'മിഡില്‍ ഈസ്റ്റിലെ രാജ്യങ്ങളെ സംഘര്‍ഷത്തിലേക്ക് വലിച്ചിഴക്കുന്നു'; അമേരിക്കക്കെതിരെ റഷ്യയും ചൈനയും
ഗസ്സയില്‍ നടക്കുന്ന വംശഹത്യയില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് ഇറാഖിലും സിറിയയിലും അമേരിക്ക ആക്രമണം നടത്തിയതെന്ന് ഇറാന്‍ പ്രതിനിധി
ഇറാഖിലും സിറിയയിലും അമേരിക്ക നടത്തിയ വ്യോമാക്രമണത്തെ എതിര്‍ത്ത് റഷ്യയും ചൈനയും. മേഖലയിലെ സംഘര്‍ഷം വര്‍ധിപ്പിക്കാന്‍ ആക്രമണം ഇടയാക്കുമെന്ന് ഐക്യരാഷ്ട്ര സഭ സുരക്ഷ കൗണ്‍സില്‍ യോഗത്തില്‍ ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ അറിയിച്ചു.
നവംബറില്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണവുമായി ഈ ആക്രമണത്തിന് ബന്ധമുണ്ടെന്ന് റഷ്യയുടെ യു.എന്‍ അംബാസഡര്‍ വാസിലി നെബെന്‍സിയ ആരോപിച്ചു. പ്രസിഡന്റ് ജോ ബൈഡന്റെ ഭരണത്തിന്റെ വിനാശകരമായ പ്രതച്ഛായ ഉയര്‍ത്താനുള്ള ആഗ്രഹവും ഇതിന് പിന്നിലുണ്ട്.
സിവിലിയന്‍മാരുള്‍പ്പെടെ നിരവധി ആളുകള്‍ കൊല്ലപ്പെട്ട ആക്രമണം അന്താരാഷ്ട്ര നിയമങ്ങളോടുള്ള അമേരിക്കയുടെ പൂര്‍ണമായ അവഗണനെയാണ് കാണിക്കുന്നത്. ഇറാന്‍ ഉള്‍പ്പെടെ മിഡില്‍ ഈസ്റ്റിലെ രാജ്യങ്ങളെ പ്രാദേശിക സംഘര്‍ഷത്തിലേക്ക് വലിച്ചിഴക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും വാസിലി നെബെന്‍സിയ വ്യക്തമാക്കി.
അമേരിക്കയിലെ ആഭ്യന്തര രാഷ്ട്രീയമാണ് ആക്രമണത്തിന് പ്രേരണയെന്ന് സിറിയന്‍ പ്രതിനിധി കൗസെ അല്‍ദാഹക്ക് പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണം മുന്നില്‍ കണ്ട്, കൂട്ടായ സുരക്ഷയുടെ തത്വങ്ങളെ തുരങ്കം വെച്ചുള്ള ഇത്തരം പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുകയാണെന്നുമ അദ്ദേഹം വ്യക്തമാക്കി.
വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളില്‍ ചൈനീസ് അംബാസഡര്‍ ഷാങ് ജുന്‍ ആശങ്ക രേഖപ്പെടുത്തി. മിഡില്‍ ഈസ്റ്റിലോ മറ്റെവിടെയെങ്കിലുമോ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നില്ലെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്. എന്നാല്‍, യഥാര്‍ഥത്തില്‍ അതിന് വിപരീതമായാണ് കാര്യങ്ങള്‍ നടക്കുന്നത്. അമേരിക്കന്‍ സൈനിക നടപടികള്‍ മേഖലയെ പ്രക്ഷുബ്ദമാക്കുമെന്നും ഷാങ് ജുന്‍ പറഞ്ഞു.
27,000-ത്തിലധികം ഫലസ്തീനികളെ കൊന്നൊടുക്കിയ ഗസ്സയിലെ അമേരിക്കന്‍ പിന്തുണയോടെയുള്ള ഇസ്രായേലിന്റെ ആസൂത്രിത വംശഹത്യയില്‍നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് ആക്രമണത്തിന് പിന്നിലെന്ന് ഇറാന്‍ അംബാസഡര്‍ സഈദ് ഇരവാനി പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളോടുള്ള വെല്ലുവിളിയാണിത്. ഇറാഖിലെയും സിറിയയിലെയും ഇറാന്‍ താവളങ്ങള്‍ ആക്രമിച്ചുവെന്ന അവകാശവാദം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
ഗസ്സയിലും വെസ്റ്റ് ബാങ്കിലും നിരപരാധികളായ ഫലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ ഭരണകൂടം അമേരിക്കയുടെ പിന്തുണയോടെ നടത്തിയ അധിനിവേശവും ആക്രമണവും തുടര്‍ച്ചയായ വംശഹത്യയുമാണ് ഈ മേഖലയിലെ പ്രശ്‌നങ്ങളുടെ മൂലകാരണമെന്ന് എല്ലാവര്‍ക്കും വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജോര്‍ദാനിലെ അമേരിക്കന്‍ സൈനിക കേന്ദ്രത്തിന് നേരെയുള്ള ഡ്രോണ്‍ ആക്രമണത്തിന് മറുപടിയായിട്ടായിരുന്നു സിറിയയിലെയും ഇറാഖിലെയും ഇറാന്‍ സൈന്യവുമായി ബന്ധമുള്ള കേന്ദ്രങ്ങള്‍ ആക്രമിച്ചതെന്ന് അമേരിക്ക അറിയിച്ചിരുന്നു.