'കണ്ണിൽ നിന്ന് ചോര വരുന്നത് വരെ മർദനം'- ഡോ. ഹുസാം അബൂ സഫിയ തടങ്കൽ പാളയത്തിൽ, ഹമാസ് തീവ്രവാദിയെന്ന് ഇസ്രായേൽ
തടവുകാരുടെ മലദ്വാരത്തിൽ ലോഹ വടി തുളച്ചുകയറ്റിയതായും തൊലി ഉരിച്ചുമാറ്റിയതായും അൽപ ജീവനോടെ തിരിച്ചെത്തിയ തടവുകാർ യുഎൻ ഏജൻസിയോട് വെളിപ്പെടുത്തിയിരുന്നു....
ഡോക്‌ടർ ആണെന്ന് പറഞ്ഞത് മാത്രം കേട്ടു, കണ്ണിൽ നിന്ന് ചോര വരുന്നത് വരെയാണ് മർദിച്ചത്... വടക്കൻ ഗസ്സയിലെ കമാൽ അദ്‌വാൻ ആശുപത്രിയിൽ നിന്ന് തടവിലാക്കിയ ചിലരെ ഇസ്രായേൽ മോചിപ്പിച്ചിരുന്നു. പുറത്തുവന്നവർക്ക് തങ്ങളുടെ ജീവൻ തിരിച്ചുകിട്ടിയെന്ന് പോലും വിശ്വസിക്കാനായിട്ടില്ല. ഇസ്രായേലിന്റെ തടവറയിൽ കണ്ടതും അനുഭവിച്ചതുമായ സംഭവങ്ങളുടെ ആഘാതത്തിൽ നിന്ന് അവരിപ്പോഴും മോചിതരായിട്ടില്ല.
ഗസ്സയിൽ മനുഷ്യത്വരഹിത ആക്രമണം തുടരുന്നതിനിടെയാണ് വടക്കൻ ഗസ്സയിൽ പേരിനെങ്കിലും പ്രവർത്തിക്കുന്ന കമാൽ അദ്‌വാൻ ആശുപത്രിയിലേക്ക് ഇസ്രായേൽ സൈന്യം ഇരച്ചുകയറിയത്. ഗുരുതരാവസ്ഥയിലുള്ള രോഗികളും ഗർഭിണികളും നവജാത ശിശുക്കളും അടക്കമുള്ളവരുടെ അവസാന ആശ്രയമായ കമാൽ അദ്‌വാനും കത്തിച്ച് ചാമ്പലാക്കി കളയാൻ അധികസമയം ആവശ്യമായിരുന്നില്ല ഇസ്രായേലിന്.
ഇവിടെ നിന്ന് തടവിലാക്കി ഇസ്രായേൽ കൊണ്ടുപോയവരുടെ കൂട്ടത്തിൽ ഹോസ്‌പിറ്റൽ ഡയറക്‌ടർ ഡോ. ഹുസാം അബു സഫിയയും ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇസ്രായേൽ ആശുപത്രിയിൽ ആക്രമണം നടത്തിയതിന് ശേഷം ഹുസാം അബു സഫിയയെ പിന്നീട് കണ്ടിട്ടില്ല. മാധ്യമങ്ങളോട് സംസാരിക്കുകയും ആശുപത്രി പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുകയും ചെയ്‌തിരുന്ന വ്യക്തിയായിരുന്നു. ഇദ്ദേഹം ജീവിച്ചിരിപ്പുണ്ടോ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ മരണപ്പെട്ടോ എന്നിങ്ങനെ അഭ്യൂഹങ്ങൾ പലരീതിയിൽ പ്രചരിക്കുന്നതിനിടെ ഇസ്രായേൽ തടവറയിൽ ഹുസാം ഉണ്ടെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് അടുത്തിടെ മോചിപ്പിച്ച മുൻ തടവുകാർ.
