ഉപ്പുതരിയെക്കാള്‍ ചെറിയ ബാഗ്; ലേലത്തില്‍ വിറ്റുപോയത് 51 ലക്ഷം രൂപക്ക്

ഉപ്പ് തരിയെക്കാള്‍ ചെറുതും ഒരു സൂചിയുടെ ദ്വാരത്തിലൂടെ കടന്നുപോകുന്നതുമായ ബാഗ് കാണാന്‍ ഒരു മൈക്രോസ്കോപ്പ് തന്നെ വേണം

Update: 2023-07-01 02:17 GMT
Editor : Jaisy Thomas | By : Web Desk

മൈക്രോസ്കോപിക് ബാഗ്

Advertising

വാഷിംഗ്ടണ്‍: കണ്ടാല്‍ കണ്ണില്‍ പോലും പിടിക്കാത്ത ഒരു ബാഗ് അമേരിക്കയില്‍ നടന്ന ഒരു ലേലത്തില്‍ വിറ്റുപോയത് 63,000 ഡോളറിന്(51 ലക്ഷം രൂപ). ഉപ്പ് തരിയെക്കാള്‍ ചെറുതും ഒരു സൂചിയുടെ ദ്വാരത്തിലൂടെ കടന്നുപോകുന്നതുമായ ബാഗ് കാണാന്‍ ഒരു മൈക്രോസ്കോപ്പ് തന്നെ വേണം.

ബ്രൂക്ലിൻ ആസ്ഥാനമായുള്ള ആർട്ട് ആന്‍റേ അഡ്വർടൈസിംഗ് കൂട്ടായ്‌മയായ എം.എസ്.സി.എച്ച്.എഫ് (MSCHF) ആണ് ബാഗ് നിര്‍മിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ബാഗിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. എം.എസ്.സി.എച്ച്.എഫ്. ലൂയി വിറ്റൺ ഡിസൈനിനെ അടിസ്ഥാനമാക്കിയാണ് ഈ ബാഗ് നിർമ്മിച്ചത്. ഫ്‌ളൂറസെന്റ് മഞ്ഞയും പച്ചയും കലർന്ന ഈ മൈക്രോസ്‌കോപ്പിക് ബാഗിന് വൻ ഡിമാൻഡ് ആയിരുന്നു. ജൂൺ 27-ന് ഓൺലൈൻ ലേല സ്ഥാപനമായ ജൂപ്പിറ്റർ ലേലം സംഘടിപ്പിച്ചത്. രണ്ട് ഫോട്ടോ പോളിമറൈസേഷൻ ഉപയോഗിച്ചാണ് ബാഗ് നിർമ്മിച്ചതെന്ന് സിഎൻഎൻ റിപ്പോര്‍ട്ടില്‍ പറയുന്നു. 657ഃ222ഃ700 മൈക്രോമീറ്ററാണ് ബാഗിന്റെ നീളവും വീതിയും ഉയരവും.

“വലിയ ഹാൻഡ്‌ബാഗുകളും സാധാരണ ഹാൻഡ്‌ബാഗുകളും ചെറിയ ഹാൻഡ്‌ബാഗുകളും ഉണ്ട്, എന്നാൽ ഇത് ബാഗ് മിനിയേച്ചറൈസേഷന്റെ അവസാന വാക്കാണ്,” എം.എസ്.സി.എച്ച്.എഫ് പറയുന്നു. വാങ്ങുന്നയാൾക്ക് ഉൽപ്പന്നം കാണാൻ കഴിയുന്ന തരത്തിൽ ഡിജിറ്റൽ ഡിസ്‌പ്ലേയുള്ള മൈക്രോസ്കോപ്പ് സഹിതമാണ് ബാഗ് വിറ്റത്.2016ല്‍ സ്ഥാപിതമായ എം.എസ്.സി.എച്ച്.എഫ് വിചിത്രമായ ലേലങ്ങൾക്ക് പേരുകേട്ട സംഘടനയാണ്. മനുഷ്യരക്തമുള്ള ഷൂ, ഭീമൻ റബർ ബൂട്‌സ്, വിശുദ്ധ ജലം സോളിൽ നിറച്ച സ്‌പോർട്‌സ് ഷൂ തുടങ്ങി വ്യത്യസ്തമായ ഉൽപന്നങ്ങൾ കൊണ്ട് വാർത്തയിൽ മുൻപും ഇടംപിടിച്ചിട്ടുണ്ട് എം.എസ്.സി.എച്ച്.എഫ്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News