റഷ്യന്‍ അധിനിവേശത്തിനു ശേഷം അയല്‍ക്കാരെപ്പോലും വിശ്വാസമില്ലെന്ന് സെലന്‍സ്കി

ജനങ്ങളിലും സായുധസേനയിലും മാത്രമാണ് വിശ്വാസമെന്നും സെലന്‍സ്കി വെള്ളിയാഴ്ച സി.എന്‍.എന്നിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു

Update: 2022-04-18 07:49 GMT
Editor : Jaisy Thomas | By : Web Desk
Advertising

യുക്രൈന്‍: റഷ്യന്‍ അധിനിവേശത്തിനു ശേഷം അയല്‍ക്കാരെപ്പോലും വിശ്വാസമില്ലെന്ന് യുക്രൈന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ സെലന്‍സ്കി. ജനങ്ങളിലും സായുധസേനയിലും മാത്രമാണ് വിശ്വാസമെന്നും സെലന്‍സ്കി വെള്ളിയാഴ്ച സി.എന്‍.എന്നിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

''ഞാനീ ലോകത്തെ വിശ്വസിക്കുന്നില്ല. വാക്കുകളെയും വിശ്വാസമില്ല. റഷ്യയുടെ ആക്രമണത്തിനു ശേഷം അയല്‍വാസികളെപ്പോലും വിശ്വസിക്കുന്നില്ല. ഞങ്ങളില്‍ തന്നെയാണ് വിശ്വാസം. ജനങ്ങളെ, സായുധസേനയെ മാത്രമാണ് വിശ്വാസം. മറ്റു രാജ്യങ്ങള്‍ അവരുടെ വാക്കുകൾ കൊണ്ട് മാത്രമല്ല, പ്രവൃത്തികൾ കൊണ്ടും ഞങ്ങളെ പിന്തുണയ്ക്കാൻ പോകുന്നു എന്ന വിശ്വാസവും കൂടെയുണ്ട്.'' സെലന്‍സ്കി പറഞ്ഞു. എല്ലാവരും യുദ്ധത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. പക്ഷെ നിങ്ങള്‍ കാണുന്നതു പോലെ തന്നെ ആര്‍ക്കും ധൈര്യമില്ല. റഷ്യക്കാർ കിയവിൽ നിന്ന് പിൻവാങ്ങി, എന്നാൽ ഡോൺബാസ് പിടിച്ചെടുക്കാൻ കഴിഞ്ഞാൽ റഷ്യ വീണ്ടും യുക്രേനിയൻ തലസ്ഥാനം പിടിച്ചെടുക്കാൻ ശ്രമിക്കില്ലെന്ന് സെലെൻസ്കി പറഞ്ഞു.

ഡോൺബാസ് മേഖലയിൽ റഷ്യൻ സൈന്യത്തിനെതിരെ പോരാടാൻ യുക്രൈന്‍ തയ്യാറാണ്. റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ രാജ്യത്തിന്‍റെ കിഴക്കൻ പ്രദേശം വിട്ടുനൽകില്ലെന്നും അദ്ദേഹം പറഞ്ഞു.തെക്കുകിഴക്കൻ ഭാഗത്തുള്ള രണ്ട് പ്രവിശ്യകളുടെ പ്രദേശമാണ് ഡോൺബാസ്. ഡൊനെറ്റ്‌സ്‌കിലെയും ലുഹാൻസ്‌കിലെയും ഡോൺബാസ് മേഖലകളിൽ റഷ്യയുടെ മുന്നേറ്റം ഇതുവരെ തടഞ്ഞിട്ടുണ്ടെന്ന് യുക്രൈന്‍ വ്യക്തമാക്കി.

അതേസമയം യുദ്ധം എട്ടാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് റഷ്യ. യുക്രൈൻ നഗരമായ മരിയൂപോൾ പൂർണമായും പിടിച്ചെടുത്തെന്നാണ് റഷ്യയുടെ അവകാശ വാദം. എന്നാൽ കീഴടങ്ങണമെന്ന റഷ്യൻ മുന്നറിയിപ്പ് അവഗണിച്ച യുക്രൈൻ സൈന്യം ചെറുത്തുനിൽപ്പ് തുടരുകയാണ്. ഈസ്റ്റർ ദിനത്തിലും കിയവിലും ഖാര്‍ക്കീവിലും റഷ്യ ശക്തമായ വ്യോമാക്രണമാണ് നടത്തിയത്. ഖാർകീവിൽ 5 പേർ കൊല്ലപ്പെട്ടതായും 13 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ചെറുത്തുനിൽപ്പിനായി പടിഞ്ഞാറൻ രാഷ്ട്രങ്ങളോട് യുക്രൈൻ കൂടുതൽ ആയുധ സഹായം ആവശ്യപ്പെട്ടു. യുക്രൈനുള്ള യുഎസ് സൈനിക സഹായങ്ങൾ എത്തിതുടങ്ങിയതായാണ് റിപ്പോര്‍ട്ട്.  

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News