ട്രംപിന്റെ ആഗ്രഹം പോലെ കാനഡ യുഎസിന്റെ ഭാഗമാകുമോ? ചരിത്രം പറയുന്നത് എന്ത്?
കാനഡ പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾ യുഎസ് ഇന്നും ഇന്നലെയും തുടങ്ങിയതല്ല.. 18ാം നൂറ്റാണ്ട് മുതലേ അതിന് കച്ചകെട്ടിയിറങ്ങിയതാണ് അമേരിക്ക
"കാനഡ ഒരുതരത്തിലും അമേരിക്കയുടെ ഭാഗമാകില്ല. രൂപത്തിലും ഭാവത്തിലും ഒന്നും..."- പറയുന്നത് വേറാരുമല്ല, കാനഡയുടെ പുതിയ പ്രധാനമന്ത്രി മാർക്ക് കാർണിയാണ്. കാനഡ ഞങ്ങളെടുക്കുമെന്ന, ട്രംപിന്റെ നിരന്തരമായ പ്രസ്താവനകൾക്ക് കനേഡിയൻ ഭരണകൂടം നൽകിയ കൃത്യമായ മറുപടി ആയിരുന്നു അത്.
കാനഡ പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾ യുഎസ് ഇന്നും ഇന്നലെയും തുടങ്ങിയതല്ല.. 18ാം നൂറ്റാണ്ട് മുതലേ അതിന് കച്ചകെട്ടിയിറങ്ങിയതാണ് അമേരിക്ക. അതുകൊണ്ടു തന്നെ ട്രംപിന്റെ ഇപ്പോഴത്തെ വാശിയെ, അദ്ദേഹത്തിന്റെ പൂർവികർ തുടങ്ങിവച്ച ദൗത്യത്തിന്റെ തുടർച്ചയായേ കാണാനാകൂ...
യുണൈറ്റഡ് സ്റ്റേറ്റ്‌സ് രൂപം കൊണ്ട കാലം മുതൽ കാനഡയെ കൂട്ടിച്ചേർക്കണമെന്ന ആവശ്യം അമേരിക്കയുടെ ഭാഗത്ത് നിന്ന് ശക്തമാണ്. ഒരുതരത്തിൽ യുഎസ് രൂപപ്പെടുന്നതിന് മുമ്പ്, 'ദി ആർട്ടിക്കിൾസ് ഓഫ് കോൺഫെഡറേഷൻ' എന്ന, ഭരണഘടനയുടെ ആദ്യ രൂപം പോലും, കാനഡ യുഎസിന് അധീനപ്പെട്ടിരിക്കുന്നു എന്നും യുഎസ് എന്ന യൂണിയൻ കൊണ്ടുണ്ടാകുന്ന എല്ലാ നേട്ടങ്ങളും കാനഡയ്ക്ക് അവകാശപ്പെടാമെന്നും പ്രതിപാദിക്കുന്നുണ്ട്.
1787ൽ യുഎസ് കോൺസ്റ്റിറ്റിയൂഷൻ രൂപപ്പെടുമ്പോൾ, ക്യൂബെക്, നോവ സ്‌കോഷ്യ, ന്യൂഫൗണ്ട്‌ലാൻഡ് എന്നീ പ്രദേശങ്ങൾ മാത്രം ഉൾപ്പെടുന്ന ചെറിയൊരു രാജ്യമായിരുന്നു കാനഡ. ഇവിടുത്തെ ജനങ്ങൾ ഭൂരിഭാഗവും കത്തോലിക്കരും ഫ്രഞ്ച് സംസാരിക്കുന്നവരുമായിരുന്നു. അതുകൊണ്ടുതന്നെ പ്യൂരിറ്റൻ ന്യൂ ഇംഗ്ലണ്ടേഴ്‌സ് എന്നറിയപ്പെട്ട ഇംഗ്ലീഷ് പ്രോട്ടസ്റ്റന്റ് സഭയിലെ ആളുകൾ നയിക്കുന്ന ഒരു രാജ്യവുമായി സന്ധിചേരാൻ അവർ താല്പര്യം പ്രകടിപ്പിച്ചില്ല.
അവരെ സംബന്ധിച്ചിടത്തോളം ലണ്ടനിൽ നിന്നുള്ള അധികാരപ്രയോഗം തന്നെ അവർക്ക് അസഹനീയമായിരുന്നു. പക്ഷേ 1774ലെ ക്യൂബെക് ആക്ട് പ്രകാരം ബ്രിട്ടീഷ് പാർലമെന്റ് അവർക്ക് പ്രത്യേക അധികാരങ്ങൾ നൽകിവന്നിരുന്നതിനാൽ അവരിതിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നില്ല. കത്തോലിക്കാ രീതി പിന്തുടരാനും ഫ്രഞ്ച് യഥേഷ്ടം ഉപയോഗിക്കാനും ഫ്രഞ്ച് സിവിൽ നിയമം പുനഃസ്ഥാപിക്കാനുമൊക്കെ ഈ നിയമം അവർക്ക് അധികാരം നൽകിയിരുന്നു.തന്നെയുമല്ല ആ സമയം കാനഡയുടെ ഏറെക്കുറേ വ്യാപാരബന്ധങ്ങളെല്ലാം ബ്രിട്ടനുമായി ചേർന്നായിരുന്നു.
