സാക്ഷിപ്പട്ടികയിൽ ടെസ്‌ല മേധാവിയും; ഇലോൺ മസ്‌കും അംബർ ഹേഡും തമ്മിലുള്ള ബന്ധമെന്ത്?

ജോണി ഡെപ്പ്-അംബർ ഹേഡ് കേസുമായി ബന്ധപ്പെട്ടാണ് ടെസ്‌ല മേധാവി വാര്‍ത്തകളില്‍ നിറയുന്നത്

Update: 2022-05-06 13:47 GMT
Editor : abs | By : Web Desk
Advertising

ന്യൂയോർക്ക്: ജോണി ഡെപ്-അംബർ ഹേഡ് കേസുമായി ബന്ധപ്പെട്ട വാഗ്വാദങ്ങളിൽ ചൂടുപിടിച്ചിരിക്കുകയാണ് ഹോളിവുഡ് സിനിമാ ലോകം. ഡെപ് തന്നെ ലൈംഗികമായി അതിക്രമിച്ചെന്നും നേരിടേണ്ടിവന്നത് കൊടിയ പീഡനമായിരുന്നുവെന്നും വിചാരണക്കോടതിക്ക് മുമ്പിൽ തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ഭാര്യയായ നടി അംബർ ഹേഡ്. വിർജിനിയയിലെ കോടതിയിൽ പൊട്ടിക്കരഞ്ഞു കൊണ്ടാണ് ഹേഡ് തന്റെ അനുഭവങ്ങൾ വിവരിച്ചത്. എന്നാൽ താനാണ് ഇരയെന്നും മുൻ ഭാര്യ പറയുന്നത് കള്ളമാണ് എന്നു വാദിക്കുകയുമാണ് ജോണി ഡെപ്.

ഡെപ് നൽകിയ അപകീർത്തി കേസുമായി ബന്ധപ്പെട്ട് ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ പേരും ഇപ്പോൾ തലക്കെട്ടുകളിൽ നിറയുകയാണ്. ട്വിറ്റർ ഏറ്റെടുത്ത വാർത്ത ആഘോഷമായി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കവെയാണ് മസ്‌ക് ഹൈപ്രൊഫൈൽ കേസിൽ പരാമർശ വിധേയമാകുന്നത്.

കേസിലെ സാക്ഷിപ്പട്ടികയിലാണ് ഇലോൺ മസ്‌കുള്ളത്. ഡെപ്പുമായുള്ള വിവാഹം കഴിഞ്ഞ ഒരു മാസത്തിനകം ഇലോൺ മസ്‌കുമായി ഹേഡ് പ്രണയത്തിലായി എന്ന് കോടതി രേഖകളെ ഉദ്ധരിച്ച് ഫോക്‌സ് ന്യൂസ് റിപ്പോർട്ടു ചെയ്യുന്നു. ഡെപ് ഇല്ലാത്ത വേളയിൽ മസ്‌കിനെ അദ്ദേഹത്തിന്റെ വീട്ടിൽ കണ്ടതായും കോടതി രേഖകളിലുണ്ട്.

ഇലോണ്‍ മസ്കും അംബര്‍ ഹേഡും മിയാമിയില്‍

'ആസ്‌ത്രേലിയയിൽ വച്ച് ഹേഡ് ഡെപ്പിനു നേരെ വോഡ്ക ബോട്ടിൽ എറിഞ്ഞ സമയത്താണ്, മസ്‌കിനെ ഡെപ്പിന്റെ താമസസ്ഥലത്തു കണ്ടത്. വിവാഹ ശേഷം സ്വത്തുമായി ബന്ധപ്പെട്ട കരാറുകളിലേക്ക് കടക്കുകയായിരുന്നു ഡെപ്. ഹേഡിന്റെ അതിക്രമത്തിൽ ഡെപ്പിന്റെ വലതു നടുവിരൽ ഒടിഞ്ഞു' - കോടതി രേഖകൾ പറയുന്നു.

