'നിങ്ങൾ ഹാപ്പിയല്ലേ...എങ്കിൽ ലീവെടുത്തോളൂ'; 'അൺഹാപ്പി അവധി' പ്രഖ്യാപിച്ച് കമ്പനി, ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ഒന്നല്ല, പത്തുദിവസം വരെ ജീവനക്കാര്‍ക്ക് 'അണ്‍ ഹാപ്പി ലീവ്' എടുക്കാം
ബീജിങ്: ജീവിക്കാൻ വേണ്ടിയാണ് എല്ലാവരും ജോലി ചെയ്യുന്നത്.എന്നാൽ ജോലിയും ജീവിതവുമെല്ലാം ഒരുമിച്ച് കൊണ്ടുപോകാൻ പലപ്പോഴും ബുദ്ധിമുട്ടാറുണ്ട്. എന്തെങ്കിലും അസുഖമാണെങ്കിൽ മെഡിക്കൽ ലീവെടുക്കാനുള്ള സൗകര്യം മിക്ക സ്ഥാപനങ്ങളും നൽകുന്നുണ്ട്.എന്നാൽ മനസിന് സന്തോഷമില്ലെന്ന് പറഞ്ഞ് ലീവെടുക്കാൻ സാധിച്ചെങ്കിലോ?
എന്നാലിതാ ജീവനക്കാരുടെ വ്യക്തിജീവിതത്തിന് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടുള്ള ചൈനയിലെ ഒരു കമ്പനിയുടെ തീരുമാനമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ചൈനയിലെ ഒരു റീട്ടയിൽ മാഗ്നറ്റ് ആണ് തന്റെ ജീവനക്കാർക്കായി അൺഹാപ്പി ലീവ് അനുവദിച്ചത്. ഒന്നല്ല,പത്തുദിവസമാണ് ലീവ് അനുവദിച്ചിരിക്കുന്നത്. എല്ലായ്‌പ്പോഴും എല്ലാവർക്കും സന്തോഷം മാത്രമായിരിക്കില്ല ഉണ്ടാകുന്നത്. നിങ്ങൾ സന്തോഷവന്മാരല്ലെങ്കിൽ ഇന്ന് ജോലിക്ക് വരരുതെന്ന് കമ്പനി സ്ഥാപകനും ചെയർമാനുമായ യു ഡോംഗ്ലായ് പ്രഖ്യാപിച്ചു. സന്തോഷമില്ലാതെ ഓഫീസിൽ വരുമ്പോൾ ജോലിയിൽ കൂടുതൽ ശ്രദ്ധിക്കാൻ കഴിയാതെ വരുന്നു. ആ സമയത്ത് വിശ്രമിക്കുന്നതാണ് നല്ലത്. അതുകൊണ്ട് ജീവനക്കാർക്ക് 10 ദിവസം വരെ ലീവെടുക്കാം.ഈ അവധി മാനേജ്‌മെന്റിന് നിഷേധിക്കാനാവില്ലെന്നും നിഷേധിച്ചാൽ തക്കതായ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും യു ഡോംഗ്ലായ് പറഞ്ഞു.
കമ്പനിയുടെ വളർച്ച മാത്രമല്ല, ഞങ്ങളുടെ ജീവനക്കാർക്ക് ആരോഗ്യകരവും ശാന്തവുമായ ജീവിതം ലഭിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു, അതുവഴി കമ്പനിക്കും ആ നേട്ടം ലഭിക്കുമെന്നും ചെയർമാൻ പറയുന്നു. ഏതായാലും കമ്പനിയുടെ 'അൺ ഹാപ്പി അവധി' സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്. ഇത്രയും നല്ലൊരു ബോസും കമ്പനിയും എവിടെക്കിട്ടുമെന്നായിരുന്നു പലരുടെയും കമന്റ്. ഈ രീതി രാജ്യവ്യാപകമായി പ്രോത്സാഹിപ്പിക്കപ്പെടണമെന്ന് ചിലർ ആവശ്യപ്പെട്ടു. ജോലിക്കാരെ സന്തോഷിപ്പിച്ചാൽ അതിന്റെ ഗുണം ലഭിക്കുക ആ കമ്പനിക്ക് തന്നെയാണെന്നും ചിലർ കമന്റ് ചെയ്തു.