'ഇതിനെത്രയാകും'; അഞ്ചുവർഷം മുമ്പേ മസ്‌ക് ട്വിറ്ററിന്റെ വിലചോദിച്ചു, വൈറലായി പഴയ ട്വീറ്റ്
അഞ്ചുവർഷത്തിനിപ്പുറം ഈ മാസം 16 ന് ഇലോൺ മസ്‌ക് ആ പഴയ ട്വീറ്റിന് കീഴിൽ തലകീഴായുള്ള സ്‌മൈലി ഇമോജി നൽകുകയും ചെയ്തു
കാലിഫോർണിയ: ലോകസമ്പന്നൻ ഇലോൺ മസ്‌ക് ട്വിറ്റർ സ്വന്തമാക്കിയ വാർത്തയാണ് സോഷ്യൽമീഡിയയിലെ ചൂടുപിടിച്ച ചർച്ച. 4400 കോടി ഡോളറിനാണ് (3.67 ലക്ഷം കോടി രൂപ) ഇലോൺ മസ്‌ക് ട്വിറ്ററുമായി കരാർ ഒപ്പുവെച്ചത്.ഓഹരി ഒന്നിന് 54.20 ഡോളർ എന്ന നിരക്കിൽ 44 ബില്യണിനാണ് കരാർ. ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരികൾ ഈ മാസം ആദ്യം മസ്‌ക് സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ അഞ്ചുവർഷം മുമ്പ് ട്വിറ്റർ വാങ്ങാനുള്ള താൽപര്യം പ്രകടിപ്പിക്കുന്ന ഇലോൺ മസ്‌കിന്റെ ട്വീറ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
മസ്‌കും ഡേവ് സ്മിത്ത് എന്ന വ്യക്തിയും തമ്മിൽ നടത്തിയ ട്വീറ്റിന്റെ സ്‌ക്രീൻഷോട്ടാണ് ഇപ്പോൾ പ്രചരിക്കുന്നത്. സ്‌ക്രീൻ ഷോർട്ട് ഡേവ് സ്മിത്ത് തന്നെയാണ് പങ്കുവെച്ചത്. 'ഈ കൈമാറ്റം എന്നെ വേട്ടയാടുകയാണ്' എന്ന് കുറിച്ചാണ് അദ്ദേഹം സ്‌ക്രീൻ ഷോട്ട് പങ്കുവെച്ചത്.
'ഐ ലവ് ട്വിറ്റർ' എന്ന് 2017 ഡിസംബർ 21 നാണ് ഇലോൺ മസ്‌ക് ട്വീറ്റ് ചെയ്തത്. 'അപ്പോൾ നിങ്ങളിത് വാങ്ങൂവെന്ന്' ഡേവ് സ്മിത്ത് മസ്‌കിന് മറുപടി നൽകി. അതിനോട് മസ്‌ക് തമാശയായി 'എത്രയാണിത്' എന്ന് ചോദിക്കുന്നുണ്ട്. ആ സംഭാഷണം അവിടെ അവസാനിച്ചിരുന്നു. എന്നാൽ അഞ്ചുവർഷത്തിനിപ്പുറം ഈ മാസം 16 ന് ഇലോൺ മസ്‌ക് ആ പഴയ ട്വീറ്റിന് കീഴിൽ തലകീഴായുള്ള സ്‌മൈലി ഇമോജി നൽകുകയും ചെയ്തു.
ട്വിറ്റർ വാങ്ങാനുള്ള മോഹം അന്നേ മസ്‌കിന്റെ മനസിലുണ്ടായിരുന്നെന്നാണ് ആളുകൾ അഭിപ്രായപ്പെടുന്നത്. അന്നയാൾ വില ചോദിച്ചു.ഇന്നത് സ്വന്തമാക്കിയെന്ന് ചിലർ അഭിപ്രായപ്പെട്ടു. 'മുമ്പില്ലാത്തവിധം മികച്ചതായി ട്വിറ്ററിനെ മാറ്റാനാണ് താൻ ആഗ്രഹിക്കുന്നത്. പുതിയ ഫീച്ചേഴ്സ് അവതരിപ്പിക്കാനും വിശ്വാസ്യത വർധിപ്പിക്കാനുള്ള മാറ്റങ്ങൾ വരുത്താൻ ശ്രമിക്കുമെന്നും' ഏറ്റെടുക്കലിന് ശേഷം മസ്‌ക് അറിയിച്ചു.
അടുത്തിടെയാണ് അദ്ദേഹം ട്വിറ്ററിൽ ഓഹരി പങ്കാളിയായത്. അഭിപ്രായ സ്വാതന്ത്ര്യമുള്ള യഥാർത്ഥ പ്ലാറ്റ്‌ഫോം ആയി മാറണമെങ്കിൽ ട്വിറ്റർ സ്വകാര്യ ഉടമസ്ഥതയിലുള്ളതാവണം എന്നാണ് മസ്‌കിന്റെ നിലപാട്. നിലവിൽ ടെസ്‌ല, സ്‌പേസ് എക്‌സ് കമ്പനികളുടെ സി.ഇ.ഒയാണ് ഇലോൺ മസ്‌ക്. ഫോബ്‌സ് പട്ടികയിൽ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് ഇലോൺ മസ്‌ക്. ഏതായാലും ഇലോൺ മസ്‌കിന്റെ വരവിനെചൊല്ലിയുള്ള ചർച്ചകൾ ട്വിറ്ററിൽ ചൂടുപിടിച്ചുകൊണ്ടിരിക്കുകയാണ്.