ഗസ്സയിലെ കുട്ടികൾ വെള്ളത്തിനും ഭക്ഷണത്തിനുമായി കാത്തിരിക്കുന്നത് എട്ട് മണിക്കൂർ
ഗുരുതര ചർമ്മ രോഗങ്ങളും കുട്ടികളെ ബാധിക്കുന്നു
ഗസ്സ സിറ്റി: ഇസ്രായേലിന്റെ ആക്രമണവും ഉപരോധവും തുടരുന്ന ഗസ്സയിൽ ഭക്ഷണത്തിനും വെള്ളത്തിനുമായി കുട്ടികൾ ആറ് മുതൽ എട്ട് മണിക്കൂർ വരെ കാത്തിരിക്കേണ്ടി വരുന്നതായി ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ ഏജൻസി യു.എൻ.ആർ.ഡബ്ല്യു.എ റിപ്പോർട്ട് ചെയ്യുന്നു. പലപ്പോഴും ഭാരം വഹിച്ച് ഇവർ ദീർഘദൂരം നടക്കാൻ വിധേയരാവുകയാണ്. ശുചിത്വത്തിലും അടിസ്ഥാന സൗകര്യങ്ങളിലും ഗുരുതര വിട്ടുവീഴ്ചയുണ്ടായിട്ടുണ്ട്. ഇത് ആയിരക്കണക്കിന് കുടുംബങ്ങളെ കടൽ വെള്ളം കൊണ്ട് കഴുകാനും വൃത്തിയാക്കാനും ഉപയോഗിക്കുന്നതിന് പുറമെ കുടിക്കാൻ വരെ പ്രേരിപ്പിക്കുന്നതായും ഏജൻസി ചൂണ്ടിക്കാട്ടി.
ഗസ്സയിലെ കുട്ടികൾ പോഷകാഹാരക്കുറവ് അടക്കമുള്ള ദുരിതത്തിലൂടെയാണ് കടന്നുപോകുന്നത്. നിരവധി പേരാണ് ഭക്ഷണം ലഭിക്കാതെ മരിച്ചുവീഴുന്നത്. ഇതിന് പുറമെ ഗുരുതര ചർമ്മ രോഗങ്ങളും കുട്ടികളെയടക്കം ബാധിക്കുന്നതായും റിപ്പോർട്ടുണ്ട്.
ഇസ്രായേലിന്റെ വംശഹത്യാ യുദ്ധം 275 ദിവസം പിന്നിടുമ്പോൾ 38,153 പേരാണ് ഇതുവരെ ഗസ്സയിൽ കൊല്ലപ്പെട്ടത്. 87,828 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ കൂടുതൽ കുട്ടികളും സ്ത്രീകളുമാണ്.
ആയിരക്കണക്കിനു കുട്ടികള്‍ ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് യുനൈറ്റഡ് നാഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ട് (യൂനിസെഫ്) പറയുന്നു. ഒക്ടോബർ ഏഴിന് ആരംഭിച്ച ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിലും വെസ്റ്റ് ബാങ്കിലുമായി 8,672 വിദ്യാർഥികൾ കൊല്ലപ്പെട്ടതായി ഫലസ്തീൻ വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട കണക്കിൽ വ്യക്തമാക്കുന്നുണ്ട്. ഗസ്സയിൽ 14,089 വിദ്യാർഥികൾക്കും വെസ്റ്റ് ബാങ്കിൽ 494 വിദ്യാർഥികൾക്കും പരിക്കേറ്റതായും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 500ൽ താഴെ അധ്യാപകരും സ്‌കൂൾ അധികാരികളും കൊല്ലപ്പെട്ടിട്ടുണ്ട്. 3402 പേർക്ക് പരിക്കേറ്റു.
യുദ്ധം തുടങ്ങിയത് മുതൽ ഗസ്സയിലെ 620,000 വിദ്യാർഥികൾക്ക് സ്‌കൂൾ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. 39,000 ഫൈനൽ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾക്ക് പൊതുപരീക്ഷ എഴുതാൻ കഴിഞ്ഞിട്ടില്ല.
സെക്കൻഡറി ക്ലാസിലെ അവസാന വർഷ പരീക്ഷ എഴുതാൻ കഴിയാത്തത് കുട്ടികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. 353 പൊതുവിദ്യാലയങ്ങളും യൂണിവേഴ്‌സിറ്റികളും ഫലസ്തീൻ അഭയാർഥികൾക്കായി നടത്തപ്പെടുന്ന 65 യു.എൻ അംഗീകൃത സ്‌കൂളുകളും പൂർണമായോ ഭാഗികമായോ ഇസ്രായേൽ ആക്രമണത്തിൽ തകർക്കപ്പെട്ടിട്ടുണ്ട്.