യു ബ്ലഡി ഫൂള്‍; പറയുന്നത് മനുഷ്യനല്ല, ഒരു താറാവാണ്
ഓസ്‌ട്രേലിയന്‍ മസ്‌ക് ഡക്ക് എന്നയിനം താറാവുകളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്
മനുഷ്യരുടെയും മറ്റും ശബ്ദങ്ങള്‍ അനുകരിക്കുന്ന തത്തകളെയും മൈനകളെയുമൊക്കെ നാം കണ്ടിട്ടുണ്ട്. എന്നാല്‍ താറാവുകളും മനുഷ്യരുടെ ശബ്ദത്തെ അനുകരിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഓസ്‌ട്രേലിയന്‍ മസ്‌ക് ഡക്ക് എന്നയിനം താറാവുകളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.
പഠനത്തിന്‍റെ ഭാഗമായി ഇത്തരം താറാവുകള്‍ പുറപ്പെടുവിക്കുന്ന ശബ്ദങ്ങള്‍ ശാസ്ത്രജ്ഞര്‍ വിലയിരുത്തി. ഇക്കൂട്ടത്തില്‍ റിപ്പര്‍ എന്ന താറാവിന്‍റെ ശബ്ദം പരിശോധിച്ചപ്പോള്‍' യൂ ബ്ലഡി ഫൂള്‍' എന്നാണ് എപ്പോഴും പറയുന്നതെന്ന് കണ്ടെത്തി. താറാവിന്‍റെ ഉടമസ്ഥൻ പറയുന്നത് കേട്ടാകാം ഇവ ഇത്തരത്തിൽ വാക്കുകൾ പഠിച്ചത് എന്നാണ് ഗവേഷകർ പറയുന്നത്. ലൈഡന്‍ യൂണിവേഴ്സിറ്റിയുടെ നെതര്‍ലാന്‍ഡ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലെയ്ഡനിലെ ഗവേഷകനായ കെയർ ടെൻ കേറ്റ് നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. ഇതു സംബന്ധിച്ച ലേഖനം സെപ്തംബര്‍ 6നാണ് പ്രസിദ്ധീകരിച്ചത്.
1987ലാണ് റിപ്പറിന്‍റെ ശബ്ദം റെക്കോര്‍ഡ് ചെയ്തത്. ബ്ലഡി ഫൂള്‍ എന്നു മാത്രമല്ല, നിരവധി വാക്കുകള്‍ ഉച്ചരിക്കാനും ജനലുകളും കതകുകളുമൊക്കെ അടയുന്ന ശബ്ദം അനുകരിക്കാനും റിപ്പറിനു കഴിഞ്ഞതായും ലേഖനത്തില്‍ പറയുന്നു. ''ഇതു വളരെ അത്ഭുതമായി തോന്നുന്നു. 35 വര്‍ഷങ്ങള്‍ക്കു മുന്‍പ് റെക്കോഡ് ചെയ്ത ഓഡിയോ ആയിട്ടും ഇതുവരെ വോക്കൽ പഠന മേഖലയിലെ ഗവേഷകരുടെ ശ്രദ്ധയിൽ പെട്ടിട്ടില്ല'' കാറല്‍ കേറ്റ് ചൂണ്ടിക്കാണിക്കുന്നു. ആദ്യം താനിത് വിശ്വസിച്ചില്ലെന്നും ഒരു തമാശയായിട്ടാണ് കണ്ടെതെന്നും കാറല്‍ ടെന്‍ പറയുന്നു. എന്നാല്‍ പക്ഷി ഗവേഷകരുടെയും ശാസ്ത്രജ്ഞരുടെയും റിപ്പോര്‍ട്ടുകള്‍ നോക്കുമ്പോള്‍ വിശ്വസിക്കാതെ തരമില്ല. വളരെ ചെറിയ പ്രായത്തില്‍ തന്നെയായിരിക്കും താറാവുകള്‍ ഈ ശബ്ദങ്ങള്‍ പഠിച്ചെടുത്തതെന്നും കാറല്‍ ടെന്നിന്‍റെ ലേഖനത്തില്‍ പറയുന്നു.
പിന്നീട് ഓസ്‌ട്രേലിയയിലെ ടിഡ്ബിന്‍ബില്ലയിലുള്ള ഒരു താറാവും ഇത്തരം അനുകരണ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. മസ്‌ക് താറാവുകള്‍ ബ്രിട്ടനിലുമുണ്ട്. ഇവ കുതിരകളുടെയും വാഹനങ്ങളുടെയുമൊക്കെ ശബ്ദങ്ങള്‍ അനുകരിക്കാറുണ്ടെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു.