'ടെസ്‌ല കാറുകൾ എപ്പോൾ ഇന്ത്യൻ നിരത്തിലിറങ്ങും?' ഇലൺ മസ്‌കിന്റെ മറുപടി ഇങ്ങനെ
ടെസ്‌ല കാറുകൾ ഇന്ത്യൻ വിപണിയിലെത്തിക്കാൻ 2019 മുതൽ തന്നെ മസ്‌ക് നീക്കം നടത്തുന്നുണ്ട്
ടെസ്‌ലയുടെ ഇലക്ട്രിക് കാറുകൾ അടുത്തൊന്നും ഇന്ത്യൻ നിരത്തുകളിലിറങ്ങില്ലെന്ന സൂചനയുമായി കമ്പനി തലവൻ. നികുതി അടക്കമുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാർ തുടരുന്ന കടുംപിടിത്തം കാരണമാണ് ടെസ്‌ല കാറുകൾ ഇന്ത്യയിലെത്താൻ വൈകുന്നത്. കാർ ഇന്ത്യയിലെത്തിക്കാൻ ഒരുപാട് വെല്ലുവിളികൾ നിലനിൽക്കുന്നുണ്ടെന്ന് സൂചിപ്പിച്ചിരിക്കുകയാണ് മസ്‌ക്.
ട്വിറ്ററിലാണ് ഇതേക്കുറിച്ച് ഇലൺ മസ്‌ക് പ്രതികരിച്ചത്. ടെസ്‌ല കാറുകൾ എപ്പോൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന ഒരു ട്വിറ്റർ യൂസറുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴും സർക്കാരുമായുള്ള ഒരുപാട് വെല്ലുവിളികളിലൂടെയാണ് കാര്യങ്ങൾ പുരോഗമിക്കുന്നതെന്ന് മസ്‌ക് വെളിപ്പെടുത്തി.
2019 മുതൽ തന്നെ ടെസ്‌ല കാറുകൾ ഇന്ത്യൻ വിപണിയിലെത്തിക്കാൻ മസ്‌ക് നീക്കം നടത്തുന്നുണ്ട്. എന്നാൽ, മൂന്നു വർഷം കഴിഞ്ഞിട്ടും ഇതിൽ കാര്യമായൊരു പുരോഗതിയുമുണ്ടായിട്ടില്ല. തദ്ദേശീയ ഫാക്ടറികൾ, ഇറക്കുമതി തീരുവ തുടങ്ങിയ വിഷയങ്ങളിൽ മോദി സർക്കാർ കടുത്ത നിലപാട് തുടരുന്നതാണ് പ്രധാന കാരണം. ഇറക്കുമതി കുറച്ചാലേ ബജറ്റ് വിലയിൽ ഇലക്ട്രിക് കാറുകൾ ഇന്ത്യൻ വിപണിയിലെത്തിക്കാനാകൂവെന്നാണ് ടെസ്‌ല പറയുന്നത്. എന്നാൽ, കേന്ദ്രം ഇതുവരെ ഇതിനു വഴങ്ങിയിട്ടില്ല.
Still working through a lot of challenges with the government
— Elon Musk (@elonmusk) January 12, 2022
ചൈനീസ് നിർമിത കാറുകൾ ഇന്ത്യയിൽ വിൽക്കരുതെന്ന് കഴിഞ്ഞ ഒക്ടോബറിൽ കേന്ദ്രം ടെസ്‌ലയോട് ആവശ്യപ്പെട്ടിരുന്നു. കാറുകളിൽ ഇവിടത്തെ ഫാക്ടറികളിൽ നിർമിക്കണമെന്നും ഇവിടെനിന്ന് പുറത്തേക്ക് കയറ്റുമതി ചെയ്യണമെന്നും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.
സമ്മറി: Elon Musk Says Tesla Not In India Due To 'Challenges With The Government'