ചൊവ്വാഴ്ച തന്നെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് ട്രംപ്; അനുയായികളോട് പ്രതിഷേധിക്കാൻ ആഹ്വാനം
2016-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് പോൺ താരം സ്‌റ്റോമി ഡാനിയേൽസിന് 130,000 ഡോളർ നൽകിയ കേസിലാണ് മാൻഹട്ടൻ ജില്ലാ അറ്റോർണി ട്രംപിനെതിരെ അന്വേഷണം നടത്തുന്നത്.
ന്യൂയോർക്ക്: പോൺ താരത്തിന് പണം നൽകിയെന്ന ആരോപണത്തിൽ ചൊവ്വാഴ്ച തന്നെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതിനെതിരെ പ്രതിഷേധത്തിനിറങ്ങാൻ തന്നെ പിന്തുണയ്ക്കുന്നവരോട് അദ്ദേഹം ആഹ്വാനം ചെയ്തു. തന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപിന്റെ ആഹ്വാനം.
മുൻനിര റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻ യു.എസ് പ്രസിഡന്റുമായ താൻ അടുത്ത ചൊവ്വാഴ്ച അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്നും രാജ്യത്തെ തിരിച്ചുപിടിക്കാൻ പ്രതിഷേധിക്കണമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. അതേസമയം എന്തിന്റെ പേരിലാണ് അറസ്റ്റ് എന്ന് അദ്ദേഹം പറയുന്നില്ല.
2016-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് പോൺ താരം സ്‌റ്റോമി ഡാനിയേൽസിന് 130,000 ഡോളർ നൽകിയ കേസിലാണ് മാൻഹട്ടൻ ജില്ലാ അറ്റോർണി ട്രംപിനെതിരെ അന്വേഷണം നടത്തുന്നത്. വർഷങ്ങൾക്ക് മുമ്പ് ട്രംപിന് താനുമായി ബന്ധമുണ്ടായിരുന്നുവെന്നും അത് പരസ്യമാക്കാതിരിക്കാനാണ് പണം നൽകിയതെന്നുമാണ് സ്റ്റോമി ഡാനിയേൽസ് പറയുന്നത്. എന്നാൽ ആരോപണം ട്രംപ് നിഷേധിച്ചു.