വെടിനിർത്തൽ പ്രാബല്യത്തിലായ ലബനാനിൽ സംഘർഷം അവസാനിക്കുന്നില്ല; താമസക്കാർക്ക് അതിർത്തികളിലേക്ക് മടങ്ങാൻ നിയന്ത്രണം വെച്ച് ഇസ്രായേൽ
തെക്കൻ ലബനാനിൽ ഇസ്രായേൽ സേന നിലയുറപ്പിച്ച ഭാഗങ്ങളിൽ പ്രവേശിക്കരുതെന്നും ഒഴിഞ്ഞുപോകാൻ ഉത്തരവിട്ട ഭാഗങ്ങളിലേക്ക് പൗരന്മാർ മടങ്ങരുതെന്നുമാണ് നിർദേശം
ബെയ്റൂത്ത്: ലബനാനിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നെങ്കിലും അതിർത്തി പ്രദേശങ്ങളിലേക്ക് മടങ്ങാൻ താമസക്കാർക്ക് നിയന്ത്രണവുമായി ഇസ്രായേൽ രംഗത്ത്.
14 മാസങ്ങൾ നീണ്ട ആക്രമണത്തിന് വെടിനിർത്തലിലൂടെ താൽക്കാലിക പരിഹാരമായെങ്കിലും ഇസ്രായേൽ-ലബനാൻ സംഘർഷം അവസാനിക്കുന്നില്ല. 60 ദിവസത്തേക്കാണ് വെടിനിർത്തൽ. അതിർത്തി പ്രദേശങ്ങളിലേക്ക് മടങ്ങാൻ കുടുംബങ്ങളെ അനുവദിക്കാൻ സമയമായില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേൽ കറ്റ്സും ഉത്തരവിട്ടു.
തെക്കൻ ലബനാനിൽ ഇസ്രായേൽ സേന നിലയുറപ്പിച്ച ഭാഗങ്ങളിൽ പ്രവേശിക്കരുതെന്നും ഒഴിഞ്ഞുപോകാൻ ഉത്തരവിട്ട ഭാഗങ്ങളിലേക്ക് പൗരന്മാർ മടങ്ങരുതെന്നുമാണ് നിർദേശം.
ലിറ്റാനി പുഴയുടെ വടക്കുഭാഗത്തുള്ള ഹിസ്ബുല്ല പോരാളികൾ പിൻവാങ്ങണമെന്നും ഉപാധിയുണ്ട്. ദക്ഷിണ ലബനാൻ അതിർത്തിയിൽ നിന്ന് ഏതാനും പേരെ ഇസ്രായേൽ പിടികൂടിയതും വെടിനിർത്തൽ കരാർ പ്രതീക്ഷകൾക്ക് തിരിച്ചടിയായി. ഇസ്രായേലിന്‍റെ സൈനിക പിൻമാറ്റത്തിന് ദിവസങ്ങൾ വേണ്ടി വരുമെന്നാണ് സൂചന. ദക്ഷിണ ലബനാനിലെ അതിർത്തി സുരക്ഷ, ലബനാൻ സൈന്യവും യുഎൻ സമാധാന സേനയും ഏറ്റെടുക്കും.യുഎസ് പ്രതിനിധി ഹമോസ് ഹോച്സ്റ്റിൻ ബെയ്റൂത്തിൽ ക്യാമ്പ് ചെയ്ത് ഇരുപക്ഷവുമായി ആശയ വിനിമയം തുടരുകയാണ്.
അതേസമയം ഫലസ്തീൻ പോരാളികൾക്കൊപ്പം ചേർന്ന് അധിനിവേശത്തിനെതിരായ പോരാട്ടം തുടരുമെന്ന് ഹിസ്ബുല്ല നേതൃത്വം പ്രതികരിച്ചു. ലബനാന്‍റെ പരമാധികാരവും സ്വാതന്ത്ര്യവും ഉറപ്പാക്കാൻ ജാഗ്രതയോടെ നിലയുറപ്പിക്കുമെന്നും ഹിസ്ബുല്ല അറിയിച്ചു.
അതിർത്തിയിൽ തുരങ്കം നിർമിക്കുകയോ റോക്കറ്റ് വർഷിക്കുകയോ ചെയ്താൽ ആക്രമണം പുനരാരംഭിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. ഇസ്രായേലിന് 860 മില്യൻ ഡോളറിന്‍റെ ആയുധസഹായം അനുവദിക്കാൻ ബൈഡൻ ഭരണകൂടം യുഎസ് കോൺഗ്രസിൽ ആവശ്യപ്പെട്ടു. ലബനാൻ കരാറുമായി ഇതിന് ബന്ധമില്ലെന്നാണ് പെന്‍റഗൺ നൽകുന്ന വിശദീകരണം.