നാന്‍സി പെലോസിക്കെതിരെ ചൈന ഉപരോധം പ്രഖ്യാപിച്ചു
ചൈനയുടെ ആശങ്കകളെ പെലോസി അവഗണിച്ചുവെന്നും ചൈനയുടെ ദ്വീപിലേക്ക് അനുമതിയില്ലാതെ പ്രവേശിച്ചത് അംഗീകരിക്കാനാവില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു
ബെയ്ജിംഗ്: തായ്‌വാന്‍ സന്ദര്‍ശിച്ച യു.എസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിക്കും കുടുംബത്തിനുമെതിരെ ചൈന ഉപരോധം പ്രഖ്യാപിച്ചു. ചൈനയുടെ ആശങ്കകളെ പെലോസി അവഗണിച്ചുവെന്നും ചൈനയുടെ ദ്വീപിലേക്ക് അനുമതിയില്ലാതെ പ്രവേശിച്ചത് അംഗീകരിക്കാനാവില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
തായ്‌വാന് ചുറ്റും ചൈന നടത്തുന്ന സൈനികാഭ്യാസങ്ങളെ വിമര്‍ശിച്ച ജി സെവന്‍ രാജ്യങ്ങളുടെയും യൂറോപ്യന്‍ യൂണിയന്‍ നയതന്ത്രജ്ഞരേയും വിളിച്ചു വരുത്തിയതായി ചൈന അറിയിച്ചു. ചൈനയുടെ ആഭ്യന്തര കാര്യങ്ങളില്‍ അനാവശ്യ ഇടപെടലാണ് നടത്തുന്നതെന്ന് വിദേശകാര്യ സഹമന്ത്രി ഡെങ് ലി പറഞ്ഞു. നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തിന് മറുപടിയായി ചൈനീസ് നാവിക സേനയുടെ കപ്പലുകളും യുദ്ധവിമാനങ്ങളും അയക്കുകയും തായ്‌വാന്‍ കടലിടുക്കില്‍ മിസൈലുകള്‍ വിക്ഷേപിക്കുകയും ചെയ്തു.
അതേസമയം ചൈനയുടെ നീക്കങ്ങൾക്കെതിരെ അമേരിക്കയും രംഗത്തെത്തി.ചൈന ഇപ്പോൾ നടത്തുന്ന സൈനികഭ്യാസം മറ്റൊരു രാജ്യത്തേക്കുള്ള കടന്നുകയറ്റമാണെന്ന് വൈറ്റ്ഹൗസ് പ്രതികരിച്ചു.അടുത്ത രണ്ടാഴ്ചകളില്‍ തായ്‍വാന്‍ കടലിടുക്കില്‍ യുദ്ധക്കപ്പലുകളും തായ്‍വാന്‍ മേഖലയില്‍ യുദ്ധവിമാനങ്ങളും വിന്യസിക്കുമെന്നും സുരക്ഷ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു