വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് 100 ഡോളര്‍ ഇന്‍സെന്‍റീവ് നല്‍കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ച് ബൈഡന്‍
ഓരോരുത്തരും പ്രതിരോധ കുത്തിവെപ്പ് എടുത്തുവെന്ന് ഉറപ്പാക്കാന്‍ ഫെഡറല്‍ ജീവനക്കാരോടും ബൈഡന്‍ ആവശ്യപ്പെട്ടു
ഇടവേളക്ക് ശേഷം അമേരിക്കയില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. ഒരു ഘട്ടത്തില്‍ മാസ്ക് ഒഴിവാക്കിയ ഇവിടെ വീണ്ടും വീടിനകത്തും മാസ്ക് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. കോവിഡ് കൂടുമ്പോഴും ഭൂരിഭാഗം അമേരിക്കക്കാരും വാക്സിനെടുക്കാന്‍ മടി കാണിക്കുകയാണ്. ഈ സാഹചര്യത്തില്‍ പുതിയൊരു തന്ത്രവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പ്രസിഡന്‍റ് ജോ ബൈഡന്‍. വാക്സിനെടുക്കുന്നവര്‍ക്ക് 100 ഡോളര്‍ ഇന്‍സെന്‍റീവ് നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് ബൈഡന്‍.
കോവിഡ് പ്രതിരോധ കുത്തിവെപ്പുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് പൌരന്‍മാര്‍ക്ക് 100 ഡോളര്‍ പേയ്മെന്‍റുകള്‍ വാഗ്ദാനം ചെയ്യുന്നതിനായി 1.9 ട്രില്യണ്‍ ഡോളര്‍ അമേരിക്കന്‍ റെസ്‌ക്യൂ പ്ലാനില്‍ നിന്ന് പണം ഉപയോഗിക്കാന്‍ ബൈഡന്‍ വ്യാഴാഴ്ച സംസ്ഥാന, പ്രാദേശിക സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. ഓരോരുത്തരും പ്രതിരോധ കുത്തിവെപ്പ് എടുത്തുവെന്ന് ഉറപ്പാക്കാന്‍ ഫെഡറല്‍ ജീവനക്കാരോടും ബൈഡന്‍ ആവശ്യപ്പെട്ടു. ഔദ്യോഗിക കണക്കുകൾ പ്രകാരം ജനസംഖ്യയില്‍ പകുതിയിൽ താഴെ മാത്രമാണ് പൂർണമായും പ്രതിരോധ കുത്തിവെപ്പ് എടുത്തത്.
''തീവ്രവ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദം മൂലമാണ് കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടി വന്നത്. പൊതുജനങ്ങള്‍ വാക്സിനെടുക്കാത്തതും സ്ഥിതി കൂടുതല്‍ ഗുരുതരമാക്കി. ഇതിനോടകം കുത്തിവെപ്പ് എടുത്തിട്ടുള്ള അമേരിക്കക്കാർക്ക് ഈ ധനസഹായം അനീതിയാണെന്ന് തോന്നിയേക്കാം, എന്നാൽ കൂടുതൽ ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്താനായാൽ നമുക്കെല്ലാവർക്കും പ്രയോജനം ലഭിക്കും'' വൈറ്റ് ഹൌസില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു.
രോഗവ്യാപനം തടയുന്നതിനുള്ള ഫലപ്രദമായ മാർഗമല്ല പ്രതിവാര പരിശോധനയെന്ന് പൊതുജനാരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. എന്നാല്‍ കണക്കുകള്‍ പ്രകാരം കോവിഡ് ബാധിച്ച് കഴിഞ്ഞ മാസം മരിച്ചവരില്‍ 99 ശതമാനവും വാക്സിനെടുക്കാത്തവരായിരുന്നു.