‘വസ്ത്രങ്ങളില്ലാതെ കൊടും തണുപ്പിൽ നിർത്തി’; കമാൽ അദ്‍വാൻ ആശുപത്രിയിലെ ഭീകരാനുഭവങ്ങൾ പങ്കുവച്ച് ജീവനക്കാർ
ആശുപത്രികൾ തകർക്കുന്ന ഇസ്രായേൽ പതിനായിരക്കണക്കിന് ഫലസ്തീനികളെ വധശിക്ഷയ്ക്ക് വിധേയമാക്കുകയാണെന്ന് ലോകാരോഗ്യ സംഘടന
ഗസ്സ സിറ്റി: വടക്കൻ ഗസ്സയിൽ പ്രവർത്തനക്ഷമമായിരുന്ന അവസാനത്തെ ആശുപത്രികളിൽ ഒന്നായ കമൽ അദ്‍വാനിൽ കഴിഞ്ഞദിവസം ഇസ്രായേൽ സൈന്യം നടത്തിയത് കൊടും ക്രൂരതകൾ. ഇസ്രായേലി സൈന്യം 12 മണിക്കൂറിലധികം തണുപ്പത്ത് നഗ്നരാക്കി നിർത്തിയെന്ന് ആശുപത്രിയിലെ നഴ്സ് ഇസ്മായീൽ അൽ ഖൗലത് അൽ ജസീറയോട് പറഞ്ഞു. മുറിവേറ്റ രോഗികളെ ഉൾപ്പെടെ സൈന്യം മർദിച്ചു. പരിശോധനക്കായി ശിരോവസ്ത്രം അഴിക്കാൻ വിസമ്മതിച്ച സ്ത്രീകളുടെ മുഖത്തടിച്ചു. ടോയ്ലെറ്റിൽ പോകാൻ അനുവദിച്ചില്ല. ഞങ്ങൾ അപമാനിക്കപ്പെട്ടു. ഞങ്ങൾ ക്ഷീണിതരാണെന്നും ഇസ്മാഈൽ അൽ ഖൗലത് പറഞ്ഞു.
ചോദ്യം ചെയ്യാനായി കൊണ്ടുപോകുന്ന സ്ഥലത്ത് എത്തുന്നത് വരെ തണുപ്പത്ത് രണ്ട് മണിക്കൂർ നടത്തിച്ചുവെന്ന് ആശുപത്രിയിൽ കഴിഞ്ഞ ഇസ്സത് റമദാൻ പറഞ്ഞു. ഞങ്ങളുടെ എല്ലാവരുടെയും ഫോട്ടോകൾ അവർ എടുത്തു. അവർ ഞങ്ങളുടെ നേരെ തുപ്പി. ഞങ്ങളെ അപമാനിച്ചു. ഞങ്ങളെ വിട്ടയക്കുന്നതിന് മുമ്പ് എല്ലാവരുടെയും നെഞ്ചിലും പിന്നിലും നമ്പർ രേഖപ്പെടുത്തിയെന്നും ഇസ്സത് റമദാൻ പറഞ്ഞു.
ഇസ്രായേലി സൈനികർ തങ്ങളെ കെട്ടിയിട്ട് കണ്ണ് മൂടിയതായി ആശുപത്രി ജീവനക്കാരി ഷൊറൂഖ് അൽ റൻതീസി പറഞ്ഞു. ആളുകൾ നിലവിളിക്കുന്നത് ഞങ്ങൾക്ക് കേൾക്കാമായിരുന്നു. പക്ഷെ, ആരെയാണ് മർദിക്കുന്നതെന്ന് മനസ്സിലായില്ല. അടികൊള്ളുന്ന സമയത്തിനായി താൻ കാത്തിരിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു.
ആശുപത്രിയിൽനിന്ന് നിർബന്ധിച്ച് ഒഴിപ്പിച്ചശേഷം എല്ലാവരെയും അൽ ഫരീഖ് സ്ക്വയറിലേക്കാണ് കൊണ്ടുപോയത്. അവിടെനിന്ന് പുരുഷൻമാരെയും സ്ത്രീകളെയും വേർതിരിച്ചു. ശിരോവസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ടെങ്കിൽ അതിന് വഴങ്ങിയില്ലെന്നും ജീവനക്കാർ വ്യക്തമാക്കി.