ഡെപുമായുള്ള വിവാഹമോചന ഹർജി ഫയൽ ചെയ്ത് രണ്ടു മാസത്തിനകം, 2016 ജൂലൈയിൽ മിയാമി ബീച്ചിൽ മസ്‌കും ഹേഡും ഒരുമിച്ച് സമയം ചെലവഴിച്ചിരുന്നു. നാലു വർഷത്തിലേറെയായി മസ്‌കിന്റെ സുഹൃത്താണ് ഹേഡ് എന്നാണ് അന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്.

എന്നാൽ ഹേഡിന് മസ്‌കുമായി പ്രണയ ബന്ധമില്ലെന്ന് സ്‌പേസ് എക്‌സ് പ്രതിനിധി ഫോക്‌സ് ന്യൂസിനോട് പറഞ്ഞു. '2016 മെയ് വരെ ഇലോണും അംബറും കണ്ടിട്ടില്ല. അതിനു ശേഷം കണ്ടത് വല്ലപ്പോഴുമായിരുന്നു. അത് പ്രണയബന്ധവുമായിരുന്നില്ല' - സ്‌പേസ് എക്‌സ് പ്രസ്താവനയിൽ വ്യക്തമാക്കി. ബ്രിട്ടീഷ് പത്രമായ ദ സണിനെതിരെ ഡെപ് നൽകിയ മാനനഷ്ടക്കേസിൽ ഹേഡും ഈ ബന്ധം നിഷേധിച്ചിരുന്നു. 'അവർ ഡേറ്റിങ്ങിലായിരുന്നോ എന്നറിയില്ല. തീർച്ചയായും അവർ കുറച്ചുകാലം ഒന്നിച്ചു ചെലവഴിച്ചിരുന്നു' - എന്നാണ് മസ്‌കിന്റെ അഭിഭാഷകൻ ക്രിസ്റ്റിയൻ കാരിനോ ഈയിടെ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. 2017ൽ ആരംഭിച്ച ബന്ധം അടുത്ത വർഷം തന്നെ തകർന്നു എന്നാണ് റിപ്പോർട്ട്. 

ഇലോണ്‍ മസ്കും അംബര്‍ ഹേഡും 

'ഇലോണും ഞാനും തമ്മിൽ മനോഹരമായ ഒരു ബന്ധമുണ്ടായിരുന്നു. മൂല്യങ്ങൾ അനുസരിച്ച് ഞങ്ങൾ തമ്മിൽ നല്ല സൗഹൃദം ഇപ്പോഴുമുണ്ട്' - എന്നാണ് 2018ൽ ദ ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ ഹേഡ് പറഞ്ഞിരുന്നത്. ബന്ധമുണ്ടായിരുന്ന വേളയിൽ എൺപതിനായിരം യുഎസ് ഡോളർ വിലയുള്ള ടെസ്‌ല മോഡൽ എസ് മസ്‌ക് ഹേഡിന് സമ്മാനമായി നൽകിയിരുന്നു. ഈ വാഹനം അടുത്ത കാലത്തും നടി ഉപയോഗിച്ചിരുന്നത്.

അതിനിടെ, മസ്‌കിനെ സാക്ഷിയായി വിസ്തരിക്കില്ലെന്ന് ടെസ്‌ല മേധാവിയുടെ അറ്റോർണി അലക്‌സ് സ്പിറോ ഫോക്‌സ് ന്യൂസ് ഡിജിറ്റലിനോട് പ്രതികരിച്ചു. വീഡിയോ കോൺഫറൻസ് വഴി ടെസ്‌ല സിഇഒയെ വിസ്തരിക്കാനായിരുന്നു നീക്കം. മറ്റൊരു സാക്ഷി നടൻ ജെയിംസ് ഫ്രാങ്കോയിൽ നിന്നും മൊഴിയെടുത്തേക്കില്ല. ഫ്രാങ്കോയുമായി തനിക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നു എന്ന് പെപ് ആരോപിച്ചിരുന്നതായി ഹേഡ് പറഞ്ഞിരുന്നു.

