കോവിഡ്: പകുതിയിലേറെ അമ്മമാർ ഇപ്പോൾ കുട്ടികൾ വേണ്ടെന്ന തീരുമാനത്തിലെത്തിയെന്ന് പഠനം

ആരോഗ്യ, സാമ്പത്തിക പ്രത്യാഘാതങ്ങൾക്ക് അപ്പുറം പകർച്ചവ്യാധി സമൂഹത്തിൽ സൃഷ്ടിക്കുന്ന മാറ്റങ്ങൾക്ക് ഉദാഹരണമാണിതെന്ന് പഠനം നയിച്ച എപിഡമോളജിസ്റ്റ് ലിൻഡ കാൻ ചൂണ്ടിക്കാട്ടുന്നു

Update: 2021-12-07 16:14 GMT
Advertising

മുമ്പ് ഗർഭിണികളാകാൻ ഒരുങ്ങി നിന്ന അമ്മമാർ കോവിഡെത്തിയതോടെ കുട്ടികൾ ഇപ്പോൾ വേണ്ടെന്ന തീരുമാനത്തിലെത്തിയെന്ന് പഠനം. ന്യൂയോർക്കിലെ അമ്മമാർക്കിടയിൽ നടത്തിയ പഠനം ജാമാ നെറ്റ്‌വർക്ക് ഓപ്പൺ ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. എൻവൈയു ഗ്രോസ്മാൻ സ്‌കൂൾ ഓഫ് മെഡിസിൻ ഗവേഷകർ ന്യൂയോർക്കിലെ 1179 അമ്മമാർക്കിടയിലാണ് പഠനം നടത്തിയത്. ഇവരിൽ മൂന്നിലൊന്ന് പേരും മുമ്പ് ഗർഭിണികളാകാൻ ആഗ്രഹിച്ചിരുന്നെങ്കിലും ഇപ്പോൾ വേണ്ടെന്ന തീരുമാനത്തിലാണ്. കോവിഡ് തുടങ്ങി ആദ്യ മാസങ്ങളിലാണ് ഇവർ ഈ നിലപാട് സ്വീകരിച്ചത്. വലിയ കുടുംബമാകുന്നതിൽ കോവിഡെത്തിയതോടെ ഇവർ നിയന്ത്രണം കൊണ്ടുവെന്ന് പഠനം നയിച്ച എപിഡമോളജിസ്റ്റ് ലിൻഡ കാൻ പറയുന്നു. ആരോഗ്യ, സാമ്പത്തിക പ്രത്യാഘാതങ്ങൾക്ക് അപ്പുറം പകർച്ചവ്യാധി സമൂഹത്തിൽ സൃഷ്ടിക്കുന്ന മാറ്റങ്ങൾക്ക് ഉദാഹരണമാണിതെന്ന് കാൻ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകൾക്ക് പ്രായമേറും തോറും ഗർഭാധാരണം കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. കോവിഡ് മൂലം വൈകുന്ന ഗർഭാധാരണത്തിൽ കുഞ്ഞിനും അമ്മക്കും പ്രശ്‌നങ്ങളുണ്ടായേക്കാം. ചെലവേറിയ വന്ധ്യത ചികിത്സയടക്കം വേണ്ടിവന്നേക്കും -എൻവൈയു ലാൻഗോൺ ഹെൽത്തിലെ ഡിപാർട്ട്‌മെൻറ് ഓഫ്പീഡിയാട്രിക്‌സ് ആൻഡ് പോപുലേഷൻ ഹെൽത്തിലെ അസിസ്റ്റൻറ് പ്രഫസറായ കാൻ പറഞ്ഞു.

പഠനത്തിൽ പങ്കെടുത്ത സ്ത്രീകൾക്കെല്ലാം മൂന്നോ അതിലേറെയോ പ്രായമുള്ള കുട്ടികൾ ഉണ്ടെന്നും ഇനിയുമൊരു കുഞ്ഞിനെ കൂടി ന്യൂയോർക്ക് നഗരത്തിൽ പകർച്ചവ്യാധിക്കിടെ വളർത്താനുള്ള ബുദ്ധിമുട്ടായിരിക്കാം തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചതെന്നും അവർ പറഞ്ഞു. കോവിഡിന് ശേഷം അമേരിക്കയിൽ കുറഞ്ഞ ജനനനിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2020 ൽ മൂന്നു ലക്ഷം ജനനമാണ് നടന്നിരിക്കുന്നത്. കോവിഡ് തീവ്രമായ മാർച്ചോടെ ജനനനിരക്ക് കുറഞ്ഞത് കാണാം. എന്നാൽ ഈ രീതിക്ക് പിറകിലുള്ള കാരണങ്ങൾ സംബന്ധിച്ച പഠനങ്ങൾ അധികം നടന്നിട്ടില്ല.

വലിയ സാമ്പത്തിക ബാധ്യതയും മാനസിക സംഘർഷവുമുള്ളവർ ഇനിയൊരു കുട്ടി വേണ്ടെന്ന തീരുമാനത്തിലെത്തുകയോ ഗർഭാധാരണം വൈകിയാകാമെന്ന് തീരുമാനിക്കുകയോ ചെയ്തിരിക്കുകയാണ്. നിലവിൽ പഠനം നടത്തിയിരിക്കുന്നത് ഗർഭാധാരണം ആസൂത്രണം ചെയ്തവർക്കിടയിലാണ്. അത്തരം ആസൂത്രണങ്ങളില്ലാതെ ഗർഭിണികളായവരെ പഠനത്തിൽ ഉൾക്കൊള്ളിച്ചിട്ടില്ല.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News