മിസ് ശ്രീലങ്ക സൗന്ദര്യമത്സരത്തിന് ശേഷം തല്ലുമാല
ഈ സംഭവം രാജ്യത്തിനു തന്നെ അപമാനകരമാണെന്ന് നിരവധി ശ്രീലങ്കക്കാർ പ്രതികരിച്ചു.
മിസ് ശ്രീലങ്ക സൗന്ദര്യമത്സരത്തിന് ശേഷം വേദിക്ക് പുറത്ത് കൂട്ടത്തല്ല്. ന്യൂയോർക്കിലെ സ്റ്റേറ്റൻ ഐലൻഡിൽ നടന്ന മത്സര ശേഷമായിരുന്നു പുരുഷന്മാരും സ്ത്രീകളും പരസ്പരം ഏറ്റുമുട്ടിയത്. മത്സരത്തിനു ശേഷം നടന്ന പാര്‍ട്ടിയില്‍ ചിലർ ഉന്തും തള്ളുമുണ്ടാക്കിയതാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. ഒക്ടോബർ 23ന് നടന്ന അടിപിടിയുടെ ദൃശ്യങ്ങൾ പുറത്തുവന്നു.
ശ്രീലങ്കന്‍ കുടിയേറ്റക്കാർ കൂടുതലുള്ള പ്രദേശമായതിനാലാണ് സ്റ്റേറ്റൻ ഐലൻഡിൽ സൗന്ദര്യമത്സരം നടത്തിയത്. സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്കയ്ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവാസി ശ്രീലങ്കക്കാർ മുൻകൈയെടുത്താണ് മത്സരം നടത്തിയത്. 300ഓളം അതിഥികളാണ് സൗന്ദര്യ മത്സരത്തിൽ സന്നിഹിതരായിരുന്നത്.
വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയും സംഗതി വിവാദമാവുകയും ചെയ്തതോടെ ഇടപെട്ട പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് ചിലരെ അറസ്റ്റ് ചെയ്തു. എന്നാൽ എന്താണ് തല്ലിന് പ്രേരിപ്പിച്ച യഥാർഥ കാരണം എന്നത് വ്യക്തമായിട്ടില്ല. സംഭവത്തിൽ നിരവധി ശ്രീലങ്കക്കാരാണ് വൈകാരിക പ്രതികരണവുമായി രംഗത്തെത്തിയത്.
ഈ സംഭവം രാജ്യത്തിനു തന്നെ അപമാനകരമാണെന്ന് അവർ പ്രതികരിച്ചു. അതേസമയം, മത്സരാര്‍ഥികളില്‍ ആരും അക്രമത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് സംഘാടകര്‍ പറയുന്നത്. 'പുറത്ത് തല്ല് നടക്കുമ്പോള്‍ 14 മത്സരാര്‍ഥികളും കെട്ടിടത്തിനകത്തായിരുന്നു. അവര്‍ അക്രമത്തില്‍ പങ്കെടുത്തിട്ടില്ല'- പരിപാടിയുടെ സംഘാടകരില്‍ ഒരാളായ സുജനി ഫെര്‍ണാഡോ ന്യൂയോര്‍ക്ക് പോസ്റ്റിനോട് പറഞ്ഞു.
ശ്രീലങ്കന്‍ സൗന്ദര്യ മത്സരവേളയില്‍ ഇതിന് മുമ്പും തര്‍ക്കങ്ങളുണ്ടായിട്ടുണ്ട്. 2021ല്‍ നടന്ന മിസിസ് ശ്രീലങ്ക സൗന്ദര്യ മത്സരത്തില്‍ വിജയിയില്‍ നിന്നും എതിരാളി കിരീടം തട്ടിയെടുക്കാന്‍ ശ്രമിച്ചിരുന്നു. ഇതിൽ ഇയാളെ അറസ്റ്റും ചെയ്തിരുന്നു. വിവാഹമോചിതയായതിനാൽ വിജയി അയോഗ്യയാക്കപ്പെടേണ്ട വ്യക്തിയായിരുന്നു എന്നാരോപിച്ചായിരുന്നു കിരീടം തട്ടിയെടുക്കാൻ ശ്രമിച്ചത്. ഈ സംഭവം ചൂണ്ടിക്കാട്ടി നിരവധി വിമര്‍ശനങ്ങളാണ് പുതിയ വീഡിയോയ്ക്ക് താഴെ കമന്റുകളായി നിറയുന്നത്.