പോൺതാരവുമായുള്ള ബന്ധം: ട്രംപ് നാളെ കീഴടങ്ങിയേക്കും, കനത്ത സുരക്ഷയിൽ കോടതിയും പരിസരവും
അവിഹിത ബന്ധം പുറത്ത് പറയാതിരിക്കാൻ പോൺ താരത്തിന് പണം നൽകിയെന്ന കേസിലാണ് ട്രംപ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്
ന്യൂയോർക്ക്: യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൊവ്വാഴ്ച പ്രോസിക്യൂട്ടർമാർക്ക് കീഴടങ്ങിയേക്കും.അവിഹിത ബന്ധം പുറത്ത് പറയാതിരിക്കാൻ പോൺ താരത്തിന് പണം നൽകിയെന്ന കേസിലാണ് ട്രംപ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. പോൺതാരം സ്‌റ്റോമി ഡാനിയൽസിന് 1.30 ലക്ഷം യു.എസ് ഡോളർ(ഏകദേശം 1.06 കോടി രൂപ) നൽകിയെന്നാണ് കേസ്.
ലോവർ മാൻഹട്ടനിലുള്ള സെന്റർ സ്ട്രീറ്റിലെ ക്രിമിനൽ കോടതിയിലായിരിക്കും ട്രംപ് കീഴടങ്ങുക എന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിന് മുന്നോടിയായി ന്യൂയോർക്ക് സിറ്റി പൊലീസ് മാൻഹട്ടൻ ക്രിമിനൽ കോടതിക്ക് സമീപമുള്ള റോഡുകൾ തടയുകയും ചെയ്തു. പോൺതാരത്തിന് പണം നൽകിയ കേസിൽ ഗ്രാൻഡ് ജൂറി അന്വേഷണത്തിലെ കുറ്റപത്രം കഴിഞ്ഞ ദിവസമാണ് സമർപ്പിച്ചത്. ഇതിന് പിന്നാലെയാണ് മുൻ പ്രസിഡന്റിനെ ചൊവ്വാഴ്ച ഉച്ചയ്ക്ക് കോടതിയിൽ ഹാജരാക്കുക. ഇതോടെ ക്രിമിനൽ കുറ്റം നേരിടുന്ന ആദ്യത്തെ മുൻ അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് മാറി.
ക്രിമിനൽ, സുപ്രിംകോടതികളുടെ ആസ്ഥാനമാണ് ഡൗണ്ടൗൺ കോടതി. ട്രംപ് കീഴടങ്ങുന്നതിന് മുമ്പ് ചില കോടതി മുറികൾ അടച്ചുപൂട്ടുമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. അതേസമയം, ട്രംപിന്റെ കീഴടങ്ങലുമായി ബന്ധപ്പെട്ട് നഗരത്തിന് ഭീഷണികളില്ലെന്ന് ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി.