ഗൂഗിള്‍ സഹസ്ഥാപകന്‍റെ ഭാര്യയുമായി ബന്ധമെന്ന് ആരോപണം; നിഷേധിച്ച് ഇലോണ്‍ മസ്ക്

മസ്കിന്റെ കമ്പനികളിലെ നിക്ഷേപങ്ങളെല്ലാം പിൻവലിക്കാന്‍ ബ്രിന്‍ തീരുമാനിച്ചതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു

Update: 2022-07-26 00:34 GMT
Advertising

വാഷിങ്ടൻ: ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്കുമായുള്ള സൗഹൃദം ഗൂഗിൾ സഹ സ്ഥാപകൻ സെർജി ബ്രിൻ അവസാനിപ്പിച്ചെന്ന് റിപ്പോര്‍ട്ട്. മസ്കിന് തന്റെ ഭാര്യ നിക്കോൾ ഷാനഹാനുമായി രഹസ്യബന്ധമുണ്ടെന്ന് അറിഞ്ഞതിനു പിന്നാലെയാണ് ബ്രിൻ ബന്ധം അവസാനിപ്പിച്ചതെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മസ്കിന്റെ കമ്പനികളിലെ നിക്ഷേപങ്ങളെല്ലാം പിൻവലിക്കാന്‍ ബ്രിന്‍ തീരുമാനിച്ചതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.

എന്നാൽ റിപ്പോർട്ട് നിഷേധിച്ച മസ്ക്, ബ്രിന്നും താനും തമ്മിൽ യാതൊരു പ്രശ്നവുമില്ലെന്ന് വ്യക്തമാക്കി. ഇന്നലെ രാത്രിയിൽ കൂടി പാർട്ടിയിൽ ഒരുമിച്ച് പങ്കെടുത്തതാണെന്ന് ട്വീറ്റ് ചെയ്തു- "കഴിഞ്ഞ മൂന്നു വർഷത്തിനിടെ നിക്കോളിനെ രണ്ടു പ്രാവശ്യം മാത്രമാണ് കണ്ടത്. ഈ കൂടിക്കാഴ്ചകളിലെല്ലാം ഞങ്ങൾക്കു ചുറ്റും നിരവധി പേരുണ്ടായിരുന്നു. അതിൽ പ്രണയമൊന്നുമില്ല" എന്നും മസ്ക് ട്വീറ്റ് ചെയ്തു.

ഇലോൺ മസ്കിന് നിക്കോളുമായി കഴിഞ്ഞ വര്‍ഷം മുതൽ ബന്ധമുണ്ടെന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ ബ്രിൻ വിവാഹ മോചന അപേക്ഷ നല്‍കിയെന്നും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മിയാമിയിൽ വച്ചാണ് മസ്കും നികോളും തമ്മിൽ ബന്ധമുണ്ടായതെന്നും പിന്നീട് മസ്ക് ബ്രിന്നിനോട് ക്ഷമാപണം നടത്തിയെന്നുമാണ് റിപ്പോർട്ട്.

മസ്ക് ആദ്യം ടെസ്‌ല കാർ നൽകിയവരില്‍ ഒരാളാണ് ബ്രിന്‍. 2008ൽ ടെസ്‍ല സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ സഹായവുമായി ബ്രിന്‍ എത്തി, 500,000 ഡോളർ നൽകിയിരുന്നു. നിലവില്‍ ടെസ്‍ലയില്‍ ബ്രിന്നിന് എത്ര നിക്ഷേപമുണ്ടെന്ന് വ്യക്തമല്ല.


Summary- Tesla boss Elon Musk today denied a media report that alleged he had an affair with the wife of Google co-founder and billionaire Sergey Brin

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News