'ടാങ്കറുകൾ അയക്കേണ്ടി വന്നില്ല'; തുർക്കി ഭൂകമ്പത്തെ പരിഹസിച്ച് ഷാർലി ഹെബ്ദോയുടെ കാർട്ടൂൺ, രൂക്ഷ വിമര്‍ശനം
'ഇസ്ലാമോഫോബിയയാണ് ഈ പത്രത്തിന്റെ ഏക വരുമാന മാർഗ്ഗം. വസ്തുതാപരമായി എന്തെങ്കിലും അച്ചടിക്കാന്‍ തുടങ്ങിയാല്‍ അന്ന് മാഗസിന്‍ ഇല്ലാതാകും'...ഒരാള്‍ കമന്‍റ് ചെയ്തു
അങ്കാറ: തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പങ്ങളെ പരിഹസിക്കുന്ന കാർട്ടൂൺ പ്രസിദ്ധീകരിച്ച കുപ്രസിദ്ധ ഫ്രഞ്ച് ആക്ഷേപഹാസ്യ മാസികയായ ഷാർലി ഹെബ്ദോക്കെതിരെ രൂക്ഷ വിമർശനം. മാസികയുടെ ട്വിറ്റർ അക്കൗണ്ടിലായിരുന്നു ഭൂകമ്പത്തിൽ തകർന്ന കെട്ടിടങ്ങളുടെയും മറിഞ്ഞുകിടക്കുന്ന കാറും മറ്റ് അവശിഷ്ടങ്ങളുടെ കൂമ്പാരവുമടങ്ങിയ കാർട്ടൂൺ പങ്കുവെച്ചത്. 'ടാങ്കറുകൾ അയക്കേണ്ടി വന്നില്ല' എന്ന അടിക്കുറിപ്പോടെയായിരുന്നു കാർട്ടൂൺ പങ്കുവെച്ചത്.
ആയിരക്കണക്കിന് ആളുകളുടെ ജീവൻ അപഹരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ദുരന്തത്തെ പരിഹസിച്ചതിനെതിരെ സോഷ്യൽ മീഡിയയിലും വൻ പ്രതിഷേധമുയർന്നു. ഈ കാർട്ടൂൺ വിവേചന രഹിതവും ഇരുണ്ട തമാശയടങ്ങിയതും പരിധിക്കപ്പുറം പോയെന്നും സോഷ്യൽമീഡിയ വിമർശിച്ചു.
'ഷാർലി ഹെബ്ദോ ആരെയും ചിരിപ്പിക്കാൻ ഉദ്ദേശിച്ചല്ല കാർട്ടൂൺ പങ്കുവെച്ചത്... ഭയാനകമായ സാഹചര്യങ്ങളിൽ വിജയം കണ്ടെത്തി വിദ്വേഷം ഉണർത്താൻ മാത്രമാണ് ഇത് ഉദ്ദേശിച്ചതെന്നും' ചിലർ കുറ്റപ്പെടുത്തി.
ഇസ്ലാമിക ഗവേഷണ സ്ഥാപനമായ യാഖീൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രമുഖ ഇമാം ഒമർ സുലൈമാനും കാർട്ടൂണിനെതിരെ രംഗത്തെത്തി. 'ടാങ്കുകൾ ഇനി ആവശ്യമില്ലെന്ന് അവർ ആഘോഷിക്കുന്നു. എത്ര നിന്ദ്യമായ പ്രസിദ്ധീകരണമാണിത്. ആയിരക്കണക്കിന് മുസ്ലിങ്ങളുടെ മരണത്തെ ഫ്രാൻസ് പരിഹസിക്കുകയാണ്. അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
'5,000-ത്തിലധികം ആളുകൾ മരിച്ചു. അവശിഷ്ടങ്ങൾക്കടിയിൽ തണുത്തുറഞ്ഞ് കാത്തിരിക്കുന്ന നിരവധി പേർ. ആയിരക്കണക്കിന് ആളുകൾ ഇപ്പോഴും അവരുടെ കുടുംബത്തെയും സുഹൃത്തുക്കളെയും തിരയുന്നു. ഇതാണോ തമാശ? കല? ഇതാണോ മനുഷ്യത്വം? ഒരാളുടെ കമന്‍റ് ഇങ്ങനെയായിരുന്നു.
അതേസമയം, ഷാർലി ഹെബ്ദോയെ പരിഹസിച്ചും നിരവധി കാർട്ടൂണുകൾ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടു. ടോയ്‌ലെറ്റ് പേപ്പറിന്റെ നിലവാരമേ മാഗസിനൊള്ളൂ എന്ന് കാണിക്കുന്ന നിരവധി ചിത്രങ്ങൾ ഷാർലി ഹെബ്ദോയുടെ പോസ്റ്റിന് താഴെ ആളുകൾ കമന്റ് ചെയ്തു.
നേരത്തെ മുഹമ്മദ് നബിയെ അവഹേളിക്കുന്ന തരത്തിൽ കാർട്ടൂണുകൾ പ്രസിദ്ധീകരിച്ചതിനെ തുടർന്ന് വിവാദത്തിൽപ്പെട്ട മാസികയാണ് ഷാർലി എബ്ദോ. അതേ മാതൃകയാണ് ഇപ്പോഴും പിന്തുടർന്നതെന്നും ചിലർ വിമർശിച്ചു.
'അവശിഷ്ടങ്ങൾക്കടിയിൽ ഇപ്പോഴും കുഞ്ഞുങ്ങൾ സഹായത്തിനായി കാത്തിരിക്കുമ്പോൾ ഇങ്ങനെയൊക്കെ ചിന്തിക്കണമെങ്കിൽ നിങ്ങൾക്ക് ശരിക്കും കുറച്ച് ധൈര്യമുണ്ടായിരിക്കണം,മറ്റൊരാൾ കമന്റ് ചെയ്തു. തുർക്കി പ്രസിഡന്റിന്റെ വക്താവ് ഇബ്രാഹിം കാലിൻ പോലുള്ള രാഷ്ട്രീയനേതാക്കളും കാർട്ടൂണിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
'ഇസ്ലാമോഫോബിയയാണ് ഈ പത്രത്തിന്റെ ഏക വരുമാന മാർഗ്ഗം. വസ്തുതാപരമായി എന്തെങ്കിലും അച്ചടിക്കാന്‍ തുടങ്ങിയാല്‍ ഈ മാഗസിന്‍ ഇല്ലാതാകും. തെരുവ് യാചകരുടെ വരുമാനം ഈ പത്രത്തേക്കാൾ വൃത്തിയുള്ളതാണ്. '..ഒരു ട്വിറ്റര്‍ ഉപയോക്താവ് കമന്‍റ് ചെയ്തു.
തിങ്കളാഴ്ച പുലർച്ചെ, 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തുർക്കിയിലെ പലനഗരങ്ങളിലുമുണ്ടായത്. ഒമ്പത് മണിക്കൂറിന് ശേഷം, അതേ പ്രദേശത്ത് 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. തുർക്കിയിലെ 10 പ്രവിശ്യകളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 8000 കവിഞ്ഞെന്നാണ് റിപ്പോർട്ട്. സിറിയയും ലെബനനും ഉൾപ്പെടെ മേഖലയിലെ പല രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. സിറിയയിലും ആയിരങ്ങൾ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മരണസംഖ്യ എട്ടുമടങ്ങ് വർധിക്കുമെന്നാണ് ലോകാരോഗ്യ സംഘടന നൽകുന്ന മുന്നറിയിപ്പ്.