'ചൈനയിലേക്ക് വീണ്ടും സ്വാഗതം'; രണ്ട് വർഷമായി നിർത്തിവെച്ച സ്റ്റുഡന്‍സ് വിസ നടപടികൾ പുനഃരാരംഭിക്കാൻ ചൈന
പതിനായിരക്കണക്കിന് വിദ്യാർഥികൾക്ക് ഇനി തുടർ പഠനം സാധ്യമാകും
ബെയ്ജിങ്: കോവിഡ് നിയന്ത്രണം മൂലം നിർത്തിവെച്ച വിസ നടപടികൾ പുനഃരാരംഭിക്കാൻ തീരുമാനിച്ച് ചൈന. രണ്ട് വർഷമായി നിർത്തിവെച്ച നടപടികളാണ് പുനഃരാരംഭിക്കുന്നത്. വിദ്യാർഥികൾ, ബിസിനസുകാർ, ജോലി ചെയ്യുന്നവർ ഉൾപ്പെടെ ഉള്ളവർക്ക് വിസ നൽകാനാണ് തീരുമാനം.
ചൈനയിലെ വിദേശകാര്യ മന്ത്രാലയത്തിലെ കൗൺസിലർ ജി റോങാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. 'ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഊഷ്മളമായ അഭിനന്ദനങ്ങൾ! നിങ്ങളുടെ ക്ഷമ വിലമതിക്കുന്നു. എനിക്ക് നിങ്ങളുടെ ആവേശവും സന്തോഷവും ശരിക്കും പങ്കുവെക്കാൻ കഴിയും. ചൈനയിലേക്ക് വീണ്ടും സ്വാഗതം!' ജി റോങ് ട്വീറ്റ് ചെയ്തു.
കൊവിഡ് വിസ നിരോധനം മൂലം ചൈനയിലേക്ക് പോകാൻ കഴിയാത്ത പുതുതായി എൻറോൾ ചെയ്ത വിദ്യാർഥികൾക്കും പഴയ വിദ്യാർഥികൾക്കും സ്റ്റുഡന്റ് വിസ നൽകുമെന്ന് ഡൽഹിയിലെ ചൈനീസ് എംബസി അറിയിച്ചു. പുതിയ വിദ്യാർഥികൾ ചൈനയിലെ സർവകലാശാല നൽകിയ യഥാർത്ഥ പ്രവേശന കത്ത് ഹാജരാക്കണം, പഴയ വിദ്യാർത്ഥികൾ ചൈനയിലെ യൂണിവേഴ്‌സിറ്റി നൽകുന്ന 'കാമ്പസിലേക്ക് തിരിച്ചുവരുന്നതായുള്ള സർട്ടിഫിക്കറ്റും സമർപ്പിക്കണം.
കോവിഡ് സമയത്ത് വിദ്യാഭ്യാസം പാതി വഴിയിൽ ഉപേക്ഷിച്ച് ഇന്ത്യയിൽ എത്തിയ പതിനായിരക്കണക്കിന് വിദ്യാർഥികൾക്ക് ഇനി തുടർ പഠനം സാധ്യമാകും. 2019ൽ മാത്രം 23,000 ഇന്ത്യൻ വിദ്യാർഥികളാണ് ചൈനീസ് സർവകലാശാലകളിൽ പ്രവേശനം നേടിയത്. എന്നാൽ കോവിഡിനെ തുടർന്ന് 2020 നവംബർ മുതൽ ഇന്ത്യൻ വിദ്യാർഥികൾക്ക് ചൈന യാത്രാ നിരോധനം ഏർപ്പെടുത്തിയിരുന്നു.
പഠനം തുടരാൻ ഉടൻ മടങ്ങിവരാൻ ആഗ്രഹിക്കുന്നവരുടെ പേരുകൾ ചൈന തേടിയിരുന്നു. ഇതിന് പിന്നാലെ ആയിരക്കണക്കിന് വിദ്യാർഥികളുടെ പട്ടിക ഇന്ത്യ സമർപ്പിക്കുകയും ചെയ്തു. ശ്രീലങ്ക, പാകിസ്ഥാൻ, റഷ്യ തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നുമുള്ള വിദ്യാർഥികൾ ചാർട്ടേഡ് വിമാനങ്ങളിൽ കഴിഞ്ഞ ആഴ്ചകളിലായി ചൈനയിലെത്തിയിട്ടുണ്ട്.