സിഎൻഎന്നിനോടായിരുന്നു തടവുകാരുടെ വെളിപ്പെടുത്തൽ. ഇത് സംബന്ധിച്ച് ഇസ്രായേൽ പതിവ് പല്ലവികൾ തന്നെയാണ് ആവർത്തിക്കുന്നത്. ഡോ. ഹുസാം അബു സഫിയയെ ഹമാസ് തീവ്രവാദിയാണെന്ന് സംശയിച്ചാണ് തടവിൽ വെച്ചിരിക്കുന്നതെന്ന് ഇസ്രായേൽ സൈന്യം പറയുന്നു. കമാൽ അദ്‌വാൻ ആശുപത്രി ഹമാസ് ഒരു കമാൻഡ് ആൻഡ് കൺട്രോൾ സെൻ്റർ ആയി ഉപയോഗിക്കുന്നെണ്ടെന്നും ഇസ്രായേൽ വാദിക്കുന്നുണ്ട്. എന്നാൽ, ഇസ്രായേൽ സൈന്യത്തിന്റെ പൊള്ളയായ അവകാശവാദങ്ങൾക്ക് ഒരു തെളിവും ഇല്ല.
ആശുപത്രിയിൽ ഇസ്രായേൽ സൈന്യം റെയ്‌ഡ് നടത്തിയതിന് പിന്നാലെ പുറംലോകം കണ്ടിട്ടില്ല ഹുസാം അബു സഫിയ. ഇദ്ദേഹം എവിടെയാണെന്ന് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം അപേക്ഷ നൽകിയിട്ടും ഫലമുണ്ടായില്ല. പുറത്തുവന്ന തടവുകാരാണ് ഹുസാം ഇസ്രായേൽ തടവറയിൽ തന്നെയുണ്ടെന്ന് വെളിപ്പെടുത്തിയത്. ഗസ്സ മുനമ്പിൻ്റെ അതിർത്തിക്കടുത്തുള്ള നെഗേവ് മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഇസ്രായേലി സൈനിക താവളമായ Sde Teimanലാണ് ഹുസാം അബു സഫിയ അടക്കമുള്ള ഡോക്‌ടർമാരെയും ആശുപത്രി ജീവനക്കാരെയും രോഗികളെയും തടവിലാക്കിയിരിക്കുന്നത്.
ഹുസാമിനെ ജയിലിൽ കണ്ടതായി ഈ വാരാന്ത്യത്തിൽ മോചിതരായ രണ്ട് തടവുകാർ ഓർമിക്കുന്നു. ഡോക്‌ടറുടെ പേര് വായിക്കുന്നതായി കേട്ടിട്ടുണ്ടെന്ന് മറ്റൊരു തടവുകാരനും പറഞ്ഞു. തുടർന്ന് ഹുസാം അബു സഫിയയെ തടങ്കൽ പാളയത്തിൽ പാർപ്പിച്ചിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാൻ സിഎൻഎൻ ഇസ്രായേൽ സൈന്യത്തെ സമീപിച്ചു. ഹമാസ് തീവ്രവാദിയെന്ന് സംശയമുണ്ടെന്ന കാര്യം അപ്പോഴാണ് ഇസ്രായേൽ വെളിപ്പെടുത്തിയത്.
ശനിയാഴ്‌ചയാണ് ഡോ. ഹുസാമിനെ ജയിലിലേക്ക് കൊണ്ടുവന്നതെന്ന് തടവറയിൽ നിന്ന് മോചിതനായ 18കാരൻ അഹ്മദ് അൽ സയ്യിദ് സലീം പറഞ്ഞു. ഡോക്‌ടറെ കണ്ടിട്ടില്ലെന്നും എന്നാൽ തന്റെ തൊട്ടടുത്ത സെല്ലിലാണ് ഉണ്ടായിരുന്നതെന്നും യഹ്‌യ സഖൗത്ത് എന്ന തടവുകാരനും പറഞ്ഞു. 42 ദിവസം മുൻപ് വടക്കൻ ഗസ്സ ഒഴിപ്പിച്ച് ഗസ്സ സിറ്റിയിലേക്ക് പോകുന്ന വഴി ഇസ്രായേൽ ചെക്ക്പോസ്റ്റിൽ തടഞ്ഞതാണ് ഇവരെ ജയിലിൽ അടച്ചത്.
