കെട്ടിടത്തിന്‍റെ 68-ാം നിലയിൽ നിന്ന് വീണ് ഫ്രഞ്ച് സാഹസികന് ദാരുണാന്ത്യം
സംഭവസ്ഥലത്ത് നിന്ന് ഇയാളുടെ കാമറ പൊലീസ് കണ്ടെത്തിയിട്ടുണ്ട്
പാരീസ്: പ്രശസ്ത ഫ്രഞ്ച് സാഹസികൻ റെമി ലൂസിഡിക്ക് കെട്ടിടത്തിന്റെ 68ാം നിലയിൽ നിന്ന് വീണ് മരിച്ചു. ഹോങ്കോങ്ങിലെ 68 നിലകളുള്ള ട്രെഗുണ്ടർ ടവർ സമുച്ചയത്തിൽ നിന്ന് വീണു മരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
40-ാം നിലയിലുള്ള ഒരു സുഹൃത്തിനെ കാണാൻ പോകുകയാണെന്ന് പറഞ്ഞാണ് ഇയാൾ കെട്ടിടത്തിന്റെ അകത്തേക്ക് കടന്നതെന്നാണ് സെക്യൂരിറ്റി ജീവനക്കാർ പറയുന്നത്. എന്നാൽ ഇയാൾക്ക് അങ്ങനെയൊരു സുഹൃത്തില്ലെന്ന് പിന്നീട് കണ്ടെത്തി. തുടർന്ന് സെക്യൂരിറ്റി ഗേറ്റിൽ വെച്ച് ഇയാളെ തടഞ്ഞെങ്കിലും ലിഫ്റ്റിൽ കയറി ഇയാൾ കെട്ടിടത്തിന്റെ മുകളിലേക്ക് പോയി.
ലൂസിഡി 49 നിലയിൽ എത്തിയതായും സി.സി.ടി.വി ദൃശ്യങ്ങളും ലഭിച്ചു. എന്നാൽ ഇയാൾ 68ാം നിലയിൽ കുടുങ്ങിയതായും ജനലിൽ മുട്ടി സഹായം അഭ്യർഥിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യം പൊലീസിനെ അറിയിച്ചപ്പോഴേക്കും ലൂസിഡി കാൽവഴുതി താഴേക്ക് പതിക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് ഇയാളുടെ കാമറ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, മരണകാരണം പൊലീസ് ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല.