ഹമാസിന്റെ കൈകളിലുള്ള ബന്ദികളെ മോചിപ്പിക്കാൻ നയതന്ത്ര നീക്കം സജീവം
ബന്ദികളായി 250ഓളം പേർ തങ്ങളുടെ കൈകളിലുണ്ടെന്നാണ് ഹമാസ് പറയുന്നത്
ഗസ്സ സിറ്റി: ഹമാസിന്റെ കൈകളിലുള്ള ബന്ദികളെ മോചിപ്പിക്കാൻ നയതന്ത്ര നീക്കങ്ങൾ സജീവം. ബന്ദികളായി 250ഓളം പേർ തങ്ങളുടെ കൈകളിലുണ്ടെന്നാണ് ഹമാസ് പറയുന്നത്. ഇസ്രായേൽ ആക്രമണത്തിൽ ചിലർ കൊല്ലപ്പെട്ടു. ബാക്കിയുള്ളവരെ നല്ലരീതിയിൽ സംരക്ഷിക്കുന്നുവെന്നും ഹമാസിന്റെ സൈനിക വിഭാഗമായ അൽഖസ്സാം ബ്രിഗേസിന്റെ വക്താവ് അബൂ ഉബൈദ പറഞ്ഞു.
ബന്ദികളെ മോചിപ്പിക്കുന്ന കാര്യത്തിൽ ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയുമായി സംസാരിച്ചതായി തുർക്കി വിദേശകാര്യമന്ത്രി അറിയിച്ചു. ഇസ്രായേൽ തടവിലാക്കിയ 6000 പേരെ മോചിപ്പിക്കണമെന്നാണ് ഹമാസ് മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യം. ഗസ്സക്കുനേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്നും ഗസ്സയിലേക്ക് വെള്ളവും ഭക്ഷണവും വൈദ്യുതിയും നൽകണമെന്നും ഹമാസ് ആവശ്യപ്പെടുന്നു. ഇതിൽ ഏതെങ്കിലും ഒരു ആവശ്യം അംഗീകരിച്ചാൽ ബന്ദികളെ മോചിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ചർച്ചകൾ തുടരുന്നത്. ബന്ദികളെ മോചിപ്പിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇസ്രായേലിനുള്ളിൽ നെതന്യാഹുവിനെതിരെ വൻ പ്രതിഷേധങ്ങൾ അരങ്ങേറുകയാണ്.
അതിനിടെ, ബന്ദികളിൽപെട്ട ഒരു യുവതിയുടെ ദൃശ്യങ്ങൾ ഹമാസ് പുറത്തുവിട്ടു. 21 കാരിയായ മിയ സ്‌കീമിന്റെ വീഡിയോയാണ് പുറത്തുവിട്ടത്. ഹമാസ് ചികിത്സ നൽകിയെന്നും ഉടൻ തന്നെ വീട്ടിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും വീഡിയോയിൽ മിയ പറഞ്ഞു.
അതേസമയം, കരമാർഗമുള്ള ആക്രമണത്തെ ഭയപ്പെടുന്നില്ലെന്നും നേരിടാൻ ഹമാസ് തയ്യാറാണെന്ന് അൽ ഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ പറഞ്ഞു. ഇസ്രായേൽ സേന ഗസ്സയിൽ കടന്നാൽ അവരുടെ ശവപറമ്പായി അത് മാറുമെന്ന് അബൂ ഉബെദ മുന്നറിയിപ്പ് നൽകി.
Diplomatic efforts to secure the release of those in Hamas custody are ongoing