'ജനനനിരക്ക് വർധിപ്പിക്കണം': ചൈനയിൽ 30 ദിവസം വിവാഹ അവധി
ചൈനയിൽ ആറ് പതിറ്റാണ്ടിനിടയിൽ ഏറ്റവും കുറഞ്ഞ ജനനനിരക്ക് രേഖപ്പെടുത്തിയ വർഷമാണ് 2022
ബെയ്ജിങ്: ജനനനിരക്കിൽ കാര്യമായ ഇടിവ് രേഖപ്പെടുത്തിയതോടെ വിവാഹ അവധി വർധിപ്പിച്ച് ചൈന. നവദമ്പതികൾക്ക് വിവാഹ അവധി 30 ദിവസം അനുവദിച്ച് ഗാൻസു, ഷാങ്‌സി അടക്കമുള്ള പ്രവിശ്യകൾ ഉത്തരവിറക്കി. ശമ്പളത്തോട് കൂടിയുള്ള അവധിയാണ് ലഭിക്കുക.
വിവാഹ അവധി ഏറ്റവും കുറഞ്ഞത് 3 ദിവസമെങ്കിലും നൽകണം എന്നത് മാത്രമാണ് നിലവിലുള്ള നിബന്ധനയെങ്കിലും ഇഷ്ടമുള്ളത്ര അവധി നൽകാൻ ഫെബ്രുവരി മുതൽ പ്രവിശ്യകൾക്ക് അനുമതി നൽകിയിരുന്നു. സാമ്പത്തിക വളർച്ചാ നിരക്ക് താരതമ്യേന കുറവുള്ള നഗരങ്ങളിലും പ്രവിശ്യകളിലുമാണ് വിവാഹ അവധി നീട്ടി നൽകിയിരിക്കുന്നതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ജനനനിരക്ക് കൂട്ടാൻ നവദമ്പതികൾക്ക് നീണ്ട അവധി നൽകുന്നത് കാര്യമായി ഫലം ചെയ്യുമെന്ന് ചൈനയിലെ സൗത്ത് വെസ്റ്റേൺ യൂണിവേഴ്‌സിറ്റി ഓഫ് ഫിനാൻസ് ആൻഡ് ഇക്കണോമിക്‌സ് ഡീൻ യാങ് ഹയാങ് പ്രതികരിച്ചു. ജനനനിരക്ക് വർധിപ്പിക്കാൻ ഹൗസിംഗ് സബ്‌സിഡികളും പുരുഷന്മാർക്ക് ശമ്പളത്തോട് കൂടിയുള്ള പിതൃത്വ അവധിയും പരിഗണനയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചൈനയിൽ ആറ് പതിറ്റാണ്ടിനിടയിൽ ഏറ്റവും കുറഞ്ഞ ജനനനിരക്ക് രേഖപ്പെടുത്തിയ വർഷമാണ് 2022. രാജ്യത്ത് 1980 മുതൽ 2025 വരെ നിലവിലുണ്ടായിരുന്ന ഒറ്റക്കുട്ടി നയം ജനനനിരക്കിനെ കാര്യമായി ബാധിച്ചിരുന്നു. ചൈനയിൽ വിദ്യാഭ്യാസച്ചെലവ് ക്രമാതീതമായി വർധിച്ചതും ജനനനിരക്ക് കുറയാൻ കാരണമായി. തുടർന്ന് ഈ നയം ചൈന ഔദ്യോഗികമായി പിൻവലിക്കുകയായിരുന്നു.