സർക്കാറുകൾ പുറത്തുവിട്ട കണക്കുകളെക്കാൾ അധികമാണ് യഥാർത്ഥ കോവിഡ് മരണങ്ങളുടെ എണ്ണമെന്ന് പഠനം
വിവിധ രാജ്യങ്ങള്‍ പുറത്തുവിട്ട കണക്കുകളെക്കാൾ 13 ഇരട്ടിയോളം വരും യഥാർത്ഥ മരണമെന്നാണ് പഠനം പറയുന്നത്
വിവിധ രാജ്യങ്ങളിലെ സർക്കാറുകൾ പുറത്തുവിട്ട കണക്കുകളെക്കാൾ അധികമാണ് യഥാർത്ഥ കോവിഡ് മരണങ്ങളുടെ എണ്ണമെന്ന് പഠനം. അമേരിക്കയിലെ വാഷിങ്ടൺ ഇൻസിസ്റ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്‌സ് ഇവാലുവേഷൻ (ഐഎച്ച്എംഇ) നടത്തിയ പഠനത്തിന്റെ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
സർക്കാർ പുറത്തുവിട്ട കണക്കുകളെക്കാൾ 13 ഇരട്ടിയോളം വരും യഥാർത്ഥ മരണമെന്നാണ് പഠനം പറയുന്നത്.
കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച രാജ്യമായ അമേരിക്കയിൽ ഔദ്യോഗിക കണക്ക് പ്രകാരം 5.7 ലക്ഷം ആൾക്കാരാണ് മരിച്ചത്. പക്ഷേ യഥാർത്ഥത്തിൽ ഇത് 9 ലക്ഷത്തോളം വരുമെന്നാണ് പഠനം പറയുന്നത്.
കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച രണ്ടാമത്തെ രാജ്യമായ ഇന്ത്യയിൽ ഇതുവരെ 2.2 ലക്ഷം ആൾക്കാരാണ് എന്നാണ് സർക്കാർ കണക്ക്. പക്ഷേ ഇതുവരെ 6.5 ലക്ഷം ആൾക്കാർ കോവിഡ് ബാധിച്ച് ഇന്ത്യയിൽ മരിച്ചെന്നാണ് ഐഎച്ച്എംഇയുടെ പഠനം പറയുന്നത്.
മെക്‌സിക്കോയിലെ ഔദ്യോഗിക കോവിഡ് മരണത്തിന്‍റെ കണക്ക് 2.17 ലക്ഷമാണ്. പക്ഷേ ഇത് 6.17 ലക്ഷം വരെയാകാം.
കോവിഡ് മരണത്തിന്റെ കണക്കിൽ ഇത്തരത്തിൽ വ്യത്യാസം വരാൻ കാരണമായി പഠനം ചൂണ്ടിക്കാണിക്കുന്നത് ആശുപത്രികളിൽ വച്ചോ സ്ഥിരീകരിച്ച അണുബാധയുള്ള രോഗികളോ മരിച്ചാൽ മാത്രമാണ് രാജ്യങ്ങൾ അത് കോവിഡ് മരണമായി റിപ്പോർട്ട് ചെയ്യുന്നതു കൊണ്ടാണ്.
നിരവധി പേരാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യാതെ മരിച്ചു പോകുന്നത്. ലോകത്തെ കോവിഡ് മിക്ക രാജ്യങ്ങളിലേയും കണക്ക് പഠനത്തിൽ പറയുന്നെണ്ടെങ്കിലും കോവിഡ് കണക്കിൽ കൃത്രിമ കാണിച്ചുവെന്ന് ആരോപണം നേരിട്ട ചൈനയെ കുറിച്ച് റിപ്പോർട്ടില്‍ പറയുന്നില്ല.