എല്ലാ ദിവസവും രാവിലെയും രാത്രിയും അവർ വിളിക്കുന്ന തടവുകാരുടെ പേരുകൾക്കിടയിൽ ഹുസാം അബൂ സഫിയയുടെ പേര് കേൾക്കുമായിരുന്നു. ഞങ്ങളുടെ സെല്ലിലേക്ക് കൊണ്ടുവന്ന കുറച്ച് ആളുകളും അവർ ഡോ. ഹുസാമിനൊപ്പം തടവിലാക്കപ്പെട്ടവരാണെന്ന് പറഞ്ഞിരുന്നതായും യഹ്‌യ സഖൗത്ത് ഓർക്കുന്നു. 43 ദിവസം മുൻപ് വീട്ടിലേക്കുള്ള യാത്രാമധ്യേ കസ്റ്റഡിയിലെടുത്ത മുൻ തടവുകാരൻ അലാ അബു ബനാത്തും ഡോ. ഹുസാം അബൂ സഫിയ എന്ന പേര് ഓർത്തെടുക്കുന്നുണ്ട്. അദ്ദേഹത്തെ തനിക്ക് അറിയാമെന്നും കമാൽ അദ്‌വാൻ ഹോസ്‌പിറ്റലിൽ നിന്നുള്ള മെഡിക്കൽ ടീമിനെ സ്‌ഡെ ടീമാനിലേക്ക് കൊണ്ടുവന്നിട്ടുണ്ടെന്നും അയാൾ പറഞ്ഞു.
അവരെല്ലാം ഇപ്പോഴും ആ തടവറയിലുണ്ട്. വളരെ മോശമായ രീതിയിലാണ് ഇസ്രായേൽ സൈന്യം മെഡിക്കൽ ടീമിനോട് പെരുമാറിയത്. പ്രത്യേകിച്ച് ഡോക്‌ടർമാരോട്. തന്റെ ജയിലിൽ ഉണ്ടായിരുന്ന ഒരാൾ ഡോക്‌ടർ ആണെന്ന് സൈന്യത്തോട് പറഞ്ഞപ്പോൾ അദ്ദേഹത്തെ ക്രൂരമായി മർദിച്ചു. കണ്ണിൽ നിന്ന് ചോര വരുന്നത് വരെ മർദനം തുടർന്നുവെന്നും അലാ അബു പറയുന്നു. ഇത് പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളിൽ ഭയം വിട്ടുമാറിയിരുന്നില്ല.
അതിക്രൂരമായ ഇസ്രായേൽ മുറകൾക്ക് പേരുകേട്ട തടങ്കൽ പാളയമാണ് Sde Teiman. കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് നേരെയുള്ള പീഡനങ്ങളും ലൈംഗികാതിക്രമങ്ങളും തുടങ്ങി ഫലസ്‌തീൻ തടവുകാർ ഇവിടെ അനുഭവിക്കുന്ന മനുഷ്യത്വരഹിതമായ പ്രവർത്തികൾ ചിന്തിക്കാൻ പോലും കഴിയാത്തതാണ്. ചോദ്യം ചെയ്യലിന് വിധേയരായ തടവുകാരുടെ മലദ്വാരത്തിൽ ലോഹ വടി തുളച്ചുകയറ്റിയതായും തൊലി ഉരിച്ചുമാറ്റിയതായും അൽപ ജീവനോടെ അവിടെ നിന്ന് തിരിച്ചെത്തിയ തടവുകാർ യുഎൻ മനുഷ്യാവകാശ ഏജൻസിയോട് വെളിപ്പെടുത്തിയിരുന്നു.
