ഇന്ത്യയിൽ വരാതെ ചൈനയിലെത്തി ഇലോൺ മസ്‌ക്
കഴിഞ്ഞയാഴ്ചയാണ് ഇന്ത്യയിലെ സന്ദർശനം മാറ്റിയത്
ബെയ്ജിങ്: ടെസ്ല സി.ഇ.ഒ ഇലോൺ മസ്‌ക് ഞായറാഴ്ച ബെയ്ജിങിലെത്തി. ഇന്ത്യയിലേക്കുള്ള സന്ദർശനം മാറ്റിവെച്ച് ദിവസങ്ങൾക്കകമാണ് മസ്‌കിന്റെ ചൈനീസ് സന്ദർശനം.
ചൈന കൗൺസിൽ ഫോർ പ്രൊമോഷൻ ഓഫ് ഇന്റർനാഷണൽ ട്രേഡിന്റെ ക്ഷണപ്രകാരമാണ് മസ്‌ക് ഇന്ന് ഉച്ചയോടെ ബെയ്ജിങ്ങിൽ എത്തിയത്. ചൈനയിൽ ടെസ്ലയുടെ ഫുൾ സെൽഫ് ഡ്രൈവിങ് കാറുകൾ പ്രവർത്തനക്ഷമമാക്കാനുള്ള ചർച്ചകൾക്കായാണ് മസ്‌ക് എത്തിയതെന്നാണ് റിപ്പോർട്ടുകൾ.
ടെസ്ലയുടെ വാഹനങ്ങൾ ചൈനയിലെ സൈനിക കേന്ദ്രങ്ങളിലും മറ്റു ചില സർക്കാർ ഓഫിസുകളിലും മുമ്പ് നിരോധിച്ചിരുന്നു. വാഹനങ്ങളിലെ കാമറകൾ കാരണമുണ്ടാകുന്ന സൈബർ സുരക്ഷാ ആശങ്കകൾ കാരണമായിരുന്നു ഇത്.
വാഹന വിൽപ്പന കുറഞ്ഞതിനാൽ ടെസ്‌ല നിരവധി മുതിർന്ന ജീവനക്കാരെയടക്കം ഈയിടെ പിരിച്ചുവിട്ടിരുന്നു. അമേരിക്കൻ കമ്പനിക്ക് വെല്ലുവിളിയായി നിരവധി ഇലക്ട്രിക് കമ്പനികളാണ് നിരത്തുകളിൽ ഇടംപിടിച്ചിരിക്കുന്നത്. വിൽപ്പന കുറഞ്ഞതോടെ യു.എസ്, ചൈന തുടങ്ങിയ പ്രധാന വിപണികളിൽ ഇലക്ട്രിക് വാഹനങ്ങളുടെ വില ടെസ്ല കുറച്ചിരുന്നു.
ഏപ്രിൽ 21, 22 തീയതികളിലായിരുന്നു മസ്‌ക് ഇന്ത്യയിലെത്തുമെന്ന് അറിയിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനും നിശ്ചയിച്ചിരുന്നു. ഇന്ത്യയിൽ ടെസ്ല 2-3 ബില്യൺ ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. നിർഭാഗ്യവശാൽ, ടെസ്ലയുമായി ബന്ധപ്പെട്ട തിരക്കുകൾ കാരണം ഇന്ത്യയിലേക്കുള്ള സന്ദർശനം വൈകുമെന്ന് ഇലോൺ മസ്‌ക് അന്ന് എക്സിൽ അറിയിച്ചു. ഈ വർഷം തന്നെ ഇന്ത്യയിലെത്താനാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.