കാനഡയുടെ മൃഗത്തോൽ, മത്സ്യവ്യാപാരങ്ങളെല്ലാം ബ്രിട്ടനുമായുള്ള സഹകരണത്തിൽ തെറ്റില്ലാതെ നടന്നുവന്നു. ബ്രിട്ടീഷ് കപ്പലുകൾക്ക് കനേഡിയൻ തുറമുഖങ്ങളിൽ ആധിപത്യം നിലനിർത്താൻ പ്രത്യേക നിയമനിർമാണം പോലുമുണ്ടായിരുന്നു. ഇതിന് പകരമായി, അന്ന് ബ്രിട്ടന്റെ കീഴിലായിരുന്ന കരീബിയൻ കോളനികളിൽ നിന്ന്, കാനഡ പരുത്തി, റം, പഞ്ചസാര പോലെയുള്ള വസ്തുക്കൾ സുലഭമായി ഇറക്കുമതിയും ചെയ്തു.
എന്നാൽ പിന്നീടാണ് കാര്യങ്ങൾ കലങ്ങിമറിഞ്ഞത്. അമേരിക്കയിലെ ബ്രിട്ടീഷ് കോളനിക്കാർ ഗ്രേറ്റ് ബ്രിട്ടന്റെ ഭരണത്തിനെതിരെ സമരം തുടങ്ങി. 1775 മുതൽ 1783 വരെ നടന്ന അമേരിക്കൻ വിപ്ലവത്തിൽ നിരവധി യുദ്ധങ്ങൾ നടന്നു, കോളനികൾ സ്വാതന്ത്ര്യം നേടി. പലതും അമേരിക്കയ്ക്ക് കീഴിൽ സ്വതന്ത്ര രാജ്യവുമായി. പക്ഷേ ഈ കാലമായപ്പോഴേക്കും കാനഡയും ബ്രിട്ടനും വ്യാപാരപരമായി വളരെയധികം ബന്ധപ്പെട്ടുകഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ അമേരിക്കൻ വിപ്ലവകാരികളുടെ വിജയാഘോഷം മരണമണിയായി കാനഡയ്ക്ക് തോന്നിത്തുടങ്ങി. അവർ അമേരിക്കയുടെ കടന്നുകയറ്റത്തെ എതിർക്കാൻ ആരംഭിച്ചു.
പക്ഷേ ഈ എതിർപ്പൊന്നും വകവയ്ക്കാതെ ആയിരുന്നു അമേരിക്കയുടെ മുന്നേറ്റം. ബ്രിട്ടനിൽ നിന്ന് കാനഡയ്ക്ക് മേൽ അധികാരം സ്ഥാപിക്കാൻ അമേരിക്ക കനത്ത പരിശ്രമം തുടങ്ങി. ഈ പരിശ്രമം വർഷങ്ങൾ നീണ്ടു. അമേരിക്കൻ വിപ്ലവത്തിന്റെ മറക്കാനാവാത്ത, നിന്ദ്യമായ ഒരേടായിരുന്നു 1775ലേത്. കാനഡയിൽ നിന്ന് ക്യൂബെക്ക് പിടിച്ചെടുക്കാൻ അമേരിക്ക വലിയ പട നയിച്ച വർഷമാണിത്. പക്ഷേ തികച്ചും ബലഹീനമായ നേതൃത്വവും അംഗസംഖ്യയിലെ പോരായ്മയും സമരതന്ത്രങ്ങൾ നടപ്പാക്കുന്നതിലുണ്ടായ വീഴ്ചയുമൊക്കെ കാരണം കാനഡയ്ക്ക് മുന്നിൽ അമേരിക്ക അടിയറവ് പറഞ്ഞു.
എന്നാൽ തോറ്റുപിന്മാറാൻ യുഎസ് ഒരുക്കമായിരുന്നില്ല. ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച 1776ൽ അടുത്ത ശ്രമം നടത്തി യുഎസ്. അതും വിജയം കണ്ടില്ല. അതിൽ പിന്നിലെ ബ്രിട്ടനുമായുള്ള 1812ലെ യുദ്ധം വരെ കാനഡ പിടിച്ചെടുക്കാൻ അമേരിക്ക ശ്രമിച്ചില്ല.