ഇസ്രായേൽ ഹമാസ് യുദ്ധസമയത്താണ് Sde Teimanന്റെ ഉപയോഗം ഇരട്ടിയായത്. ജീവനോടെ കൈകാലുകൾ ഛേദിച്ച ശേഷം ചികിത്സ നൽകാതെ തടവുകാരെ നരകിപ്പിക്കുന്ന സംഭവങ്ങൾ പോലും ഇവിടെ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു ഫലസ്‌തീൻ തടവുകാരന്റെ മലദ്വാരത്തിലൂടെ ലോഹദണ്ഡ് കയറ്റിയിറക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ഇവിടെ നിന്ന് പുറത്തുവന്നിട്ടുണ്ട്. 2023 ഡിസംബറിൽ നെസെറ്റ് നിയമവിരുദ്ധ പോരാട്ട നിയമം പാസാക്കിയ പശ്ചാത്തലത്തിലാണ് സൈനിക താവളമായ Sde Teiman ഭാഗികമായി തടങ്കൽ പാളയമാക്കി മാറ്റിയത്. 45 ദിവസത്തേക്ക് അറസ്റ്റ് വാറൻ്റില്ലാതെ ആളുകളെ തടങ്കലിൽ വെക്കാൻ ഈ നിയമം ഇസ്രായേൽ സൈന്യത്തിന് അനുമതി നൽകുന്നുണ്ട്. അതിനുശേഷം തടവുകാരെ ഇസ്രായേൽ ജയിളിലേക്ക് മാറ്റണമെന്നും നിയമത്തിൽ പറയുന്നുണ്ടെങ്കിലും ഇവിടെ തടവിലാക്കപ്പെട്ട ഭൂരിഭാഗം ആളുകളും ജീവനോടെ പുറത്തുവരാറില്ല എന്നതാണ് സത്യം. അത്രയും നരകിപ്പിച്ച് കൊന്നുകളയുകയാണ് പതിവ്.
ഇവിടെയാണ് ഹുസാം അബൂ സഫിയ അടക്കമുള്ള കമാൽ അദ്‌വാനിലെ മെഡിക്കൽ ടീമിനെ തടവിലാക്കിയിരിക്കുന്നത് എന്നത് ആശങ്കാജനകമാണ്. ഞങ്ങളുടെ പിതാവ് അവിടെ എന്താണ് അനുഭവിക്കുന്നതെന്ന് സങ്കൽപ്പിക്കാൻ കഴിയുന്നില്ല. അദ്ദേഹം അവിടെ സുഖമായി ഇരിക്കുന്നുണ്ടാകുമോ... വിശപ്പോ വേദനയോ ഉണ്ടാകുമോ എന്നിങ്ങനെ ഹുസാമിന്റെ കുടുംബം അനുഭവിക്കുന്ന സമ്മർദം ചെറുതല്ല.
വടക്കൻ ഗസ്സയിലെ നിസ്സഹായരായ മനുഷ്യർക്കുള്ള ഏക ആരോഗ്യ സംരക്ഷണ സംവിധാനമായിരുന്നു കമാൽ അദ്‌വാൻ. യുദ്ധത്തിൻ്റെ തുടക്കം മുതൽ തന്നെ ഹുസാം അബൂ സഫിയ നടത്തിയ അപാരമായ ശ്രമങ്ങൾ ശ്രദ്ധനേടിയതാണ്. എന്നാൽ, വടക്കൻ ഗസ്സയിലെ അവസാനത്തെ പ്രധാന ആരോഗ്യ കേന്ദ്രം ഇപ്പോൾ ശൂന്യമാണ്... ആശുപത്രിയുടെ പകുതിയിലേറെ ഭാഗം കത്തിച്ചാമ്പലാക്കിയിരിക്കുന്നു. അമേരിക്കൻ എമർജൻസി മെഡിസിൻ ഡോക്‌ടർ ആയ ഡോ. മിമി സെയ്‌ദ് കമാൽ അദ്‌വാനിൽ ജോലി ചെയ്‌ത അനുഭവം പങ്കുവെക്കവേ പറയുന്നത് ഇങ്ങനെയാണ്.
