85% പേരും വാക്‌സിനെടുത്തു; എന്നിട്ടും കോവിഡ്- ലോക്ക്ഡൗൺ പ്രഖ്യാപിച്ച് നെതർലാൻഡ്‌സ്

മുതിര്‍ന്നവരിലെ കോവിഡ് വാക്‌സിനേഷൻ ഏകദേശം പൂർത്തീകരിച്ച രാഷ്ട്രമാണ് നെതർലാൻഡ്‌സ്.

Update: 2021-11-13 05:41 GMT
Editor : abs | By : Web Desk
Advertising

ആംസ്റ്റർഡാം: കോവിഡ് കേസുകൾ വർധിച്ചതോടെ വീണ്ടും ഭാഗിക ലോക്ക്ഡൗൺ പ്രഖ്യാപിച്ച് നെതർലാൻഡ്‌സ്. ഈ വേനൽക്കാലത്തിന് ശേഷം നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുന്ന ആദ്യ യൂറോപ്യൻ രാഷ്ട്രമാണ് നെതർലാൻഡ്‌സ്. വെള്ളിയാഴ്ച കെയർടേക്കർ പ്രധാനമന്ത്രി മാർക്ക് റുട്ടെയാണ് പ്രഖ്യാപനം നടത്തിയത്. മൂന്നാഴ്ചത്തേക്കാണ് നിയന്ത്രണങ്ങള്‍. 

രാത്രി എട്ടു മണിക്ക് ബാറുകളും റസ്റ്ററൻഡുകളും അടയ്ക്കണമെന്നാണ് നിര്‍ദേശം. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകളും എട്ടു മണിക്ക് അടയ്ക്കണം. അവശ്യേതര വസ്തുക്കൾ വിൽക്കുന്ന കടകൾ ആറു മണി വരെ മാത്രമേ പ്രവർത്തിക്കാവൂ. വീട്ടില്‍ ഒരേസമയം നാല് അതിഥികളെ മാത്രമാണ് അനുവദിക്കുക. അമേച്വർ, പ്രൊഫഷണൽ കായിക മത്സരങ്ങളെല്ലാം അടച്ചിട്ട വേദികൾക്കുള്ളിൽ നടത്തണം.

ആളുകളോട് വീടുകളിൽ കഴിയാനും വർക്ക് ഫ്രം ഹോം നടപ്പാക്കാനും സർക്കാർ നിർദേശിച്ചു. കോവിഡ് വാക്‌സിനേഷൻ ഏകദേശം പൂർത്തീകരിച്ച (85%) രാഷ്ട്രമാണ് നെതർലാൻഡ്‌സ്. വാക്‌സിൻ എടുത്തവർക്കും അല്ലാത്തവർക്കും നിയന്ത്രണങ്ങൾ ബാധകമാണ്.

ദിനംപ്രതി ഇരുപതിനായിരത്തോളം കോവിഡ് പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞയാഴ്ചയാണ് മാസ്‌കും സാമൂഹിക അകലവും രാജ്യത്ത് വീണ്ടും നിർബന്ധമാക്കിയത്.

അതേസമയം, സർക്കാർ തീരുമാനത്തിനെതിരെ ബാർ ആൻഡ് റസ്റ്ററൻഡ് ഉടമകൾ രംഗത്തെത്തി. ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് വൻ തിരിച്ചടിയാണ് സർക്കാർ നയമെന്ന് അവർ കുറ്റപ്പെടുത്തി. ജനങ്ങളില്‍നിന്നുള്ള പ്രതിഷേധവും ശക്തമാണ്. നെതർലാൻഡ്‌സിന് പുറമേ, ജർമനിയും ഓസ്ട്രിയയിലും കോവിഡ് കേസുകൾ വർധിച്ചുവരികയാണ്. വാക്‌സിനെടുക്കാത്തവർക്ക് ഈയിടെ ഓസ്ട്രിയ സഞ്ചാരനിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വലിയ പരിപാടികൾ ഒഴിവാക്കാൻ ജർമനിയിൽ സർക്കാർ നിർദേശമുണ്ട്.

ചില യൂറോപ്യൻ രാജ്യങ്ങൾ വീണ്ടും ബുദ്ധിമുട്ടേറിയ സാഹചര്യത്തിലേക്ക് നീങ്ങുകയാണെന്ന് ലോകാരോഗ്യ സംഘടനാ എമർജൻസി വിഭാഗം മേധാവി ഡോ മൈക്കൽ റ്യാൻ പറഞ്ഞു. കോവിഡ് വ്യാപനം കുറയ്ക്കാൻ കുറച്ചുസമയത്തേക്കെങ്കിലും നിയന്ത്രണങ്ങൾ അനിവാര്യമാണ് എന്നും റ്യാൻ കൂട്ടിച്ചേർത്തു.

Content Highlight: The Netherlands has again announced a partial lockdown as covid cases increase. The Netherlands is the first European country to announce restrictions after this summer. The announcement was made by Caretaker Prime Minister Mark Rutte on Friday.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News