ചൈനീസ് ചാരക്കപ്പല്‍ യുവാൻ വാങ് 5 ശ്രീലങ്കയിലെ ഹമ്പൻ ടോട്ട തുറമുഖത്ത് നങ്കൂരമിട്ടു
ഇന്ത്യയുടെയും അമേരിക്കയുടെയും കനത്ത എതിർപ്പ് അവഗണിച്ചാണ് കപ്പലിന് നങ്കൂരമിടാന്‍ ശ്രീലങ്ക അനുമതി നൽകിയത്
ചൈനയുടെ ചാരക്കപ്പലായ യുവാൻ വാങ് 5 ശ്രീലങ്കൻ തുറമുഖമായ ഹമ്പൻ ടോട്ടയിൽ നങ്കൂരമിട്ടു. ഇന്ത്യയുടെയും അമേരിക്കയുടെയും കനത്ത എതിർപ്പ് അവഗണിച്ചാണ് കപ്പലിന് നങ്കൂരമിടാന്‍ ശ്രീലങ്ക അനുമതി നൽകിയത്. എതിർപ്പിന് വ്യക്തമായ കാരണമില്ലെന്നാണ് ശ്രീലങ്കയുടെ വിശദീകരണം.
ഇന്ത്യയുടെ ആശങ്കകൾ വകവക്കാതെയാണ് ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാൻ ശ്രീലങ്ക അനുമതി നൽകിയത്. ചൈനീസ് മേൽനോട്ടത്തിലുള്ള തുറമുഖത്തിൽ ഓഗസ്റ്റ് 16 മുതൽ 22 വരെ കപ്പലിന് നങ്കൂരമിടാൻ വിദേശകാര്യമന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചതായി ശ്രീലങ്കൻ ഹാര്‍ബര്‍ മാസ്റ്റര്‍ നിര്‍മല്‍ പി സില്‍വ പറഞ്ഞു.
ഓഗസ്റ്റ് 11-ന് കപ്പലിന് ഹംബൻടോട്ട തുറമുഖത്ത് നങ്കുരമിടാന്‍ ചൈന ശ്രീലങ്കയോട് അനുമതി തേടിയിരുന്നു. എന്നാല്‍ ഇന്ത്യ ആശങ്കയറിയിച്ചതിനു പിന്നാലെ യാത്ര വൈകിപ്പിക്കണമെന്ന് ശ്രീലങ്ക ചൈനയോട് ആവശ്യപ്പെടുകയായിരുന്നു. യുവാൻ വാങ്-5 കപ്പല്‍ ഗവേഷണത്തിനും സര്‍വേയ്ക്കുമായാണ് ഉപയോഗിക്കുന്നത് എന്നാണ് ചൈനയുടെ അവകാശവാദം. എന്നാല്‍ചാരവൃത്തിക്ക് ഉപയോഗിക്കാവുന്ന കപ്പലാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതാണ് ഇന്ത്യയുടെ ആശങ്കക്ക് പിന്നില്‍.