'ഒമിക്രോണെത്തിയത് കാനഡയിൽനിന്നുള്ള പാക്കേജ് വഴി'; വിദേശത്തുനിന്ന് സാധനങ്ങൾ വാങ്ങുന്നത് ഒഴിവാക്കാൻ പൗരന്മാരോട് ചൈന

പാഴ്‌സലുകൾ സ്വീകരിക്കുമ്പോൾ മാസ്‌കും കൈയുറകളും ധരിച്ച് പരമാവധി സ്വയം സുരക്ഷ ഉറപ്പാക്കാന്‍ ചൈനീസ് ആരോഗ്യവകുപ്പ് പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു

Update: 2022-01-18 10:31 GMT
Editor : Shaheer | By : Web Desk
Advertising

കാനഡയിൽനിന്നുള്ള പാക്കേജിലൂടെയാണ് രാജ്യത്ത് ആദ്യമായി ഒമിക്രോൺ എത്തിയതെന്ന് ചൈന. പാഴ്‌സലുകളും തപാൽ ഉരുപ്പടികളും പാക്കേജുകളുമെല്ലാം തുറക്കുമ്പോൾ കൈയുറയും മാസ്‌കും ധരിക്കണണെന്നും വിദേശത്തുനിന്ന് വരുന്ന പാക്കേജുകൾ കരുതലോടെ കൈകാര്യം ചെയ്യണമെന്നും ചൈനീസ് ഭരണകൂടം പൗരന്മാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ചൈനയിൽ ആദ്യമായി കോവിഡിന്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചയാൾ കാനഡയിൽനിന്ന് വന്ന പാക്കേജ് തുറന്നതായി കണ്ടെത്തിയിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം ചൈന അറിയിച്ചത്. അമേരിക്കയും ഹോങ്കോങ്ങും കടന്നാണ് പാക്കേജ് ചൈനയിലെത്തിയത്. ഇതുവഴി തന്നെയാണ് ഒമിക്രോണുമെത്തിയതെന്ന് ചൈനീസ് ആരോഗ്യ വൃത്തങ്ങൾ പറയുന്നു.

വിദേശത്തുനിന്ന് സാധനങ്ങൾ ഓർഡർ ചെയ്യുന്നതും തപാൽ ഉരുപ്പടികൾ സ്വീകരിക്കുന്നതും പരമാവധി ഒഴിവാക്കണമെന്നും നിർദേശമുണ്ട്. സാധനങ്ങൾ നേരിട്ട് സ്വീകരിക്കുമ്പോൾ മാസ്‌കും കൈയുറകളുമടക്കം ധരിച്ച് പരമാവധി സ്വയം സുരക്ഷ ഉറപ്പാക്കണം. തുറന്ന സ്ഥലത്തുവച്ചു മാത്രം പാക്കേജുകൾ തുറക്കാനും ശ്രമിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

വിദേശത്തുനിന്നുള്ള പാഴ്‌സൽ സാധനങ്ങൾ സ്വീകരിക്കുമ്പോൾ കൃത്യമായി അണുനശീകരണം നടത്തണം. പാഴ്‌സൽ സർവീസ് രംഗത്ത് പ്രവർത്തിക്കുന്ന ജീവനക്കാർ ബൂസ്റ്റർ ഡോസ് സഹിതം കോവിഡ് വാക്‌സിൻ സ്വീകരിക്കണമെന്നും ചൈനീസ് ആരോഗ്യവകുപ്പ് പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു.

Summary: China is urging people to wear masks and gloves when opening mail, especially from abroad, after authorities suggested the first case of the Omicron coronavirus virus variant found in Beijing could have arrived via a package from Canada.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News