'തലയും വയറും വേദനിക്കുന്നു, എവിടെയാണ് ഞാൻ'; വേദനയായി കൊറിയൻ വിമാനാപകടത്തിൽ രക്ഷപ്പെട്ട യുവതിയുടെ പ്രതികരണം

അപകടത്തിൽ രക്ഷപ്പെട്ട യുവതിക്ക് ഇന്നാണ് ബോധം തിരിച്ചുകിട്ടിയത്, യുവതി വളരേയധികം ഭയന്നിട്ടുണ്ടെന്ന് ഡോക്ടർമാർ

Update: 2024-12-30 05:06 GMT
Editor : ശരത് പി | By : Web Desk
Advertising

സിയോൾ: 179 പേരുടെ മരണത്തിന് കാരണമായ ദക്ഷിണ കൊറിയയിലെ വിമാനാപകടത്തിൽ രക്ഷപ്പെട്ട രണ്ടുപേരിൽ ഒരാൾക്ക് ബോധം വന്നു. എന്താണ് സംഭവിച്ചതെന്നോ താൻ എവിടെയാണെന്നോ രക്ഷപ്പെട്ട ലീ എന്ന 32കാരിയായ വിമാന ജീവനക്കാരിക്ക് ഇതുവരെ മനസിലായിട്ടില്ല. ലീ വളരേയധികം ഭയപ്പെട്ടിട്ടുണ്ടെന്നും ഞെട്ടൽ ഇതുവരെ വിട്ടുമാറാത്തത് കൊണ്ടാകാം ഒന്നും ഓർമയില്ലാത്തതെന്നും ഡോക്ടർമാർ വ്യക്തമാക്കി. തനിക്ക് വയറും തലയും വേദനിക്കുന്നുണ്ടെന്നതല്ലാതെ എന്താണ് സംഭവിച്ചതെന്ന് ലീക്ക് ഓർമയില്ല.

റിപ്പോർട്ടുകൾ പ്രകാരം വിമാനത്തിന്റെ ഏറ്റവും പിന്നിലെ യാത്രക്കാർക്ക് സഹായം ഒരുക്കുന്നതിനായി ഏർപ്പെടുത്തിയ ആളായിരുന്നു ലീ. അപകടത്തിൽ ലീയുടെ ജീവൻ രക്ഷപ്പെടുന്നതിന് കാരണമായതും ലീ പിന്നിൽ നിന്നതാണ്.

ബോധം വന്നെങ്കിൽ പോലും ഗുരുതരമായ പരിക്കുകളിൽ നിന്നും ലീ ഇതുവരെ കരകയറിയിട്ടില്ല. വലത് തോളെല്ലിന് പൊട്ടലും തലയിടിച്ച് പരിക്കും ലീക്കുണ്ട്. കുടുംബത്തിന്റെ അഭ്യർഥന പ്രകാരം ലീയെ സിയോളിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

അപകടത്തിൽ രക്ഷപ്പെട്ട രണ്ടാമത്തെ ആളും വിമാനത്തിലെ ജീവനക്കാരനാണ്. ക്വാൻ എന്ന ഈ 25കാരന് പരിക്കുകൾ ഗുരുതരമാണ്. തലയോടിന് പൊട്ടലും, ഉപ്പൂറ്റിയെല്ല് പൊട്ടലും, ആന്തരിക അവയവങ്ങൾക്ക് ക്ഷതവുമേറ്റിട്ടുണ്ട്. ഇയാൾക്ക് ഇതുവരെ ബോധം വന്നിട്ടില്ല.

ഞായറാഴ്ച രാവിലെ പ്രാദേശിക സമയം ഒമ്പതോടെയായിരുന്നു അപകടമുണ്ടായത്. 175 യാത്രക്കാരും ആറ് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം ചുറ്റുമതിലിൽ ഇടിച്ച് തകരുകയായിരുന്നു. തുടർന്ന് വിമാനത്തിന് തീ പിടിക്കുകയും ചെയ്തു. അപകടത്തിൽ 179 പേർ മരിച്ചു.

അപകട കാരണം വ്യക്തമായിട്ടില്ല. പക്ഷിയിടിച്ചതും പ്രതികൂല കാലാവസ്ഥയുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാദേശിക അഗ്‌നിശമനസേനാ മേധാവി പറഞ്ഞത്. എന്നാൽ ലാൻഡിങ് ഗിയറിലെ തകരാറാണ് അപകടത്തിന് കാരണമെന്നാണ് എയർപോർട്ട് അധികൃതർ പറയുന്നത്. വിമാനം തകർന്നു വീഴാനുള്ള കാരണമെന്താണെന്ന് ഉദ്യോഗസ്ഥർ അന്വേഷിച്ചു വരികയാണെന്ന് ഏവിയേഷൻ പോളിസി ഡയറക്ടർ ജു ജോങ്-വാൻ പറഞ്ഞു.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News