ഒരു മാസത്തിനിടെ 60,000 മരണം: ഒടുവിൽ കോവിഡ് റിപ്പോർട്ട് പുറത്തുവിട്ട് ചൈന
59,938 പേർ കഴിഞ്ഞ 35 ദിവസത്തിനകം കോവിഡ് മൂലം മരണപ്പെട്ടതായി ചൈനീസ് ദേശീയ ആരോഗ്യ മന്ത്രാലയം അറിയിച്ചു
ചൈനയിൽ ഒരുമാസത്തിനിടെ 60,000 പേർ കോവിഡ് മൂലം മരിച്ചതായി റിപ്പോർട്ട്. 2022 ഡിസംബർ 8നും 2023 ജനുവരി 12നും ഇടയിലെ കണക്കാണ് ചൈന പുറത്തുവിട്ടത്. 59,938 പേർ കഴിഞ്ഞ 35 ദിവസത്തിനകം കോവിഡ് മൂലംമരണപ്പെട്ടതായി ചൈനീസ് ദേശീയ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മരിച്ചവരിൽ ഭൂരിഭാഗവും 80 വയസിനു മുകളിലുള്ളവരാണ്. വൈറസ് ബാധിച്ചതിനെ തുടർന്നുള്ള ശ്വാസതടസം മൂലം 5,503 മരണങ്ങളും കോവിഡ് വന്നതിനു ശേഷം മറ്റു രോഗങ്ങൾ മൂർഛിച്ചത് കാരണം 54,435 മരണങ്ങളും സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു.
ഗ്രാമപ്രദേശങ്ങളിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത് തുടരുമെന്നും കൂടുതല്‍ ബുദ്ധിമുട്ടനുഭവിക്കുന്നവരെ നേരത്തേ കണ്ടെത്തി ചികിത്സ നൽകുമെന്നും ദേശീയ ആരോഗ്യ കമ്മീഷനു കീഴിലുള്ള ബ്യൂറോ ഓഫ് മെഡിക്കൽ അഡ്മിനിസ്‌ട്രേഷൻ മേധാവി ജിയാവോ യാഹുയി അറിയിച്ചു.
എന്നാൽ ആശുപത്രികളിൽ നിന്നുംലഭിച്ച കണക്കുകളാണിതെന്നും യാഥാർത്ഥ കണക്കുകൾ ഇതിലും കൂടുതലായിരിക്കുമെന്നും ആരോപണമുണ്ട്. ആശുപത്രികളും ശ്മാശനങ്ങളും നിറഞ്ഞു കഴിഞ്ഞിട്ടും മരണസംഖ്യയിൽ ചൈന കുറവ് കാണിക്കുന്നു എന്ന ആരോപണം നേരത്തെയും ഉയർന്നിരുന്നു.
അതേസമയം കോവിഡ് മൂലമുള്ള മരണങ്ങൾ വേർതിരിക്കുന്ന രീതി ചൈന ഈയിടെ പരിഷ്‌കരിച്ചിരുന്നു. വൈറസ് മൂലമുണ്ടാകുന്ന ശ്വാസം തടസം കാരണം മരണപ്പെടുന്നവരെ മാത്രമേ ഈ ഗണത്തിൽ ഉൾപ്പെടുത്തു എന്നായിരുന്നു ചൈനയുടെ വാദം. എന്നാൽ ചൈനയുടെ ഈ നിലപാടിനോട് ലോകാരോഗ്യ സംഘടന കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. കോവിഡ് മൂലം മരണപ്പെടുന്നവരുടെ കൃത്യമായ വിവരം പുറത്തുവിടണമെന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ ആവശ്യം. അതുകൊണ്ട്തന്നെ പുതിയതായി ചൈന പുറത്തുവിട്ട കോവിഡ് റിപ്പോർട്ടിനെ ലോകാരോഗ്യ സംഘടന സ്വാഗതം ചെയ്തു. ഇത്തരത്തിലൊരു റിപ്പോർട്ട് പുറത്തുവിട്ടതിനെ ചൈനയെ അഭിനന്ദിക്കുന്നതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.