ട്രംപിന്‍റെ വസതിയിൽ എഫ്.ബി.ഐ റെയ്ഡ്
തന്‍റെ എസ്റ്റേറ്റ് നിലവിൽ എഫ്.ബി.ഐയുടെ അധീനതയിലാണെന്നും എന്തിന്‍റെ പേരിലാണ് റെയ്ഡെന്ന് തനിക്കറിയില്ലെന്നും ട്രംപ് പ്രതികരിച്ചു
വാഷിംഗ്ടണ്‍: മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്റെ വസതിയിൽ എഫ്.ബി.ഐ റെയ്ഡ്. ഫ്ലോറിഡയിലെ മാർ അ ലാഗോ എസ്‌റ്റേറ്റിൽ എഫ്.ബി.ഐ ഏജന്‍റുമാര്‍ റെയ്ഡ് നടത്തുകയാണെന്ന് ട്രംപ് തന്നെയാണ് അറിയിച്ചത്. തന്‍റെ എസ്റ്റേറ്റ് നിലവിൽ എഫ്.ബി.ഐയുടെ അധീനതയിലാണെന്നും എന്തിന്‍റെ പേരിലാണ് റെയ്ഡെന്ന് തനിക്കറിയില്ലെന്നും ട്രംപ് പ്രതികരിച്ചു.
'' ഇത് നമ്മുടെ രാജ്യത്തിന്‍റെ ഇരുണ്ട സമയം. ഫ്ലോറിഡയിലെ പാം ബീച്ചിലുള്ള എന്‍റെ മനോഹരമായ ഭവനമായ മാർ-എ-ലാഗോ നിലവിൽ ഒരു വലിയ കൂട്ടം എഫ്.ബി.ഐ ഏജന്‍റുമാര്‍ ഉപരോധിക്കുകയും റെയ്ഡ് ചെയ്യുകയും കൈവശപ്പെടുത്തുകയും ചെയ്തിരിക്കുന്നു'' ട്രംപ് തന്‍റെ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യല്‍ നെറ്റ്‍വര്‍ക്കില്‍ പോസ്റ്റ് ചെയ്തു. ഇത് തികച്ചും അന്യായമാണെന്നും നീതിന്യായ വ്യവസ്ഥയുടെ ആയുധവത്ക്കരണമാണെന്നും 2024ലെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് താൻ മത്സരിക്കരുതെന്ന് ആഗ്രഹമുള്ള തീവ്ര ഇടതുപക്ഷ ഡെമോക്രാറ്റുകളുടെ ആക്രമണവുമാണെന്നും ട്രംപ് പറഞ്ഞു. റെയ്ഡ് നടക്കുന്നുണ്ടെന്നോ എന്തിനാണ് റെയ്ഡെന്നോ പ്രതികരിക്കാന്‍ എഫ്.ബി.ഐ തയ്യാറായില്ല.
എന്നാൽ മാർ-എ-ലാഗോയിലേക്ക് അയച്ച രഹസ്യരേഖകൾ തെറ്റായി കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഏജന്‍റുമാര്‍ കോടതിയുടെ അംഗീകൃത തിരച്ചിൽ നടത്തുകയാണെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഒന്നിലധികം യു.എസ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെബ്രുവരിയിൽ ട്രംപിന്‍റെ ഫ്ലോറിഡ എസ്റ്റേറ്റിൽ നിന്ന് 15 പെട്ടി രേഖകൾ കണ്ടെടുത്തതായി നാഷണൽ ആർക്കൈവ്‌സ് വ്യക്തമാക്കിയിരുന്നു.