വടക്കൻ ഗസ്സയിൽ അവശേഷിക്കുന്ന അവസാനത്തെ ഡോക്‌ടർമാരിൽ ഒരാളാണ് ഹുസാം അബൂ സഫിയ. ഒക്‌ടോബർ ആദ്യം ആരംഭിച്ച ഇസ്രായേലി ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ തന്റെ ആശുപത്രിയിൽ നടക്കുന്ന ഭീകരതകൾ വെളിപ്പെടുത്തി ലോകത്തിന് മുന്നിലെത്തിയ ഒരാൾ കൂടിയാണ് അദ്ദേഹം. രണ്ട് മാസത്തെ ആക്രമണം കൊണ്ട് തെരുവുകളെ വെറും ഇടിഞ്ഞുവീണ പാറക്കൂട്ടങ്ങൾ മാത്രമാക്കി മാറ്റിയിരുന്നു ഇസ്രായേൽ. ഇവിടെയുണ്ടായിരുന്ന മുഴുവൻ കുടുംബങ്ങളെയും കൊന്നൊടുക്കി. ഭക്ഷണം, വെള്ളം, മെഡിക്കൽ സ്റ്റോക്കുകൾ എല്ലാം ഇല്ലാതാക്കി. അവസാനമാണ് കമാൽ അദ്‌വാന് നേരെ തിരിഞ്ഞത്.
ദിവസേന ആശുപത്രിക്ക് നേരെ നിർത്താതെ വെടിയുതിർത്തു. കുറഞ്ഞത് ആറ് തവണയെങ്കിലും ഇവിടെ റെയ്‌ഡ് നടത്തിയിട്ടുണ്ടെന്ന് ഈ മാസം ആദ്യം ഡോ. ഹുസാം അബൂ സഫിയ സിഎന്നിനോട് പറഞ്ഞിരുന്നു.ഇസ്രായേൽ സൈന്യം ആശുപത്രി വളപ്പിലേക്ക് ഇരച്ചുകയറുകയും ചുറ്റുമുള്ള പ്രദേശങ്ങളിൽ ഡസൻ കണക്കിന് ആളുകളെ കൊലപ്പെടുത്തുകയും ചെയ്‌തു. ആശുപത്രിയിൽ നടത്തിയ ആക്രമണത്തിൽ നാല് ഡോക്‌ടർമാരുടെ ജീവനാണ് നഷ്‌ടപ്പെട്ടത്.
ഒക്ടോബറിൽ ഇസ്രായേൽ സൈനിക നടപടിക്കിടെ നിരവധി മെഡിക്കൽ ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചു. ഹുസാം അബൂ സഫിയയെ അന്ന് മണിക്കൂറുകളോളം ഇസ്രായേൽ സൈന്യം ചോദ്യം ചെയ്‌തിരുന്നു. ആശുപത്രിയുടെ ഗേറ്റിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അദ്ദേഹത്തിൻ്റെ 21 വയസുള്ള മകൻ ഇബ്രാഹിമും കൊല്ലപ്പെട്ടു. മകനെ അന്ന് താൽക്കാലികമായി ഒരുക്കിയിരുന്ന ശ്‌മശാനത്തിലാണ് ഡോക്‌ടർ ഖബർ ചെയ്‌തത്.