400ഓളം പേരെയാണ് ആശുപത്രിയിൽനിന്ന് പിടികൂടിയത്. തോക്കുകൾ കൊണ്ട് അടിക്കുകയും തണുപ്പത്ത് മണിക്കൂറുകൾ നിർത്തിയതായും ഇവർ പറഞ്ഞു. ഇതിൽ പരിക്കേറ്റവരും പ്രായമായവരുമുണ്ട്. ബോംബാക്രമണത്തെ തുടർന്നുണ്ടായ തീ രോഗികൾ കഴിഞ്ഞിരുന്ന വാർഡിലേക്കും ഓപറേഷൻ റൂമിലേക്കും ലബോറട്ടറിയിലേക്കുമെല്ലാം പടർന്നു. നിരവധി ജീവനക്കാരാണ് പൊള്ളലേറ്റ് മരിച്ചതെന്നും ഇവർ പറയുന്നു. ലോകം രോഗികളെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന നഴ്സിന്റെ അവസാന സന്ദേശം ഇന്നലെ പുറത്തുവന്നിരുന്നു
കമാൽ അദ്‍വാൻ ആശുപത്രിയിൽനിന്ന് വടക്കൻ ഗസ്സയിലെ ഇന്തോനേഷ്യൻ ആശുപത്രിയിലേക്കാണ് രോഗികളെ നിർബന്ധിച്ച് മാറ്റിയത്. ഇവരുടെ അവസ്ഥ വളരെ ദയനീയമാണെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിർബന്ധിച്ച് ഒഴിപ്പിച്ചശേഷം ആശുപത്രി പൂർണമായും തകർത്തെന്നും അധികൃതർ പറഞ്ഞു. ഇന്തോനേഷ്യൻ ആശുപത്രിയിൽ കഴിയുന്നവരുടെ പരിചരണത്തിനായി എല്ലാവരും പരിഹാരം കണ്ടെത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
ഇസ്രായേൽ ക്രൂരതയ്ക്കെതിരെ ലോകവ്യാപക പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്. ഇസ്രായേൽ ഭീകരത അവസാനിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. ആശുപത്രികൾ തകർക്കുന്ന ഇസ്രായേൽ പതിനായിരക്കണക്കിന് ഫലസ്തീനികളെ വധശിക്ഷയ്ക്ക് വിധേയമാക്കുകയാണെന്ന് പ്രസ്താവനയിൽ പറഞ്ഞു.
വടക്കൻ ഗസ്സയെ പൂർണമായും പിടിച്ചെടുക്കാനുള്ള ഇസ്രായേൽ നടപടിയുടെ ഭാഗമായാണ് കമാൽ അദ്‍വാൻ ആശുപത്രി കത്തിച്ചത്. ഇവിടെനിന്നും വാർത്ത റിപ്പോർട്ട് ചെയ്യുകയായിരുന്ന അൽ ജസീറയുടെ ലേഖകൻ മുഹമ്മദ് ശരീഫിനെയും ഇസ്രായേൽ കസ്റ്റഡിയിലെടുത്തു.
ഹമാസിന്റെ കേന്ദ്രമായതിനാലാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ വാദം. എന്നാൽ, ഈ ആരോപണം ഹമാസ് ശക്തമായി നിഷേധിച്ചു. ഗസ്സയുടെ മറ്റുഭാഗങ്ങളിലും ഇസ്രായേൽ വ്യോമാക്രമണം തുടരുകയാണ്.
ഇതുവരെ 45,400ഓളം പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. ഇതിൽ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണ്. ഭക്ഷണം, വെള്ളം, മരുന്ന് എന്നിവയടക്കം അടിസ്ഥാന സൗകര്യങ്ങളില്ലാതെ 20 ലക്ഷത്തോളം ജനം കൊടും ദുരിതത്തിലൂടെയാണ് കടന്നുപോകുന്നത്. ഇത് കൂടാതെ അതിശൈത്യവും ഇവരുടെ ജീവിതം ദുസ്സഹമാക്കുന്നു.