1812ലേത് കാനഡയ്ക്ക് മേൽ യുഎസ് നടത്തിയ ശക്തമായ കടന്നുകയറ്റമായിരുന്നു. ബ്രിട്ടനുമായി ഉണ്ടായിരുന്ന സമുദ്രസംബന്ധിയായ വഴക്കുകളിൽ വിലപേശുന്നതിന് വേണ്ടിയാണ് പ്രധാനമായും കാനഡയെ അമേരിക്ക നോട്ടമിട്ടിരുന്നത്. ഇത് മുന്നിൽക്കണ്ട് 3 ഘട്ടമായുള്ള ആക്രമണമായിരുന്നു അമേരിക്കയുടെ പദ്ധതി. എന്നാൽ ബ്രിട്ടന്റെയും നേറ്റീവ് അമേരിക്കൻസിന്റെയും പിന്തുണയോടെ ഈ ശ്രമവും തകർത്ത് തരിപ്പണമാക്കി കൊടുത്തു കാനഡ.
പിന്നീട് 1861ലെ യുഎസ് സിവിൽ വാറിന്റെ സമയത്താണ് വീണ്ടുമൊരു ശ്രമവുമായി അമേരിക്ക എത്തുന്നത്. ബ്രിട്ടനുമായുള്ള ബന്ധം മൂലം കാനഡ നിർബന്ധിതമായി യുഎസിനോട് സന്ധി ചേരണം എന്ന് പലയിടത്തും നിന്നും ആവശ്യങ്ങളുയർന്നു. പക്ഷേ ഇതും നടപ്പിലായില്ല.
ഇതിനിടെ, സിവിൽ വാർ അവസാനിച്ച് തൊട്ടടുത്ത വർഷം 1866 ജൂണിൽ, ഏകദേശം 1500ഓളം ഐറിഷ് അമേരിക്കൻസ് നയാഗ്ര നദി വഴി കാനഡയിലേക്ക് കടന്നുകയറി ഒരു മിന്നലാക്രമണം നടത്തി. അയർലൻഡിനെ ബ്രിട്ടനിൽ നിന്ന് വേർപെടുത്തി സ്വതന്ത്രരാജ്യമാക്കുന്നതിന് കാനഡയെ വെച്ച് വിലപേശുകയായിരുന്നു ഈ ആക്രമണത്തിന്റെ ലക്ഷ്യം. ഈ ശ്രമം പക്ഷേ വിജയം കണ്ടു. കനേഡിയൻ സൈനികരിൽ ഒരു ചെറിയ വിഭാഗത്തിനെയെങ്കിലും പരാജയപ്പെടുത്താൻ അവർക്കായി. പക്ഷേ കാനഡയ്ക്കായി ബ്രിട്ടീഷ് സൈന്യം ഇരച്ചെത്തിയതോടെ ഇവർ പിൻവാങ്ങി. പിന്നീട് മോൺട്രിയലിന് തെക്കും ഇവർ ആക്രമണത്തിന് മുതിർന്നെങ്കിലും പരാജയപ്പെടുകയാണുണ്ടായത്.
പക്ഷേ കാനഡയെ കീഴ്‌പ്പെടുത്താനുള്ള ശ്രമം ഉപേക്ഷിക്കാൻ യുഎസ് ഒരുക്കമായിരുന്നില്ല. 1870ലും 1871ലും സമാനരീതിയിൽ യുഎസിന്റെ ഭാഗത്ത് നിന്ന് സൈനികമുന്നേറ്റങ്ങളുണ്ടായി. ഇവയെല്ലാം കാനഡ അതിസമർഥമായി പ്രതിരോധിക്കുകയും ചെയ്തു.
പിന്നീട് കാനഡയ്‌ക്കെതിരായി വലിയൊരു ആക്രമണത്തിന് യുഎസ് പദ്ധതിയിട്ടിരുന്നു. 1927ലായിരുന്നു ഇത്. വാർ പ്ലാൻ റെഡ് എന്നറിയപ്പെടുന്ന ഈ പദ്ധതി, കാനഡയിലേക്ക് ഇരച്ചുകയറുക, നോവ സ്‌കോഷ്യയെ വിഷവാതകം ഉപയോഗിച്ച് വാസയോഗ്യമല്ലാതാക്കുക, ബ്രിട്ടനും കാനഡയും തമ്മിലുള്ള സമുദ്രാന്തര വാർത്താവിനിമയം നശിപ്പിക്കുക എന്നിവയൊക്കെ ഉൾപ്പെടുന്നതായിരുന്നു. എന്നാലിത് ഭാഗ്യവശാൽ നടന്നില്ലെന്ന് മാത്രമല്ല, കാനഡയെ പിടിച്ചെടുക്കാനുള്ള ശ്രമം അതോടെ യുഎസ് ഉപേക്ഷിക്കുകയും ചെയ്തു.പിന്നീട് 2024ൽ ട്രംപ് ആണ് ഈ ആവശ്യം പൊടിതട്ടി എടുക്കുന്നത്.
