എവറസ്റ്റും കയറി കോവിഡ്; നോര്‍വെയില്‍ നിന്നുള്ള പര്‍വതാരോഹകന് രോഗം

Update: 2021-04-24 07:44 GMT
Editor : Jaisy Thomas | By : Web Desk
Advertising

അവസാനം കൊറോണ വൈറസ് എവറസ്റ്റ് കൊടുമുടിയിലെത്തി. എവറസ്റ്റിന്‍റെ ബേസ് ക്യാമ്പില്‍ പര്‍വതാരോഹകന് കോവിഡ് സ്ഥിരീകരിച്ചു. നോര്‍വെയില്‍ നിന്നുള്ള എര്‍ലെന്‍ഡ് നെസ് എന്ന പര്‍വതാരോഹകനാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ദ ഹില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നെസിനെ ഹെലികോപ്റ്ററിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. തനിക്കൊപ്പമുള്ള ഷെര്‍പയ്ക്കും കോവിഡ് സ്ഥിരീകരിച്ചതായി അദ്ദേഹം നോര്‍വീജിയന്‍ റേഡിയോ മാധ്യമത്തോട് പറഞ്ഞിരുന്നു. പര്‍വതാരോഹണത്തിലുള്ള മറ്റാര്‍ക്കും കോവിഡ് ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 8,000 മീറ്ററിന് മുകളില്‍ നിന്ന് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ആളുകളെ ഒഴിപ്പിക്കുന്നത് അസാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എവറസ്റ്റില്‍ നിന്നുള്ള കോവിഡ് രോഗികള്‍ ചികിത്സ തേടിയതായി കാഠ്മണ്ഡുവിലെ സി.ഐ.ഡബ്യു.ഇ.സി. ആശുപത്രി സ്ഥിരീകരിച്ചു. എന്നാല്‍ രോഗികളുടെ എണ്ണം ആശുപത്രി പുറത്തുവിട്ടിട്ടില്ല. എവറസ്റ്റില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയ ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്നും എന്നാല്‍, ഇക്കാര്യത്തില്‍ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ സാധിക്കില്ലെന്നും കാഠ്മണ്ഡുവിലെ ആശുപത്രിയിലെ മെഡിക്കല്‍ ഡയറക്ടര്‍ പ്രതിവ പാണ്ഡെ എഎഫ്പിയോട് പറഞ്ഞു.

ഇതുവരെ പര്‍വതാരോഹകര്‍ക്ക് ഇടയില്‍ കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് നേപ്പാളിലെ ടൂറിസം വകുപ്പിന്‍റെ വക്താവ് മീര ആചാര്യ വ്യക്തമാക്കിയത്. ഏപ്രില്‍ 15ന് പര്‍വതത്തില്‍ നിന്ന് ഒരാളെ ഒഴിപ്പിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ന്യുമോണിയ ബാധിതനായി ചികിത്സയിലാണെന്നാണ് തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്നും മീര ആചാര്യ പറഞ്ഞു. 

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News