വടക്കൻ ഗസ്സയുടെ 'ജീവൻ്റെ രേഖ' എന്നാണ് കമാൽ അദ്‌വാൻ ആശുപത്രിയെ വിശേഷിപ്പിക്കുന്നത്. ലാഭേച്ഛയില്ലാത്ത ഡോ. ഹുസാം അബൂ സഫിയ അടക്കം നിരവധി മെഡിക്കൽ ജീവനക്കാർ ഇവിടെ രാപകലില്ലാതെ പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഗസ്സയിലെ കുട്ടികളുടെ ആരോഗ്യവും ജീവിതവും സംരക്ഷിക്കുന്നതിനായി അബു സഫിയ തൻ്റെ ജീവിതം സമർപ്പിച്ചുവെന്ന് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമായ മെഡ്ഗ്ലോബൽ പറഞ്ഞു. ഒരു മെഡിക്കൽ പ്രൊഫഷണലും സഹിക്കാൻ പാടില്ലാത്ത സാഹചര്യങ്ങളിലാണ് അദ്ദേഹം രോഗികളെ പരിചരിച്ചത്. അദ്ദേഹത്തിനെ തടവിൽവെച്ചിരിക്കുന്നത് അന്യായം മാത്രമല്ല അന്തർദ്ദേശീയ മാനുഷിക നിയമത്തിൻ്റെ ലംഘനമാണെന്നും മെഡ്‌ഗ്ലോബൽ അഭിപ്രായപ്പെട്ടു. ഡോ. അബു സഫിയയെ ഉടനടി മോചിപ്പിക്കണമെന്നും മെഡ്‌ഗ്ലോബലിൻ്റെ പ്രസിഡൻ്റും സഹസ്ഥാപകനുമായ ഡോ. സഹെർ സഹ്‌ലൂൽ ആവശ്യപ്പെട്ടു.
നിലവിൽ കമൽ അദ്‌വാൻ ആശുപത്രിയുടെ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്. ആശുപത്രിയിലെ എല്ലാ രോഗികളും മെഡിക്കൽ സ്റ്റാഫും പ്രദേശത്ത് നിന്ന് ഒഴിഞ്ഞുപോയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഗുരുതരാവസ്ഥയിലുള്ള രോഗികളെ അടുത്തുള്ള ഇന്തോനേഷ്യൻ ആശുപത്രിയിലേക്ക് നിർബന്ധിതമായി മാറ്റിയിരിക്കുകയാണ്. ആശുപത്രി പൂർണമായും നശിപ്പിച്ചു. ഇനി പ്രവർത്തിക്കാൻ സാധ്യമല്ലെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ആശുപത്രിയിലെ ചില ജീവനക്കാർ ഗസ്സയുടെ മറ്റ് ഭാഗങ്ങളിലേക്ക് അഭയം തേടിയിരിക്കുകയാണ്. നവംബറിൽ ഇസ്രായേൽ ആക്രമണത്തിൽ തൻ്റെ കുടുംബത്തിലെ 17 അംഗങ്ങളെ നഷ്‌ടപ്പെട്ട കാർഡിയോളജിസ്റ്റ് ഡോ. ഹാനി ബദ്രനും ഇക്കൂട്ടത്തിലുണ്ട്.
അന്ന് ഹാനിയെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചത് ഡോ.ഹുസാം അബൂ സഫിയ ആയിരുന്നു. ഇന്ന് തന്റെ സഹോദരിയുടെ നവജാത ശിശുവുമായി പലായനം ചെയ്യുമ്പോൾ ഹുസാം അബൂ സഫിയയുടെ തിരിച്ചുവരവിനായുള്ള പ്രാർഥനയും ഡോ. ഹാനിക്കൊപ്പമുണ്ട്. ഒപ്പം അദ്ദേഹം തിരിച്ചുവരുമെന്നും കമാൽ അദ്‌വാൻ പ്രവർത്തനക്ഷമമാകുമെന്നും നിരവധി പേർക്ക് ആശ്രയമാകുമെന്നുമുള്ള പ്രതീക്ഷകളും...