വിചാരണക്കിടെ പൊട്ടിക്കരഞ്ഞ് ഹേഡ്

അതിനിടെ, ജോണി ഡെപ്പിനെതിരെയുള്ള കേസിലെ വിചാരണക്കിടെ കോടതിയിൽ ഹേഡ് പൊട്ടിക്കരഞ്ഞു. തന്നെ ഡെപ്പ് മദ്യക്കുപ്പി കൊണ്ട് ആക്രമിച്ചെന്നും അടിവയറ്റിൽ ചവിട്ടിയെന്നും ഹേഡ് വെളിപ്പെടുത്തി. വിർജിനിയയിലെ ഫയർഫാക്സിൽ നടക്കുന്ന വിചാരണക്കിടെയാണ് നടിയുടെ ആരോപണം.

'പൈറേറ്റ്സ് ഓഫ് കരീബിയൻ' അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണത്തിനിടെ 2015ൽ ആസ്ത്രേലിയയിൽ വച്ചായിരുന്നു അതിക്രമമെന്ന് അവർ പറയുന്നു. 

അംബര്‍ ഹേഡ്

'വിവാഹ ശേഷം ഒരുമിച്ചുള്ള വൈകുന്നേരം ഡെപ് താമസിച്ചിരുന്ന വീട്ടിൽ അത്താഴമൊരുക്കിയിരുന്നു. കുടിച്ചിരുന്ന ഡെപ് എന്നെ റഫ്രിജറേറ്റിന് അടുത്തേക്ക് തള്ളിയിട്ടു. കഴുത്തിൽ കുത്തിപ്പിടിച്ചു. അവിടെ നിന്ന് രക്ഷപ്പെട്ട് വീടിന്റെ മുകളിലേക്ക് പോയി. കുറച്ചു കഴിഞ്ഞ് രാത്രി വേഷത്തിൽ താഴേക്കെത്തി. ഡെപ്പ് അപ്പോഴും ഉണർന്നിരിക്കുകയായിരുന്നു. ഒരുമിച്ച് ഭക്ഷണം കഴിക്കാൻ ഡെപ്പിനെ പ്രേരിപ്പിച്ചു. എന്നാൽ അയാൾ പ്രതിയോഗിയെപ്പോലെയാണ് പെരുമാറിയത്. എനിക്കു നേരെ ബോട്ടിലുകൾ എറിഞ്ഞു. നിശാവസ്ത്രം വലിച്ചു കീറി നഗ്‌നയാക്കി. ടെന്നിസ് ടേബിളിലേക്ക് വലിച്ചെറിഞ്ഞ് ബോട്ടിലു കൊണ്ട് ലൈംഗികാതിക്രമം നടത്തി.'- ഹേഡിന്റെ വാക്കുകൾ റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്തു.

അതിക്രമത്തിനിടെ 'ഞാൻ നിന്നെ കൊല്ലു'മെന്ന് തുടർച്ചയായി ഡെപ് പറഞ്ഞതായി നടി പറഞ്ഞു. 'ഞാനാകെ ഭയന്നു. അദ്ദേഹത്തെ വിവാഹം ചെയ്തിട്ടേ ഉണ്ടായിരുന്നുള്ളൂ. കുറച്ചു മാസങ്ങൾക്ക് ശേഷം ലോസാഞ്ചൽസിലെ വീട്ടിൽ വച്ച് ഡെപ്പ് എന്റെ മൂക്ക് തകർത്തു. മുടി വലിച്ചു പറിച്ചു.' - അവർ കൂട്ടിച്ചേർത്തു. 2015ലാണ് ഡെപ്പും ഹേർഡും വിവാഹിതരായത്. സഹനടന്മാരായ ബില്ലി ബോബ് തോർന്റോൺ, എഡ്ഡി റെഡ്മെയ്നെ എന്നിവരുമായി തനിക്ക് അവിഹിത ബന്ധമുണ്ടെന്ന് ഡെപ് ആരോപിച്ചതായും ഹേഡ് പറയുന്നു.