ഇനി യുഎസിനെ വലിയ രീതിയിൽ പ്രതിരോധിച്ചെങ്കിലും യുഎസിനോട് ചേരാൻ താല്പര്യം പ്രകടിപ്പിക്കുന്നവരും കാനഡയിലുണ്ട്. ജനാധിപത്യപരമായ പ്രാതിനിധ്യം വർധിപ്പിക്കുന്നതിന് വേണ്ടി 1840ൽ അപ്പർ കാനഡയിലുണ്ടായിരുന്ന, റിപ്പബ്ലിക്കൻ കൺസർവേറ്റീവ്‌സ് യുഎസിൽ ചേരാൻ സന്നദ്ധരായി മുന്നോട്ടുവന്നിരുന്നു. ഫ്രഞ്ച്-കനേഡിയൻ ആധിപത്യത്തിൽ നിന്ന് രക്ഷ നേടാൻ 1850ൽ, ക്യൂബെക്കിലുള്ള അമേരിക്കൻ കുടിയേറ്റക്കാരും ശ്രമം നടത്തി. 1871ൽ കാനഡയിലേക്ക് ചേരുന്നതിന് മുമ്പ് അമേരിക്കയുമായി സന്ധി ചേരാൻ ബ്രിട്ടീഷ് കൊളംബിയയിലെ ജനങ്ങളും അപേക്ഷ നൽകിയിരുന്നു.
ഈ നീക്കത്തിലെ സുപ്രധാന ഏടുകളായിരുന്നു, ന്യൂഫൗണ്ട്‌ലാൻഡിലെ ഇക്കണോമിക് യൂണിയൻ പാർട്ടിയും സസ്‌കാചുവാനിലെ യൂണിയനെസ്റ്റ് പാർട്ടിയും 1950ലും 1980ലുമായി യുഎസിൽ ചേരാൻ സമ്മതം അറിയിച്ചത്. സാമ്പത്തികനേട്ടം പ്രതീക്ഷിച്ചായിരുന്നു ഈ നീക്കം.
പിന്നീട് 1980ൽ പാർട്ടി 51 എന്ന പാർട്ടി, ക്യൂബെക്ക് യുഎസുമായി സന്ധിചേരേണ്ടതിന്റെ ആവശ്യകത വിവരിച്ച് മുന്നോട്ടുവന്നു. പക്ഷേ കാര്യമൊന്നുമുണ്ടായില്ലെന്ന് മാത്രമല്ല, ഈ പാർട്ടി പിന്നീട് പിരിച്ചുവിടുകയും ചെയ്തു.
ഇക്കഴിഞ്ഞ ജനുവരിയിൽ നടന്ന ഒരു സർവേയിൽ യുഎസിൽ ചേരുന്നതിനെ 80ശതമാനം കാനഡക്കാരും എതിർക്കുന്നതായി കണ്ടെത്തിയിരുന്നു. ഒരുകാലത്തും യുഎസിൽ ചേരില്ലെന്നും കാനഡ കനേഡിയൻസിന്റേത് മാത്രമാണെന്നും ഊന്നിപ്പറയുകയാണ് ജനങ്ങൾ. ഒരു തരത്തിൽ, കാനഡയുടെ നിലവിലെ സമീപനത്തെ, ന്യൂ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ജഗ്മീത് സിങ്ങിന്റെ വാക്കുകളിൽ ഇങ്ങനെ വിവരിക്കാം...
നുണ പറയുന്നത് നിർത്തൂ ട്രംപ്, ഒരു കനേഡിയനും നിങ്ങൾക്കൊപ്പം ചേരാൻ ആഗ്രഹിക്കുന്നില്ല...
ഞങ്ങൾ കനേഡിയൻസാണ്.. പരസ്പരം താങ്ങാവുന്നതിലും ഞങ്ങളുടെ രാജ്യത്തിന് വേണ്ടി ഒറ്റക്കെട്ടായി നിൽക്കുന്നതിലും അഭിമാനിക്കുന്നവർ...
നിങ്ങളുടെ പ്രഹരങ്ങൾ ഇരുവശത്തും പരിക്കുകളുണ്ടാക്കുകയേ ഉള്ളൂ...
നിങ്ങൾ കാനഡയെ വിലയ്ക്ക് വാങ്ങാൻ വന്നു, അതിന് കനത്ത വില നൽകേണ്ടി വരും...