ദക്ഷിണാഫ്രിക്കയിൽ നിന്ന് നെതർലൻഡ്‌സിലെത്തിയ 61 പേർക്ക് കോവിഡ്; 13 പേർക്ക് ഒമിക്രോൺ
ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നതിന് മുമ്പെത്തിയ വിമാനത്തിലെ യാത്രക്കാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ദക്ഷിണാഫ്രിക്കയിൽ നിന്ന് നെതർലൻഡ്‌സിലെത്തിയ 61 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. ഇതിൽ 13 പേർക്ക് പുതിയ വകഭേദമായ ഒമിക്രോൺ ആണെന്ന് ഞായറാഴ്ച പുറത്തുവന്ന പുതിയ ടെസ്റ്റ് റിപ്പോർട്ടിൽ കണ്ടെത്തി. വെള്ളിയാഴ്ച രണ്ട് വിമാനങ്ങളിലായി ആംസ്റ്റർഡാമിലെത്തിയ യാത്രക്കാരിലാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ഡച്ച് ഹെൽത്ത് അതോറിറ്റി അറിയിച്ചു.
ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നതിന് മുമ്പെത്തിയ വിമാനത്തിലെ യാത്രക്കാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 13 പേർക്ക് ഒമിക്രോൺ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. പരിശോധനകൾ പൂർത്തിയായിട്ടില്ലെന്നും കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിക്കാൻ സാധ്യതയുണ്ടെന്നും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് പ്രസ്താവനയിൽ പറഞ്ഞു.
കോവിഡ് നെഗറ്റീവായി സ്ഥിരീകരിച്ചവരോ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് കാണിച്ചവരോ മാത്രമാണ് വിമാനത്തിൽ കയറിയതെന്ന് എയർ ഫ്രാൻസിന്റെ ഡച്ച് വക്താവ് പറഞ്ഞു. ''ഇത്രയും ആളുകൾക്ക് കോവിഡ് പോസ്റ്റീവായത് ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു. പക്ഷെ ഞങ്ങൾക്ക് കൂടുതലായൊന്നും വിശദീകരിക്കാനില്ല''-എയർ ഫ്രാൻസ് വക്താവ് പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ച മുതൽ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് നെതർലൻഡ്‌സിലെത്തിയ അയ്യായിരത്തോളം യാത്രക്കാരോട് കോവിഡ് ടെസ്റ്റ് നടത്താൻ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. സൗത്ത് ആഫ്രിക്ക, ബോട്‌സ്വാന, എസ്വാറ്റിനി, ലെസോത്തോ, മൊസാംബിക്, നമീബിയ, സിംബാവെ എന്നീ രാജ്യങ്ങളിൽ നിന്നെത്തിയവരോടാണ് എത്രയും വേഗം ടെസ്റ്റ് നടത്താൻ ആവശ്യപ്പെട്ടിരിക്കുന്നത്.