷം റോക്കറ്റുകളും മിസൈലുകളും ഹിസ്ബുല്ലയുടെ ആയുധശേഖരത്തിലുണ്ടെന്നാണ് റിപ്പോർട്ട്. 40 കിലോമീറ്റർ മുതൽ 200 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാനും 600 കിലോഗ്രാം വരുന്ന സ്ഫോടനവസ്തുക്കൾ വഹിക്കാനും കഴിയുന്ന റോക്കറ്റുകളാണിവ.
കഴിഞ്ഞ ബുധനാഴ്ച തെൽ അവീവിന് സമീപത്തെ മൊസാദിന്റെ ആസ്ഥാനം ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചാണ് ഇസ്രായേൽ ആക്രമിച്ചത്. തങ്ങളുടെ നേതാവ് കൊല്ലപ്പെട്ടാലും ഗസ്സക്കുള്ള പിന്തുണ തുടരുമെന്ന് ഹിസ്ബുല്ല വ്യക്തമാക്കിയിട്ടുണ്ട്.