ലൈവ് സ്ട്രീമിംഗിനിടെ ചൈനീസ് ഫുഡ് വ്ളോഗര്‍ കുത്തേറ്റു മരിച്ചു; വ്ളോഗര്‍മാര്‍ തമ്മിലുള്ള വൈരാഗ്യമെന്ന് റിപ്പോര്‍ട്ട്

സംഭവത്തില്‍ ചൈനീസ് വ്ളോഗറും ഇന്‍ഫ്‌ളുവന്‍സറുമായ ഫെങ് ഷെങ്ങ്യുങ്ങിനെ (32) അറസ്റ്റ് ചെയ്തു

Update: 2022-12-17 02:36 GMT
Editor : Jaisy Thomas | By : Web Desk
Advertising

കാഠ്മണ്ഡു: ഫുഡ് വ്ളോഗര്‍മാര്‍ തമ്മിലുള്ള വൈരാഗ്യം അതിരുകടന്നത് കൊലപാതകത്തില്‍ കലാശിച്ചു. പ്രശസ്ത ചൈനീസ് ഫുഡ് വ്ളോഗറായ ഗാന്‍ സോജിയോങ്ങ് (29) ആണ് നേപ്പാളില്‍ എതിരാളിയുടെ കുത്തേറ്റു മരിച്ചത്. സംഭവത്തില്‍ ചൈനീസ് വ്ളോഗറും ഇന്‍ഫ്‌ളുവന്‍സറുമായ ഫെങ് ഷെങ്ങ്യുങ്ങിനെ (32) അറസ്റ്റ് ചെയ്തു.

ഡിസംബര്‍ 4ന് കാഠ്മണ്ഡുവിലെ തിരക്കേറിയ മാര്‍ക്കറ്റായ ഇന്ദ്ര ചൗക്കില്‍ വച്ചാണ് സംഭവം. സുഹൃത്ത് ലി ചുസാനും (32) മറ്റൊരാള്‍ക്കുമൊപ്പം മാര്‍ക്കറ്റിലൂടെ നടന്ന് ലൈവ് സ്ട്രീം ചെയ്യുകയായിരുന്നു ഗാന്‍. 'ഫാറ്റി ഗോസ് ടു ആഫ്രിക്ക' എന്നാണ് ഗാന്‍ സോഷ്യല്‍മീഡിയയില്‍ അറിയപ്പെടുന്നത്. അക്രമത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലെത്തി.  സുഹൃത്തുക്കള്‍ക്കൊപ്പം ഗാന്‍ ചിരിച്ചുകൊണ്ട് സംസാരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. പെട്ടെന്ന് ചിത്രീകരണം തടസപ്പെടുകയും ക്യാമറ കുലുങ്ങുന്നതിനിടെ നിലവിളി ശബ്ദം ഉയരുകയുമാണ്. ഇതിനിടെ സ്‌ക്രീന്‍ ഓഫായിപ്പോകുന്നു. ലൈവ് സ്ട്രീമിനിടെ ആയതിനാല്‍ ഈ ദൃശ്യങ്ങള്‍ വൈകാതെ തന്നെ വൈറലാവുകയും ചെയ്തതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

പിന്നീട് പുറത്തുവന്ന മറ്റൊരു ക്ലിപ്പില്‍ ചോരയില്‍ കുളിച്ച് നില്‍ക്കുന്ന ഗാന്‍ കിടക്കുന്നതും കാണാം. തെരുവിന് നടുവില്‍ കുത്തേറ്റ് നിലത്തിരിക്കുന്ന ഗാനിനെ ഒരാള്‍ ഉച്ചത്തില്‍ ചൈനീസ് ഭാഷയില്‍ ചീത്ത വിളിക്കുന്നതും വീഡിയോയിലുണ്ട്. ഇത് ഫെങ് ആണെന്നാണ് നിഗമനം.  വയറ്റില്‍ കുത്തേറ്റതിനേത്തുടര്‍ന്നുണ്ടായ മുറിവ് നോക്കിയ ശേഷം ഗാന്‍ ഒരു ഫോണിലേക്ക് ചൂണ്ടി സഹായം ആവശ്യപ്പെടാന്‍ വഴിപോക്കനോട് അഭ്യര്‍ഥിച്ചു. ഗാനിനെ പിന്നീട് നാഷണല്‍ ട്രോമ സെന്ററില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വയറ്റിലും നെഞ്ചിലും ആഴത്തിലേറ്റ മുറിവുകളാണ് മരണ കാരണം. വയറ്റില്‍ കുത്തേറ്റ ഗാനിന്റെ സുഹൃത്ത് ലി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. കുറ്റാരോപിതനായ ഫെങ് ഷെങ്‌യുങ് ഗാനുമായി നിരന്തര പ്രശ്നങ്ങളുണ്ടാക്കിയിരുന്ന ആളാണ്. മറ്റു രാജ്യങ്ങളിലെ ഭക്ഷണ സംസ്കാരത്തെക്കുറിച്ചായിരുന്നു ഗാന്‍ പ്രധാനമായും വീഡിയോ ചെയ്തിരുന്നത്. 5 ദശലക്ഷം ഫോളോവേഴ്സും ഇയാള്‍ക്കുണ്ട്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News