'മൂന്നു കുട്ടികൾ വരെ ആകാം'; രണ്ടുകുട്ടി നയം ഉപേക്ഷിച്ച് ചൈന
ബീജിങ്ങിൽ ചേർന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോ യോഗത്തിലാണ് തീരുമാനം
ബീജിങ്: ജനസംഖ്യാ നിയന്ത്രണത്തിൽ ഇളവു വരുത്തി, വിവാഹിതരായ ദമ്പതികൾക്ക് മൂന്നു കുട്ടികൾ വരെ ആകാമെന്ന പ്രഖ്യാപനവുമായി ചൈന. നവജാത ശിശുക്കളുടെ എണ്ണത്തിൽ നാടകീയമായ കുറവു വന്നതോടെയാണ് ചൈന നയം മാറ്റത്തിന് തയ്യാറായതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. തലസ്ഥാനമായ ബീജിങ്ങിൽ ചേർന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോ യോഗത്തിലാണ് തീരുമാനം.
ദശാബ്ദങ്ങൾ നീണ്ട ഒറ്റക്കുട്ടി നയം ഉപേക്ഷിച്ച് രണ്ടുകുട്ടികൾ ആകാമെന്ന് 2016ലാണ് ചൈന പ്രഖ്യാപിച്ചിരുന്നത്. വൃദ്ധജനസംഖ്യ കൂടി വരുന്ന പശ്ചാത്തലത്തിലാണ് ചൈന മാറ്റത്തിന് തയ്യാറായത്. എന്നാൽ നഗരങ്ങളിൽ കുഞ്ഞുങ്ങളെ വളർത്തുന്നത് ചെലവേറിയതു മൂലം നയം മാറ്റം വേണ്ടത്ര വിജയകരമായിരുന്നില്ല.
ഈ സാഹചര്യത്തിലാണ് കുട്ടികളുടെ എണ്ണം മൂന്നു വരെ ആകാമെന്ന് ലോകത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാഷ്ട്രം പ്രഖ്യാപിക്കുന്നത്. 'രാജ്യത്തിന്റെ ജനസംഖ്യാ ഘടനയെ മെച്ചപ്പെടുത്താനുള്ളതാണ്' പുതിയ നയം മാറ്റമെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ ഷിൻഹ്വ റിപ്പോർട്ട് ചെയ്യുന്നു.
പുതിയ നയം പ്രഖ്യാപിച്ചതിന് പിന്നാലെ, കുടുംബങ്ങളുടെ വിദ്യാഭ്യാസ ചെലവ്, നികുതി, പാർപ്പിട പിന്തുണ തുടങ്ങിയവയില്‍ വൻ അഴിച്ചുപണിയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
2020ലെ കണക്കുകൾ പ്രകാരം ചൈനീസ് വനിതകളുടെ ഫെർട്ടിലിറ്റി നിരക്ക് 1.3 കുട്ടികളാണ്. വൃദ്ധജനസംഖ്യ കൂടുതലുള്ള ജപ്പാൻ, ഇറ്റലി തുടങ്ങിയ രാഷ്ട്രങ്ങളിൽ ഇത് 2.1 ആണ്.
അതിനിടെ, മൂന്നു കുട്ടി നയത്തിന് നിങ്ങൾ തയ്യാറാണോ എന്ന് ചോദിച്ച് ഷിൻഹ്വയുടെ വൈബോ അക്കൗണ്ട് നടത്തിയ സർവേയിൽ പങ്കെടുത്ത 31000 പേരിൽ 29000 പേരും പ്രതികരിച്ചത് തങ്ങൾ അതേക്കുറിച്ച് ചിന്തിച്ചിട്ടില്ല എന്നാണ്. സർവേ പിന്നീട് അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്തു. നിങ്ങൾ അഞ്ചുദശലക്ഷം യുവാൻ തരുമെങ്കിൽ മൂന്നു കുട്ടി നയത്തിന് സന്നദ്ധമാണ് എന്നാണ് ഒരു ഉപഭോക്താവ് പ്രതികരിച്ചത്.
1950ന് ശേഷമുള്ള ഏറ്റവും വേഗം കുറഞ്ഞ ജനസംഖ്യാ വളർച്ചയാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജനനങ്ങൾ കുറഞ്ഞതിലൂടെ, രാജ്യത്തെ ജനസംഖ്യയിൽ കൂടുതലും വയോജനങ്ങളാകും എന്നതാണ് ഭരണകൂടത്തെ അലട്ടുന്നത്. 'പുതിയ തീരുമാനം യഥാർത്ഥ ദിശയിലേക്കുള്ള ചുവടുവെപ്പാണെന്നും എന്നാൽ ഇപ്പോഴും അതിന് വേണ്ടത്ര ധൈര്യം വന്നിട്ടില്ലെന്നും ഹോങ്കോങ് സ്റ്റാൻഡേഡ് ചാർട്ടേഡിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഷൗങ് ഡിങ് പറയുന്നു. അഞ്ചു വർഷം മുമ്പെങ്കിലും നയം കൊണ്ടു വരേണ്ടിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വർഷം വരെ പല ചൈനീസ് പ്രവിശ്യകളിലും മൂന്നാമത്തെ കുട്ടിയുണ്ടായാൽ 130,000 യുവാൻ പിഴയീടാക്കിയിരുന്നു. ജനസംഖ്യാ വിസ്‌ഫോടനം ഭയന്ന് 1979ലാണ് ചൈന വിവാദമായ ഒറ്റക്കുട്ടി നയം കൊണ്ടുവന്നത്.