‘ഗസ്സയിലെ ആക്രമണങ്ങളെ പിന്തുണക്കരുത്’; അമേരിക്കയിൽ ജോ ബൈഡന്റെ ജനപ്രീതി കുത്തനെ ഇടിയുന്നു

‘തൻ്റെ മകൻ സുരക്ഷിത ഇടംതേടി തെരുവുകളിൽ അലയുന്നത് സങ്കൽപ്പിക്കാൻ പോലും കഴിയില്ല’

Update: 2024-02-03 04:20 GMT
Advertising

ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആസൂത്രിത വംശഹത്യ ഏറെ ദൂരം പോയതായി അമേരിക്കയിലെ നല്ലൊരു ശതമാനം മുതിർന്നവരും വിശ്വസിക്കുന്നതായി പുതിയ സർവേ റിപ്പോർട്ട്. അസോസിയേറ്റഡ് പ്രസ്സും എൻ.ഒ.ആർ.സി സെൻ്റർ ഫോർ പബ്ലിക് അഫയേഴ്സ് റിസർച്ചും ചേർന്നാണ് സർവേ നടത്തിയത്.

ഇസ്രായേലിന്റെ ആക്രമണങ്ങൾക്ക് പിന്തുണ നൽകുന്ന ബൈഡൻ ഭരണകൂടത്തിന്റെ ജനപ്രീതി കുത്തനെ കുറയുകയാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അമേരിക്കയിലെ മുതിർന്നവരിൽ 31 ശതമാനം പേർ മാത്രമാണ് ഗസ്സയിലെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട ബൈഡൻ ഭരണകൂടത്തിന്റെ നടപടികളെ അംഗീകരിക്കുന്നത്. നേരത്തെ സർവേ നടത്തിയപ്പോൾ ഡെമോക്രാറ്റുകൾ ഉൾപ്പെടെ 46 ശതമാനം പേരാണ് പിന്തുണച്ചിരുന്നത്. അതാണിപ്പോൾ കുറഞ്ഞുകൊണ്ടിരിക്കുന്നത്.

ഗസ്സയിൽ നിന്നുള്ള വീഡിയോകളും വാർത്തകളും ദിവസേന കാണാറുണ്ടെന്നും അത് ഏറെ വേദനിപ്പിക്കുന്നതാണെന്നും ന്യൂജഴ്‌സിയിലെ റണ്ണെമീഡിലെ 36കാരിയായ മെലിസ മൊറേൽസ് പറയുന്നു. ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ മുറിവേറ്റവരോ അനാഥരാക്കപ്പെട്ടവരോ പാർപ്പിടമില്ലാത്തവരോ ആയ ഫലസ്തീൻ കുട്ടികളുടെ ചിത്രങ്ങൾ കാണുമ്പോൾ തന്റെ മൂന്ന് വയസ്സുകാരനായ മകനെ ഓർക്കുമെന്ന് അവർ പറഞ്ഞു.

തൻ്റെ മകൻ സുരക്ഷിത ഇടംതേടി തെരുവുകളിൽ അലയുന്നത് തനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. ഒക്ടോബർ ഏഴ് മുതൽ ബൈഡൻ ഭരണകൂടം മനഃപൂർവവും തുടർച്ചയായും പിന്തുണക്കുന്നതിനാൽ ഇസ്രായേലിന്റെ കുറ്റകൃത്യങ്ങൾ വളരെയധികം വർധിച്ചിട്ടുണ്ട്. ഈ കുട്ടികൾക്ക് ഇതിന്റെ അവസാനം ആവശ്യമാണ്.

ഫലസ്തീനിലെ സാധാരണക്കാരുടെ മരണസംഖ്യ കുറക്കാനും മാനുഷിക സഹായം അനുവദിക്കാനും ഇസ്രായേലിന് മേൽ സമ്മർദ്ദം ചെലുത്തുന്നുവെന്നാണ് ബൈഡൻ ഭരണകൂടം അവകാശപ്പെടുന്നത്. എന്നാൽ, അവിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 27,000 കവിഞ്ഞു. ഇതൊരു അന്യായമായ യുദ്ധമാണെന്നും മൊറേൽസ് വ്യക്തമാക്കി.

ഇസ്രായേലിനെ പിന്തുണക്കുന്നതിനെതിരെ അമേരിക്കയിൽ വലിയ പ്രതിഷേധമാണ് ജോ ബൈഡൻ നേരിടുന്നത്. ജനുവരിയിൽ ആദ്യം വിർജീനിയയിലെ മനസ്സാസിൽ നടന്ന റാലി​യിൽ സംസാരിക്കവെ ബൈഡനെതിരെ ഫലസ്തീൻ അനുകൂലികൾ മുദ്രാവാക്യം മുഴക്കിയിരുന്നു. ‘ജെനേസൈഡ് ജോ’ എന്നാണ് പ്രതിഷേധക്കാർ അദ്ദേഹത്തെ വിളിച്ചത്. അന്ന് ബൈഡൻ പ്രസംഗം തുടങ്ങിയതും പൂർത്തിയാക്കിയതുമെല്ലാം ഏറെ ബുദ്ധിമുട്ടിയാണ്.

വൈറ്റ് ഹൗസിന് മുമ്പിലും ​പ്രതിഷേധങ്ങൾ നടന്നിരുന്നു. കൂടാതെ സർക്കാർ ജീവനക്കാർ ബൈഡൻ ഭരണകൂടത്തിന്റെ തെറ്റായ നടപടികളിൽ പ്രതിഷേധിച്ച് ഉപവാസ സമരവും പ്രഖ്യാപിച്ചു. ഫലസ്തീൻ വിഷയം വരുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വലിയ വെല്ലുവിളിയാണ് ബൈഡന് മുന്നിൽ ഉയർത്തുക. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News