2023ഓടെ ചൈനയില്‍ ഒരു ദശലക്ഷത്തിലധികം കോവിഡ് മരണങ്ങള്‍ക്ക് സാധ്യതയെന്ന് ഐ.എച്ച്.എം.ഇ
ഏപ്രില്‍ 1ന് ശേഷം ചൈനയില്‍ കോവിഡ് കേസുകള്‍ കൂടുമെന്നും മരണം 322,000 ആകുമെന്നും ഐ.എച്ച്.എം.ഇ വ്യക്തമാക്കുന്നു
ചിക്കാഗോ: കോവിഡ് നിയന്ത്രണങ്ങള്‍ പെട്ടെന്ന് പിന്‍വലിക്കുന്നതോടെ 2023ല്‍ ചൈനയില്‍ ഒരു ദശലക്ഷത്തിലധികം കോവിഡ് മരണങ്ങള്‍ക്ക് സാധ്യതയെന്ന് യുഎസ് ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മെട്രിക്‌സ് ആൻഡ് ഇവാലുവേഷന്‍. ഏപ്രില്‍ 1ന് ശേഷം ചൈനയില്‍ കോവിഡ് കേസുകള്‍ കൂടുമെന്നും മരണം 322,000 ആകുമെന്നും ഐ.എച്ച്.എം.ഇ വ്യക്തമാക്കുന്നു.
ചൈനയിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് പേർക്കും അപ്പോഴേക്കും രോഗം ബാധിച്ചിട്ടുണ്ടാകുമെന്ന് ഐഎച്ച്എംഇ ഡയറക്ടർ ക്രിസ്റ്റഫർ മുറെ പറഞ്ഞു.കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷം ചൈനയുടെ ദേശീയ ആരോഗ്യ അതോറിറ്റി ഔദ്യോഗികമായി കോവിഡ് മരണങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ഡിസംബർ മൂന്നിനാണ് ഔദ്യോഗികമായി അവസാന മരണം റിപ്പോർട്ട് ചെയ്തത്. 5,235 മരണങ്ങളാണ് ഇതുവരെ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വ്യാപകമായ പൊതുജന പ്രതിഷേധത്തെ തുടര്‍ന്ന ഡിസംബര്‍ ആദ്യത്തോടെയാണ് ചൈന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു തുടങ്ങിയത്. അതിനു ശേഷം രോഗബാധിതരുടെ എണ്ണം ഗണ്യമായി വര്‍ധിക്കുകയും ചെയ്തു. പുതുവത്സര അവധിയെ തുടര്‍ന്ന് 1.4 ബില്യണ്‍ പേരെ രോഗം ബാധിക്കുമെന്നും ആശങ്കയുണ്ട്. ചൈനയുടെ സീറോ കോവിഡ് പോളിസി വൈറസിന്‍റെ മുൻകാല വകഭേദങ്ങളെ അകറ്റിനിർത്താൻ ഫലപ്രദമായിരിക്കാമെങ്കിലും ഒമിക്രോണ്‍ വകഭേദങ്ങളെ തടയുന്നതില്‍ ഫലം കണ്ടില്ലെന്ന് ക്രിസ്റ്റഫർ മുറെ ചൂണ്ടിക്കാട്ടി. ചൈനീസ് സർക്കാർ നൽകുന്ന വാക്സിനേഷൻ നിരക്കുകളെക്കുറിച്ചുള്ള വിവരങ്ങളെയും അണുബാധ നിരക്ക് വർദ്ധിക്കുന്നതിനനുസരിച്ച് വിവിധ പ്രവിശ്യകൾ എങ്ങനെ പ്രതികരിക്കും എന്നതിനെക്കുറിച്ചുള്ള അനുമാനങ്ങളെയും അടിസ്ഥാനമാക്കിയാണ് ഐ.എച്ച്.എം.ഇയുടെ പ്രവചനം.