നോക്കിനില്‍ക്കെ ഏഴുനില കെട്ടിടം ഇടിഞ്ഞു താഴേക്ക്; തുര്‍ക്കിയിലെ ഭൂകമ്പത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍
തെക്കുകിഴക്കൻ തുർക്കിയിലെ സാൻലിയൂർഫ നഗരത്തില്‍ പകല്‍സമയത്താണ് ഈ ദുരന്തം സംഭവിച്ചിരിക്കുന്നത്
അങ്കാറ: എവിടെ നോക്കിയാലും തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍..കോണ്‍ക്രീറ്റ് കഷ്ണങ്ങള്‍...ഉറ്റവരെയും ഉടയവരെയും കിടപ്പാടവും നഷ്ടപ്പെട്ടവര്‍...ദുരന്തഭൂമിയായി മാറിയിരിക്കുകയാണ് തുര്‍ക്കിയും സിറിയയും. ഭൂകമ്പത്തിന്‍റെ ഭീകരത വെളിവാക്കുന്ന നിരവധി വീഡിയോകളാണ് ദുരിതബാധിത പ്രദേശത്തു നിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. തുര്‍ക്കിയിലെ ഒരു അപ്പാര്‍ട്ട്മെന്‍റ് നിലംപതിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്.
നോക്കിനില്‍ക്കെ ബഹുനില കെട്ടിടം ഇടിഞ്ഞു താഴേക്ക് നിലംപതിക്കുന്നതും ആളുകള്‍ ജീവന്‍ രക്ഷിക്കാന്‍ ഓടുന്നതുമായ ഭയാനകമായ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. തെക്കുകിഴക്കൻ തുർക്കിയിലെ സാൻലിയൂർഫ നഗരത്തില്‍ പകല്‍സമയത്താണ് ഈ ദുരന്തം സംഭവിച്ചിരിക്കുന്നത്. ശക്തമായ ഭൂചലനത്തിന്‍റെ ഫലമായി ഏഴ് നിലകളുള്ള ഒരു കെട്ടിടം താഴേക്ക് വീഴുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ആളുകള്‍ ഞെട്ടലോടെ നോക്കിനില്‍ക്കുന്നത് വീഡിയോയില്‍ കാണാം. കെട്ടിടം പതിയെ കുലുങ്ങുന്നതും തുടര്‍ന്ന് വലിയ ശബ്ദത്തോടെ നിലംപതിക്കുന്നതും കാണാം. പ്രദേശമാകെ പൊടിപടലങ്ങള്‍ നിറയുന്നതും കാഴ്ചക്കാര്‍ കാല്‍നടയായോ വാഹനങ്ങളിലോ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
തെക്കുകിഴക്കൻ തുർക്കിയിലെ അപ്പാർട്ട്‌മെന്‍റ് ബ്ലോക്കുകളും വടക്കുപടിഞ്ഞാറൻ സിറിയയിലെ നഗരങ്ങളും ഭൂകമ്പത്തില്‍ തകര്‍ന്നിട്ടുണ്ട്. പ്രകൃതിദുരന്തത്തിൽ 3,400-ലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേറ്റു. കൂടുതൽ പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. മരണസംഖ്യ 10,000 കവിയാൻ 20% സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) പറഞ്ഞു.