ട്വിറ്ററിൽ തൊഴിൽ പ്രതിസന്ധി രൂക്ഷം; പാപ്പർസ്യൂട്ട് ഫയൽ ചെയ്യേണ്ട സാഹചര്യമെന്ന് ഇലോണ്‍ മസ്ക്
ആഴ്ചയിൽ കുറഞ്ഞത് 40 മണിക്കൂറെങ്കിലും ജോലി ചെയ്യണമെന്നാണ് പുതിയ നിബന്ധന
സാന്‍ഫ്രാന്‍സിസ്കോ: ട്വിറ്ററിൽ തൊഴിൽ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. മുതിർന്ന ഉദ്യോഗസ്ഥരും ട്വിറ്ററിൽ നിന്ന് രാജിവെച്ചു. എക്‌സിക്യൂട്ടീവുകളായ - യോയൽ റോത്ത്, റോബിൻ വീലർ എന്നിവരാണ് രാജിവച്ചത്. സബ്സ്ക്രിപ്ഷൻ വഴി കൂടുതൽ പണം എത്തിയില്ലെങ്കിൽ പ്രശ്നം വർധിക്കുമെന്ന് ഇലോൺ മസ്ക് മുന്നറിയിപ്പ് നൽകി. പാപ്പർസ്യൂട്ട് ഫയൽ ചെയ്യേണ്ട സാഹചര്യമെന്നും മസ്ക് അറിയിച്ചു.
ആഴ്ചയിൽ കുറഞ്ഞത് 40 മണിക്കൂറെങ്കിലും ജോലി ചെയ്യണമെന്നാണ് പുതിയ നിബന്ധന. ആഗോള സമ്പദ് വ്യവസ്ഥ പ്രതിസന്ധിയിലായത് ട്വിറ്ററിന്‍റെ പരസ്യ വരുമാനത്തെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. വർക്ക് ഫ്രം ഹോം സംവിധാനം തുടർന്ന് ലാഭമുണ്ടാക്കാനാണ് കമ്പനിയുടെ തീരുമാനം.
വ്യാഴാഴ്ച ട്വിറ്ററിന്‍റെ ചീഫ് സെക്യൂരിറ്റി ഓഫീസർ ലിയ കിസ്‌നർ രാജിവച്ചിരുന്നു. ചീഫ് പ്രൈവസി ഓഫീസർ ഡാമിയൻ കീറൻ, ചീഫ് കംപ്ലയൻസ് ഓഫീസർ മരിയാനെ ഫോഗാർട്ടി എന്നിവരും രാജി സമര്‍പ്പിച്ചിരുന്നു. കൂട്ടരാജിയെ തുടര്‍ന്ന് ട്വിറ്ററിനെ 'അഗാധമായ ആശങ്കയോടെ' വീക്ഷിക്കുകയാണെന്ന് യു.എസ് ഫെഡറൽ ട്രേഡ് കമ്മീഷൻ പറഞ്ഞു. വ്യാഴാഴ്ച ഉച്ചയ്ക്ക് ട്വിറ്ററിലെ എല്ലാ ജീവനക്കാരുമായും നടത്തിയ ആദ്യ കൂടിക്കാഴ്ചയിൽ, അടുത്ത വർഷം കമ്പനിക്ക് കോടിക്കണക്കിന് ഡോളർ നഷ്ടമാകുമെന്ന് മസ്‌ക് മുന്നറിയിപ്പ് നൽകിയിരുന്നു.