കോക്പിറ്റില്‍ മൂര്‍ഖന്‍; ധൈര്യം കൈവിടാതെ വിമാനം അടിയന്തരമായി ഇറക്കി പൈലറ്റ്

വിമാനം സുരക്ഷിതമായി നിലത്തിറക്കിയ പൈലറ്റിന് അഭിനന്ദനപ്രവാഹം

Update: 2023-04-06 07:29 GMT

ഫയല്‍ ചിത്രം

Advertising

ജോഹന്നാസ്ബര്‍ഗ്: വിമാനം പറക്കുന്നതിനിടെ കോക്പിറ്റില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി ഇറക്കി. വിഷപ്പാമ്പിനെ കണ്ടിട്ടും മനസാന്നിധ്യം കൈവിടാതെ വിമാനം സുരക്ഷിതമായി നിലത്തിറക്കിയ ദക്ഷിണാഫ്രിക്കന്‍ പൈലറ്റ് റുഡോള്‍ഫ് എറാസ്മസിന് അഭിനന്ദന പ്രവാഹമാണ്.

നാല് യാത്രക്കാരുണ്ടായിരുന്ന ചെറുവിമാനത്തിലാണ് സംഭവം. വോസ്റ്ററില്‍ നിന്ന് നെൽസ്‌പ്രൈറ്റിലേക്കുള്ള യാത്രയ്ക്കിടെയാണ് പൈലറ്റ് കോക്പിറ്റില്‍ പാമ്പിന്‍റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. വിമാനം പറത്തുമ്പോള്‍ താന്‍ സമീപം വെള്ളക്കുപ്പി കരുതാറുണ്ടെന്ന് പൈലറ്റ് പറഞ്ഞു. ഇടുപ്പിന്‍റെ ഭാഗത്ത് തണുപ്പ് അനുഭവപ്പെട്ടപ്പോള്‍ കുപ്പിയില്‍ നിന്ന് വെള്ളം ലീക്കായതാണെന്നാണ് ആദ്യം കരുതിയത്. തിരിഞ്ഞുനോക്കിയപ്പോള്‍ പാമ്പിനെ കണ്ടു.

യാത്രക്കാരെ അറിയിച്ച് അവരെ പരിഭ്രാന്തരാക്കേണ്ടെന്നാണ് ആദ്യം കരുതിയതെന്ന് പൈലറ്റ് പറഞ്ഞു. എന്നാല്‍ എന്താണ് സംഭവിക്കുന്നതെന്ന് അവരെ അറിയിക്കണമെന്ന് തോന്നി. തുടര്‍ന്ന് വിമാനത്തില്‍ പാമ്പുണ്ടെന്നും ഉടന്‍ വിമാനം നിലത്തിറക്കുകയാണെന്നും യാത്രക്കാരെ അറിയിച്ചെന്നും പൈലറ്റ് പറഞ്ഞു.

വെല്‍കോം വിമാനത്താവളത്തിന് സമീപം പറക്കുന്നതിനിടെയാണ് പാമ്പിന്‍റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഇതോടെ ജോഹനസ്ബര്‍ഗിലെ എയര്‍ കണ്‍ട്രോള്‍ ടവറില്‍ വിളിച്ച് അടിയന്തരമായി വിമാനം നിലത്തിറക്കുകയാണെന്ന് പറഞ്ഞു. വിമാനം ലാന്‍ഡ് ചെയ്തതിനു പിന്നാലെ യാത്രക്കാരെ ഇറക്കി പരിശോധന നടത്തി. തന്‍റെ സീറ്റിനു താഴെ പാമ്പിനെ കണ്ടെന്ന് പൈലറ്റ് പറഞ്ഞു. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പാമ്പിനെ കാണാതായി. എഞ്ചിനീയര്‍മാര്‍ വിമാനത്തിന്‍റെ ഭാഗങ്ങള്‍ അഴിച്ച് പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. പരിശോധന അടുത്ത ദിവസവും തുടരുമെന്ന് പൈലറ്റ് പറഞ്ഞു.

പൈലറ്റിന്‍റെ മനസാന്നിധ്യത്തെ ഏവിയേഷന്‍ സ്പെഷ്യലിസ്റ്റ് ബ്രയാന്‍ എമെനിസ് ഉള്‍പ്പെടെയുള്ളവര്‍ അഭിനന്ദിച്ചു- "കാലാവസ്ഥ അനുകൂലമായിരുന്നില്ല. യാത്രക്കാരെ മോശം കാലാവസ്ഥയ്ക്കും മൂര്‍ഖനും വിട്ടുകൊടുക്കാതെ പൈലറ്റ് സംരക്ഷിച്ചു. അദ്ദേഹം ഹീറോയാണ്. അദ്ദേഹം പരിഭ്രമിച്ചിരുന്നുവെങ്കില്‍ വിമാനത്തിന്‍റെ നിയന്ത്രണം നഷ്ടമായേനെ. മോശം കാലാവസ്ഥയിലെ ലാന്‍ഡിങ്ങിനിടെ ദുരന്തം സംഭവിച്ചേനെ. എന്നാല്‍ പൈലറ്റ് സുരക്ഷിതമായിത്തന്നെ വിമാനം നിലത്തിറക്കി".

Summary- A pilot in South Africa was forced to make an emergency landing after spotting a highly venomous Cape cobra in the cockpit.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News