15.82 ലക്ഷം കോടി രൂപയുമായി ലോക ധനാഢ്യ പദവിയിൽ ഇലോൺ മസ്‌ക്
ഫ്രഞ്ച് ലക്ഷ്വറി ബ്രാൻഡായ ലൂയിസ് വിറ്റണിന്റെ ബെർനാൾഡ് അർണോൾഡാണ് രണ്ടാമത്
ലോകത്തിലെ ഏറ്റവും വലിയ ധനാഢ്യ പദവിയിൽ ഇലോൺ മസ്‌ക് തന്നെ. ഏറ്റവും ഒടുവിൽ ജൂൺ ഒന്നിന് ബ്ലൂംബെർഗ് പുറത്തുവിട്ട റിപ്പോർട്ടിൽ മസ്‌കാണ് ഒന്നാമൻ. ആകെ 192 ബില്യൺ യു.എസ്. ഡോളറാണ് സമ്പാദ്യം. അഥവാ ഏകദേശം 15.82 ലക്ഷം കോടി ഇന്ത്യൻ രൂപയാണ് ട്വിറ്ററടക്കം പുതിയ രംഗങ്ങളിലും വമ്പൻ തുക മുടക്കിയ മസ്‌കിന്റെ കയ്യിലുള്ളത്. ഫ്രഞ്ച് ലക്ഷ്വറി ബ്രാൻഡായ ലൂയിസ് വിറ്റണിന്റെ ബെർനാൾഡ് അർണോൾഡാണ് രണ്ടാമത്. 187 ബില്യൺ ഡോളറാണ് സമ്പാദ്യം. 144 ബില്യൺ ഡോളറുമായി ജെഫ് ബിസോസ് മൂന്നാമതും 125 ബില്യൺ ഡോളറുമായി ബിൽ ഗേറ്റ്‌സുമാണ് മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്.
കുറച്ചു മാസങ്ങളായി ലോകത്തിലെ ഏറ്റവും വലിയ ധനാഢ്യനെന്ന പദവി പിടിക്കാൻ മസ്‌കും അർണോൾഡും പോരാടുകയാണ്. അവസാന ട്രേഡിൽ അർണാൾഡിന്റെ കമ്പനി രണ്ട് ശതമാനം ഇടിവ് നേരിട്ടതോടെയാണ് ടെസ്‌ല മേധാവി പട്ടികയിൽ ഒന്നാമതെത്തിയത്. കഴിഞ്ഞ വർഷം ഡിസംബറിൽ അർണോൾഡ് മസ്‌കിനെ മറികടന്നിരുന്നു. എന്നാൽ ഈ വർഷം ടെസ്‌ല, സ്‌പേസ് എക്‌സ്, ട്വിറ്റർ എന്നിവയിൽ നിന്നടക്കം മസ്‌ക് വരുമാനമുണ്ടാക്കുകയായിരുന്നു. അതേസമയം, കഴിഞ്ഞ കുറച്ചു മാസങ്ങളായി ലക്ഷ്വറി ഉത്പന്നങ്ങളുടെ ചൈന പോലുള്ള വിപണികൾ മുമ്പുള്ളത്ര സജീവമല്ല. ഏപ്രിൽ മുതലുള്ള കാലയളവിൽ അർണോൾഡിന്റെ എൽ.എം.വി.എച്ച് പത്തു ശതമാനം നഷ്ടം നേരിട്ടു. ഇതോടെ ഈ വർഷം അദ്ദേഹത്തിന് 11 ബില്യൺ ഡോളറിന്റെ നഷ്ടമാണുണ്ടായത്.
അതിനിടെ, മസ്‌ക് ഈ വർഷം 55.3 ബില്യൺ ഡോളറോളം വരുമാനം നേടി. അദ്ദേഹത്തിന്റെ കാർ നിർമാണ കമ്പനിയായ ടെസ്‌ലയിൽ നിന്നായിരുന്നു കൂടുതൽ പണമെത്തിയത്. ഏകദേശം 66 ശതമാനമാണ് കമ്പനിയുടെ മൂല്യമുയർന്നത്. മസ്‌കിന്റെ വരുമാനത്തിന്റെ 71 ശതമാനവും ടെസ്‌ലയിലൂടെയാണ് വന്നത്. ഇതോടെ 192.3 ബില്യൺ ഡോളർ ഇദ്ദേഹം നേടുകയായിരുന്നു.
Elon Musk is the richest man in the world with a net worth of US$192 billion