നിഷേധിച്ച് ഡെപ്

ആരോപണങ്ങൾ ഡെപ് നിഷേധിച്ചു. ഹേഡിനെ മർദിച്ചിട്ടില്ലെന്നും മുൻ ഭാര്യ തന്നെ അധിക്ഷേപിക്കുകയാണ് എന്നും ഡെപ് കോടതിയിൽ വാദിച്ചു. താൻ ഗാർഹിക പീഡനത്തിന്റെ ഇരയാണ് എന്നു വാദിച്ച് ഹേഡിനെതിരെ അമ്പത് ദശലക്ഷം യുഎസ് ഡോളറിന്റെ അപകീർത്തിക്കേസാണ് ഡെപ് ഫയൽ ചെയ്തിട്ടുള്ളത്. ഹേഡ് കള്ളം പറയുന്നു എന്നാണ് ഡെപ്പിന്റെ പ്രധാനവാദം. തന്നോടുള്ള വൈരാഗ്യം മൂലം ഹേഡ് കിടക്കയിൽ മലവിസർജ്ജനം നടത്തിയെന്നും നടൻ ആരോപിക്കുന്നു.

ആസ്ത്രേലിയയിൽ നടന്നെന്ന് പറയുന്ന സംഭവങ്ങളെ കുറിച്ച് വ്യത്യസ്തമായ വിവരണമാണ് ഡെപ് നൽകിയത്. തനിക്കു നേരെ വസ്തുക്കൾ വലിച്ചെറിഞ്ഞത് ഹേഡാണ്. അവർ വോഡ്ക ബോട്ടിൽ കൊണ്ട് അടിച്ചു. നടുവിരലിന് കേടുസംഭവിച്ചു. മുറിവിന് ചികിത്സ തേടിയതിന്റെ തെളിവുകളും ഡെപ്പിന്റെ അറ്റോണി കോടതിയിൽ കാണിച്ചു. 

ജോണി ഡെപ്പും മുന്‍ ഭാര്യ അംബര്‍ ഹേഡും

വാഷിങ്ടൺ പോസ്റ്റിൽ 2018ൽ ഹേഡ് എഴുതിയ ലേഖനമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. തനിക്കു നേരെയുള്ള അതിക്രമങ്ങൾ വിവരിച്ചായിരുന്നു നടിയുടെ ലേഖനം. ഡെപ്പിന്റെ പേരെടുത്തു പറഞ്ഞില്ലെങ്കിലും സൂചനകൾ കൃത്യമായിരുന്നു. ഇതോടെ ഡിസ്നി അടക്കമുള്ള വമ്പൻ നിർമാതാക്കൾ സിനിമകളിൽനിന്ന് നടനെ ഒഴിവാക്കിയിരുന്നു. ഇതിനെതിരെയാണ് ഡെപ് കേസ് ഫയൽ ചെയ്തത്. ലേഖനം ഡെപ്പിനെതിരെയല്ല എന്ന് ഹേർഡിന്റെ അഭിഭാഷകർ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചിട്ടില്ല. മെയ് 27 വരെയാണ് കേസിലെ വാദം.

പ്രണയവും വിവാഹവും

ഹോളിവുഡിലെ ഏറ്റവും വലിയ താരങ്ങളിലൊരാളായ ഡെപ്പും ഹേർഡും തമ്മിൽ 2015 ഫെബ്രുവരിയിലാണ് വിവാഹിതരായത്. രണ്ടു വർഷം മാത്രം നീണ്ട ദാമ്പ്യത്തിനൊടുവിൽ 2017ൽ ഇരുവരും വേർപിരിയുകയായിരുന്നു. 2009ൽ ദ റം ഡയറി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്. 2012ൽ ഡേറ്റിങ് ആരംഭിച്ചു. മൂന്നു വർഷത്തിനു ശേഷം വിവാഹവും.

രണ്ടു വർഷങ്ങൾക്ക് മുമ്പ് തന്നെ വൈഫ് ബീറ്റർ (ഭാര്യയെ മർദിക്കുന്നവൻ) എന്ന് വിളിച്ച ബ്രിട്ടീഷ് ടാബ്ലോയ്ഡ് ദ സണിനെതിരെ ഡെപ് കേസ് നൽകിയിരുന്നു. വാഷിങ്ടൺ പോസ്റ്റ് പ്രിന്റ് ചെയ്യുന്ന ഫയർഫാക്സ് കൗണ്ടിയിലാണ് ഇപ്പോഴത്തെ കേസ്. പത്രം കേസിൽ കക്ഷിയല്ല. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News