പോൺ താരത്തിന് പണം നൽകിയ കേസ്; ട്രംപ് അറസ്റ്റിൽ
ജാമ്യം ലഭിച്ചാൽ ഫ്‌ളോറിഡയിലേക്ക് മടങ്ങുമെന്ന് സൂചന
ന്യൂയോർക്ക്: ലൈംഗിക ബന്ധം മറച്ചുവെക്കാൻ പോൺ താരത്തിന് പണം നൽകി എന്ന കേസിൽ അമേരിക്കൻ മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് അറസ്റ്റിൽ. ന്യൂയോർക്കിലെ മാൻഹാർട്ടൻ കോടതിയിൽ ഹാജരായ ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കോടതി നടപടികൾക്ക് മുന്നോടിയായാണ് അറസ്റ്റ്. ജാമ്യം ലഭിച്ചാൽ ട്രംപ് ഇന്നുതന്നെ ഫ്‌ളോറിഡയിലേക്ക് മടങ്ങുമെന്നാണ് സൂചന. അക്രമസംഭവങ്ങൾ മുന്നിൽ കണ്ട് ന്യൂയോർക്ക് നഗരത്തിൽ വൻ സുരക്ഷാ സന്നാഹമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
അവിഹിത ബന്ധം പുറത്ത് പറയാതിരിക്കാൻ പോൺ താരത്തിന് പണം നൽകിയെന്ന കേസിൽ ട്രംപ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. പോൺതാരം സ്റ്റോമി ഡാനിയൽസിന് 1.30 ലക്ഷം യു.എസ് ഡോളർ(ഏകദേശം 1.06 കോടി രൂപ) നൽകിയെന്നാണ് കേസ്. കേസിൽ ഗ്രാൻഡ് ജൂറി അന്വേഷണത്തിലെ കുറ്റപത്രം കഴിഞ്ഞ ദിവസമാണ് സമർപ്പിച്ചത്.
2006 മുതൽ ട്രംപുമായി ബന്ധമുണ്ടെന്നാണ് സ്റ്റോമി ഡാനിയൽസിന്‍റെ ആരോപണം. ഇരുവരും തമ്മിൽ പരിചയമുണ്ടായിരുന്ന കാര്യം ട്രംപ് സമ്മതിച്ചിരുന്നെങ്കിലും ലൈംഗികബന്ധമുണ്ടായില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇരുവരും തമ്മിലുള്ള ബന്ധം പുറത്തുപറയാതിരിക്കാൻ 2016ലെ പൊതുതെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ട്രംപ് സ്റ്റോമിക്ക് പണം നൽകുകയായിരുന്നു. അന്ന് ട്രംപിന്റെ അഭിഭാഷകനായിരുന്ന മൈക്കൽ കോഹനാണ് ഈ പണം നടിക്ക് കൈമാറിയത്. ഇക്കാര്യം കോഹൻ കോടതിയിൽ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. 2018ൽ ട്രംപുമായുള്ള ബന്ധം പുറത്തുപറയരുതെന്ന് അവർക്ക് ഭീഷണിയും മുന്നറിയിപ്പും ലഭിച്ചിരുന്നുവെന്നാണ് അഭിഭാഷകർ പറഞ്ഞത്. ഇതിന്റെ മുന്നോടിയായി സ്റ്റോമിയുടെ സുരക്ഷ വർധിപ്പിച്ചിരുന്നു.
ഇതോടെ ക്രിമിനൽ കുറ്റം നേരിടുന്ന ആദ്യത്തെ മുൻ അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് മാറി. 2024 പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ റിപബ്ലിക്കൻ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ട്രംപിന് കനത്ത തിരിച്ചടിയാകുന്നതാണ് പുതിയ നിയമനടപടി.