ഇറാനും അന്താരാഷ്ട്ര ആണവോർജ സമിതിയും തമ്മിൽ പോര് മുറുകുന്നു
രാജ്യത്തെ ചില ആണവ നിലയങ്ങളുടെ ഉൾഭാഗ ചിത്രങ്ങൾ അന്താരാഷ്ട്ര ആണവോർജ സമിതിക്ക് കൈമാറാൻ ഒരുക്കമല്ലെന്ന നിലപാടാണ് ഇറാൻ കൈക്കൊണ്ടിരിക്കുന്നത്.
വിയന്നയിൽ നിർണായക ചർച്ച നടക്കാനിരിക്കെ, ഇറാനും അന്താരാഷ്ട്ര ആണവോർജ സമിതിയും തമ്മിൽ പോര് മുറുകുന്നു. ആണവ കേന്ദ്രങ്ങളുടെ ഉൾഭാഗ ചിത്രങ്ങൾ സമിതിക്ക് കൈമാറില്ലെന്ന് ഇറാൻ അറിയിച്ചു. അതേസമയം വൻശക്തി രാജ്യങ്ങളുമായുള്ള ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നും തെഹ്റാൻ വ്യക്തമാക്കി
രാജ്യത്തെ ചില ആണവ നിലയങ്ങളുടെ ഉൾഭാഗ ചിത്രങ്ങൾ അന്താരാഷ്ട്ര ആണവോർജ സമിതിക്ക് കൈമാറാൻ ഒരുക്കമല്ലെന്ന നിലപാടാണ് ഇറാൻ കൈക്കൊണ്ടിരിക്കുന്നത്. 2015ലെ ആണവ കരാർ ചട്ടപ്രകാരമുള്ള എല്ലാ നടപടികളും ഇറാൻ പാലിച്ചതായും അധികൃതർ വ്യക്തമാക്കി. ഫെബ്രുവരി മാസത്തിൽ ഇരുകൂട്ടരും തമ്മിൽ രൂപപ്പെടുത്തിയ ധാരണ പ്രകാരം ചിത്രങ്ങളുടെ കൈമാറ്റം നടന്നിരുന്നു. എന്നാൽ മൂന്നു മാസത്തേക്ക് മാത്രമായിരുന്നു കരാർ. ആ കാലാവധി തീർന്നിരിക്കെ ആണവോർജ സമിതിക്ക് നിലയത്തിന്റെ ചിത്രം പങ്കുവെക്കേണ്ട ബാധ്യതയില്ലെന്നാണ് ഇറാൻ നേതൃത്വം പറയുന്നത്.
കരാർ കാലാവധി തീർന്നിരിക്കെ, സമിതിയുടെ നിരീക്ഷണം ഇറാന്‍റെ തീരുമാനത്തെ മാത്രം ആശ്രയിച്ചായിരിക്കുമെന്ന് സ്പീക്കർ മുഹമ്മദ് ബാഖിർ ഖലിബാഫ് പറഞ്ഞു. ഇറാൻ പാർലമെന്‍റും ഈ നിലപാടിനെ ശരിവച്ചു. അതേസമയം 2015ലെ ആണവ കരാർ പുനഃസ്ഥാപിക്കാനുള്ള നിർണായക ചറച്ച നടക്കാനിരിക്കെ, യു.എൻ ആണവ സമിതിയുമായുള്ള ഏറ്റുമുട്ടൽ ഇറാൻ താൽപര്യങ്ങളെ പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് യൂറോപ്യൻ രാജ്യങ്ങളുടെയും മറ്റും ആശങ്ക.