കോവിഡ് വ്യാപനം കൂടുന്നു; വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി അമേരിക്ക
പുറത്തു മാത്രമല്ല വീടിനകത്തും മാസ്ക് ധരിക്കണമെന്ന് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ചൊവ്വാഴ്ച അമേരിക്കക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി
കോവിഡ് വകഭേദങ്ങളുടെ വര്‍ധനവ് വ്യാപകമായതിനെ തുടര്‍ന്ന് അമേരിക്കയില്‍ വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി. പുറത്തു മാത്രമല്ല വീടിനകത്തും മാസ്ക് ധരിക്കണമെന്ന് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ചൊവ്വാഴ്ച അമേരിക്കക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. അതേസമയം കാനഡയിലെ നാലു പ്രവിശ്യകള്‍ മാസ്‌ക് ധരിക്കുന്നതു സംബന്ധിച്ച നിയമങ്ങളില്‍ ഇളവ് വരുത്തി.
ഡെല്‍റ്റ വകഭേദങ്ങളുടെ വ്യാപനം തടയാന്‍ എല്ലാവരും എവിടെ പോകുമ്പോഴും മാസ്ക് ധരിക്കണമെന്ന് സി.ഡി.സി നിര്‍ദേശിച്ചു. സ്കൂളുകളില്‍ വിദ്യാര്‍ഥികളും ജീവനക്കാരും മാസ്ക് നിര്‍ബന്ധമായും ഉപയോഗിക്കണം. വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം മാസ്ക് ധരിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും എന്നാല്‍ സഹപാഠികള്‍ക്കൊപ്പം പൂര്‍ണമായ പരിരക്ഷയോടെ അവരെ പഠിക്കാന്‍ അനുവദിക്കുമെന്നും പ്രസിഡന്‍റ് ജോ ബൈഡന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല പുറത്തുവിട്ട കണക്കുകള്‍ പ്രകാരം തിങ്കളാഴ്ച അമേരിക്കയില്‍ 89,418 പേര്‍ക്കാണ് ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ചകളില്‍ വൈറസ് ബാധ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച 97 ശതമാനം പേരും വാക്സിനെടുക്കാത്തവരായിരുന്നു. ജൂലൈ പകുതിയോടെ, രാജ്യത്തെ ജനസംഖ്യയുടെ പകുതിയിൽ താഴെ മാത്രം പേര്‍ക്കാണ് പ്രതിരോധ കുത്തിവെപ്പ് നടത്തിയത്. ഭൂരിഭാഗം അമേരിക്കക്കാരും ഇപ്പോഴും വാക്സിന്‍ സ്വീകരിക്കാന്‍ മടി കാണിക്കുകയാണ്. ഈ വിമുഖതയ്ക്ക് കാരണമാകുന്ന വാക്സിനുകളെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെക്കുറിച്ച് വിദഗ്ധര്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
കോവിഡ് തുടങ്ങിയപ്പോള്‍ മുതല്‍ അമേരിക്കയില്‍ മാസ്ക് ഒരു ചര്‍ച്ചാവിഷയമാണ്. മാസ്ക് ധരിക്കുന്നതിനോട് പലര്‍ക്കും വിയോജിപ്പാണ്. മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പോലും മാസ്കിനെതിരെ പരസ്യമായി രംഗത്തു വന്നിരുന്നു. മാത്രമല്ല മാസ്ക് ധരിക്കാതെ പല പൊതുചടങ്ങുകളിലും പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.